തിരിച്ചെത്തുന്ന  പ്രവാസികൾക്ക് കോവിഡില്ലാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്ന സംസ്ഥാനസർക്കാർ നടപടി ക്രൂരമാണെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ വിമർശനത്തിന് മറുപടിയുമായി     മുഖ്യമന്ത്രി പിണറായി വിജയൻ.

 

പരിശോധന നടത്തണമെന്ന ആവശ്യത്തെ മറ്റു തരത്തിൽ വ്യാഖ്യാനിച്ച് സർക്കാർ പ്രവാസികൾക്കെതിരാണെന്നു പ്രചരിപ്പിക്കാനുള്ള        ദുരുപദിഷ്ടമായ നീക്കമാണു നടക്കുന്നത്.

 

ദൗർഭാഗ്യവശാൽ അതിൽ ഒരു കേന്ദ്ര സഹമന്ത്രി കൂടെ ഭാഗഭാക്കായിരിക്കുന്നു. കോവിഡ് ബാധിച്ചവരെ പ്രവേശിപ്പിക്കില്ലെന്നു പറഞ്ഞിട്ടില്ല -മുഖ്യമന്ത്രി പറഞ്ഞു. ഇതേ കേന്ദ്രമന്ത്രി നേരത്തേ പറഞ്ഞ കാര്യം ഓർക്കേണ്ടതുണ്ട്.

 

‘‘രോഗമുള്ളവരും ഇല്ലാത്തവരും         ഒരേ വിമാനത്തിൽ യാത്രചെയ്താൽ രോഗം പകരാം. അതത് രാജ്യങ്ങളിൽത്തന്നെ പരിശോധിച്ച് രോഗമില്ലാത്തവരെ കൊണ്ടുവരുകയും രോഗമുള്ളവരെ അവിടെത്തന്നെ ചികിത്സിക്കുകയുമാണ് പ്രായോഗികം.’’ ഇതാണ് മാർച്ച് 11-ന് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടത്. 

 

എല്ലാ ആളുകളെയും പരിശോധനയ്ക്കു വിധേയമാക്കി മാത്രമേ വിമാനത്തിൽ       കയറ്റൂവെന്നു പറഞ്ഞത് മേയ് അഞ്ചിനാണ്. ഇതുപറഞ്ഞ ആൾതന്നെയാണ് കേരളം ടെസ്റ്റ് ആവശ്യപ്പെടുന്നത് മഹാപാതകമെന്നു പറഞ്ഞുനടക്കുന്നത്.

 

ഇങ്ങനെ നിലപാട് മാറ്റാൻ എന്ത് അദ്ഭുതമാണ് സംഭവിച്ചതെന്ന് അദ്ദേഹംതന്നെ വ്യക്തമാക്കട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ നിലപാട് ഇതാണെങ്കിൽ വന്ദേഭാരത് ദൗത്യത്തിൽ വിമാനം       കൊണ്ടുവരാൻ പ്രയാസമാകുമെന്ന് മുരളീധരൻ പറഞ്ഞിട്ടുണ്ടല്ലോയെന്ന ചോദ്യത്തിന്, അദ്ദേഹത്തിന്        എന്തോ കാര്യം മനസ്സിലാകാത്ത സ്ഥിതിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

 

പരിശോധന വേണമെന്ന് നേരത്തേ സംസ്ഥാനം ആവശ്യപ്പെടുന്നതാണ്. എന്നിട്ട്, ഇപ്പോഴും വിമാനം വരുന്നുണ്ടല്ലോയെന്നും മുഖ്യമന്ത്രി മറുപടി നൽകി. പ്രവാസികളെ സംസ്ഥാനം പരിഗണിക്കുന്നില്ലെന്നും അവർക്കായി ഒരുക്കിയത്              മികച്ച സൗകര്യങ്ങളല്ലെന്നുമായിരുന്നു നേരത്തേയുള്ള പ്രചാരണം.

 

 

ജനങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥയും ഭയവും സൃഷ്ടിക്കാനുള്ള നീക്കങ്ങളാണുണ്ടായത്. ദുരന്തത്തിനിടയിൽ ജനങ്ങളുടെ ആരോഗ്യംെവച്ച് രാഷ്ട്രീയം കളിക്കാൻ മുതിരരുത്.

 

മറ്റു സംസ്ഥാനങ്ങളിൽനിന്ന് ആളുകൾ വരുന്ന സമയത്ത് നമ്മുടെ സുരക്ഷയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള ചില ശ്രമങ്ങളുണ്ടായതും ഈ ഘട്ടത്തിൽ പ്രത്യേകം ഓർമിപ്പിക്കേണ്ടതില്ലല്ലോയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

 

 

మరింత సమాచారం తెలుసుకోండి: