വിവരാവകാശനിയമത്തിന്റെ പരിധിയില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വരുമെന്ന് സുപ്രധാന വിധി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. ഡല്‍ഹി ഹൈക്കോടതി വിധി സുപ്രീംകോടതി ഭരണഘടനാബഞ്ച് ശരിവച്ചു. പൊതുതാല്‍പര്യം സംരക്ഷിക്കാന്‍ സുതാര്യത അനിവാര്യമാണെന്ന്‌ കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപക് ഗുപ്ത, എന്‍.വി. രമണ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരായിരുന്ന ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. ഭരണഘടനാ ബെഞ്ചില്‍നിന്ന് ഭൂരിപക്ഷ വിധിയാണ് ഉണ്ടായത്. എന്നാൽ  ജസ്റ്റിസുമാരായ ചന്ദ്രചൂഡും രമണയുമാണ് വിയോജിപ്പ് പ്രകടിപ്പിച്ചു.ചീഫ് ജസ്റ്റിസിന്റെ ഓഫീസില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ചറിയാന്‍ പൊതുജനങ്ങള്‍ക്കും അവകാശമുണ്ട്. അതിന് താല്‍പര്യവുമുണ്ട്. അതിനാല്‍ തന്നെ ചീഫ് ജസ്റ്റിസിന്റെ ഓഫീസ് 2005ലെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കി. സുതാര്യതയുടെ പേരില്‍ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഹനിക്കരുത്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും  ഉത്തരവാദിത്തവും ഒന്നിച്ചുപോകണം– വിധി പറയുന്നു.  2009 നവംബര്‍ 24നാണ് സുപ്രീംകോടതിക്കും ചീഫ്ജസ്റ്റിസിന്‍റെ ഓഫീസിനും വിവരാവകാശ നിയമം ബാധകമാണെന്ന്  ഡല്‍ഹി ഹൈക്കോടതിയുടെ ഫുള്‍ബെഞ്ച് വിധിച്ചത്. സുപ്രീംകോടതിയും ചീഫ്ജസ്റ്റസിന്‍റെ ഓഫീസും  പൊതുസ്ഥാപനങ്ങളാണ്. അതിനാല്‍ ഭരണപരമായ കാര്യങ്ങളെക്കുറിച്ച് പൗരന്മാര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍  നല്‍കേണ്ടത് നിയമപരമായ ഉത്തരവാദിത്തമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സുപ്രീംകോടതി ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ തേടി സുഭാഷ് ചന്ദ്ര അഗര്‍വാള്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയതോടെയാണ്  ഇതുസംബന്ധിച്ച തര്‍ക്കങ്ങള്‍ ഉടലെടുക്കുന്നത്. സുഭാഷ് ചന്ദ്ര അഗര്‍വാള്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ സുപ്രീംകോടതി  ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയെങ്കിലും അത് നടപ്പായില്ല. തുടര്‍ന്ന് വിഷയം കോടതി കയറുകയായിരുന്നു.

మరింత సమాచారం తెలుసుకోండి: