അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയെച്ചൊല്ലി എല്‍.ഡി.എഫില്‍ ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നതിനിടെ, പദ്ധതിക്ക്‌ എന്‍.ഒ.സി. നല്‍കുന്നതിനുള്ള ഫയലില്‍ ഒപ്പുവച്ചത്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയെന്നു വ്യക്‌തമായി.

 

 

"അതിരപ്പിള്ളി പദ്ധതിയുടെ അനുമതി നിലനിര്‍ത്തിയാല്‍ മാത്രമേ പദ്ധതി നഷ്‌ടപ്പെടാതിരിക്കൂ, അതിനാല്‍ പദ്ധതിക്ക്‌ അനുമതി ദീര്‍ഘിപ്പിക്കുന്നതിന്‌ എന്‍.ഒ.സി. നല്‍കണമെന്ന്‌ അഭ്യര്‍ഥിക്കുന്നു.

മുഖ്യമന്ത്രി കണ്ടാലും" എന്ന കുറിപ്പോടെ മന്ത്രി എം.എം. മണി അയച്ച ഫയലില്‍ ഏപ്രില്‍ 18 നാണു മുഖ്യമന്ത്രി ഒപ്പുവച്ചത്‌.അതിരപ്പിള്ളി സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിച്ച പദ്ധതി തന്നെയാണെന്നും എന്നാല്‍, പ്രതിഷേധം ഉണ്ടായതിനെത്തുടര്‍ന്നു മാറ്റിവച്ചതാണെന്നും ആ നില തന്നെയാണ്‌ ഇപ്പോഴുമെന്നും മുഖ്യമന്ത്രി ഇന്നലെ അഭിപ്രായപ്പെട്ടു. 

 

 

എന്‍.ഒ.സി പുറത്തിറക്കിയത്‌ ആരും അറിയേണ്ട കാര്യമില്ല. ബന്ധപ്പെട്ട വകുപ്പ്‌ അറിയണം എന്നേയൊള്ളൂ. എന്‍.ഒ.സി. സാധാരണ നിലയ്‌ക്കുള്ള നടപടിയാണ്‌.

അതുകൊണ്ട്‌ എല്‍.ഡി.എഫ്‌ യോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ടതില്ല. പദ്ധതി നഷ്‌ടപ്പെടാതിരിക്കാന്‍ അനുമതി നിലനിര്‍ത്തുന്നതിനാണ്‌ എന്‍.ഒ.സിയെന്നു മന്ത്രി വിശദീകരിച്ചിട്ടുണ്ട്‌. അവിടെ തീരേണ്ടതാണ്‌ ആ പ്രശ്‌നം. സി.പി.ഐയ്‌ക്കുള്ള മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

 

അതിനിടെ, വിഷയത്തില്‍ നിലപാട്‌ കടുപ്പിച്ച്‌ സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തി. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അജന്‍ഡയിലോ പ്രകടന പത്രികയിലോ ഇല്ലാത്ത വിഷയമാണ്‌ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെന്നു കാനം പറഞ്ഞു. ആഗ്രഹങ്ങള്‍ക്ക്‌ കടിഞ്ഞാണില്ലല്ലോ, അതുകൊണ്ട്‌ എന്തും ആഗ്രഹിച്ച്‌ മുന്നോട്ട്‌ പോകാം.

 

പക്ഷേ ജനങ്ങളുടെ എതിര്‍പ്പ്‌ വരുത്തിവച്ചുകൊണ്ട്‌ ഒരു പദ്ധതിയുമായി എല്‍.ഡി.എഫ്‌ മുന്നോട്ട്‌ പോകില്ല. അതിരപ്പിള്ളി നടപ്പാക്കുമെന്ന്‌ സംസ്‌ഥാന സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്കു മുന്നില്‍ വൈദ്യുതി ബോര്‍ഡ്‌ നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്‌ക്കാറുണ്ട്‌.

 

അതുപോലെയുള്ള ഒരു സ്വാഭാവിക തുടര്‍ച്ച മാത്രമാണ്‌ എന്‍.ഒ.സി. നല്‍കലിലും ഉണ്ടായത്‌. കാനം പറഞ്ഞു. അതിരപ്പിള്ളി പദ്ധതി വേണമെന്നാണു തന്റെ നിലപാടെന്നു കെ. മുരളീധരന്‍ എം.പി. വ്യക്തമാക്കി. 

 

പദ്ധതിക്കെതിരേ യു.ഡി.എഫ്‌. രംഗത്തു വന്നതിനു പിന്നാലെയാണു മുരളീധരന്റെ പ്രതികരണം. ഈ മാസം നാലിന്‌ ഇറക്കിയ ഉത്തരവിലൂടെ ഊര്‍ജ വകുപ്പാണ്‌ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കെ.എസ്‌.ഇ.ബിക്ക്‌ അനുമതി നല്‍കിയത്‌.

 

ഏഴു വര്‍ഷത്തേക്കാണ്‌ എന്‍.ഒ.സി. പദ്ധതിയുടെ സാമ്പത്തിക സാങ്കേതിക അനുമതിക്കായി കേന്ദ്ര വൈദ്യുത അതോറിറ്റിയെ സമീപിക്കേണ്ടതുണ്ടെന്ന്‌ കാണിച്ച്‌ കെ.എസ്‌.ഇ.ബി. ചെയര്‍മാന്‍ ഊര്‍ജവകുപ്പിന്‌ കത്തയച്ചത്‌ ജൂണ്‍ ഒന്നിനാണ്‌. ജൂണ്‍ നാലിന്‌ തന്നെ എന്‍.ഒ.സി. നല്‍കി ഊര്‍ജവകുപ്പ്‌ ഉത്തരവിറക്കി.

 

അനുമതികള്‍ റദ്ദായ ജല വൈദ്യുതി പദ്ധതികള്‍ പുനപരിശോധിക്കാന്‍ കേന്ദ്ര വൈദ്യുതി റഗുലേറ്ററി അതോറിറ്റി 2019 ല്‍ തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായി അതിരപ്പള്ളി പദ്ധതി  സമര്‍പ്പിക്കാന്‍ കെ.എസ്‌.ഇ.ബി തീരുമാനിക്കുകയായിരുന്നു.

 

163 മെഗാവാട്ട്‌ ശേഷിയുള്ള പദ്ധതി ചാലക്കുടി പുഴയിലാണ്‌ നടപ്പാക്കുക. ഏഴു വര്‍ഷം കൊണ്ട്‌ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ്‌ കെ.എസ്‌.ഇ.ബിയുടെ കണക്ക്‌ കൂട്ടല്‍. ഇടത്‌ മുന്നണി അറിയാതെ രണ്ട്‌ മാസം മുമ്പ്‌ തന്നെ ഈ ഫയല്‍ നീക്കാന്‍ തുടങ്ങിയിരുന്നുവെന്നാണ്‌ വ്യക്‌തമാകുന്നത്‌. 

మరింత సమాచారం తెలుసుకోండి: