നിർഭയ കേസിൽ വീണ്ടും പുതിയ ട്വിസ്റ്റ്.  നിര്‍ഭയ കേസ് പ്രതികളെ മാര്‍ച്ച് 20 ന് പുലര്‍ച്ചെ 5.30 യ്ക്ക് തൂക്കിലേറ്റുന്നതിനു ഏതാനും മണിക്കൂറുകള്‍ക്കു മുമ്പാണ് അക്ഷയ് സിങിന്റെ ഭാര്യ പുനീത വിവാഹ മോചനത്തിന് അപേക്ഷ നല്‍കിയിരിക്കുന്നത്. ഔറംഗാബാദിലെ കുടുംബ കോടതിയിലാണ് വിവാഹമോചനത്തിന് പുനീത സമീപിച്ചിരിക്കുന്നത്.

 

   2012 ഡിസംബര്‍ 16 ലെ ഡല്‍ഹി കൂട്ടബലാത്സംഗ കേസുമായി ബന്ധപ്പെട്ട തന്റെ ഭര്‍ത്താവിനെ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുകയാണ്. ഭര്‍ത്താവിന്റെ നിരപരാധിത്വം തനിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെങ്കിലും അക്ഷയ് സിങിന്റെ വിധവയായി ജീവിതകാലം മുഴുവന്‍ ജീവിക്കാന്‍ തനിക്ക് താത്പര്യമില്ല, അക്ഷയ് സിങിന്റെ ഭാര്യ പുനീത സമര്‍പ്പിച്ച വിവാഹമോചന അപേക്ഷയില്‍ പറയുന്നു. പ്രായപൂര്‍ത്തിയാകാത്തയാള്‍ ഉള്‍പ്പെടെ ആറ് പേര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചത്. പ്രതികളിലൊരാളായ മുകേഷ് സിങിന്റെ സഹോദരന്‍ തീഹാര്‍ ജയിലില്‍ വെച്ച് ആത്മഹത്യ ചെയ്തിരുന്നു.

 

   മൂന്ന് വര്‍ഷത്തെ തിരുത്തല്‍ തടങ്കലില്‍ ശിക്ഷിക്കപ്പെട്ടതിനു ശേഷം 2015 ല്‍ പ്രായപൂര്‍ത്തിയാകാത്തയാളെ വിട്ടയച്ചു.2012 ഡിസംബര്‍ 16 നാണ് ദക്ഷിണ ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ വച്ച് 23 കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിയെ (നിര്‍ഭയ) അതിക്രൂരമായി ആറ് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. ഡിസംബര്‍ 29 നാണ് നിര്‍ഭയ സിംഗപ്പൂരില്‍ ചികിത്സയിലിരിക്കെ മരിച്ചത്.ബിഹാറിലെ ഔറംഗബാദ് ജില്ലയിലെ ലഹങ്ക്- കര്‍മ്മ സ്വദേശിയാണ് അക്ഷയ് സിങ് താക്കൂര്‍.

 

   കുറച്ച് നാള്‍ മുമ്പ്, പ്രതികളുടെ കുടുംബാംഗങ്ങളില്‍ ചിലര്‍ പ്രസിഡന്റിന് ദയാവധത്തിന് അനുമതി തേടിയിരുന്നു. പ്രതികളുടെ ദയാഹര്‍ജികളും മറ്റു ഹര്‍ജികളും സുപ്രീം കോടതിയും രാഷ്ട്രപതി രാം നാഥ് കോവിന്ദും തള്ളിയിരുന്നു. അവസാനശ്രമമായി പ്രതികള്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചിട്ടുണ്ട്.

 

 

   മുന്‍ അഭിഭാഷകന്‍ തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് തന്റെ എല്ലാ നിയമസാധുതകളും പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുകേഷ് സിങ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. മൂന്ന് തവണ മരണ വാറണ്ട് പുറപ്പെടുവിച്ചതിനു ശേഷമാണ് മാര്‍ച്ച് 20 ന് പ്രതികള്‍ക്ക് വധശിക്ഷയ്ക്ക് ഉത്തരവിട്ടത്.

 

 

    ബലാത്സംഗം പോലുള്ള ഗുരുതരമായ കുറ്റകൃത്യത്തില്‍ ശിക്ഷ അനുഭവിക്കുന്നയാളില്‍ നിന്നും വിവാഹമോചനം ലഭിക്കാന്‍ ഹിന്ദു മാര്യേജ് ആക്ട് 13(2) പ്രകാരം നിയമമുണ്ടെന്ന് പുനീതയുടെ അഭിഭാഷകനായ എം കെ സിങ് പറഞ്ഞു.

మరింత సమాచారం తెలుసుకోండి: