ആദ്യ ആർത്തവത്തിൽ ഒരമ്മ മകൾക്കു എന്തെല്ലാമാണ് പറഞ്ഞു കൊടുക്കേണ്ടത്. ഒട്ടുമിക്ക പെൺകുട്ടിയുടെയും ജീവിതത്തിൽ ആർത്തവം ഏതാണ്ട് 12-13 വയസ്സിൽ ആരംഭിക്കുന്നു. എന്നാൽ ചിലരിൽ 8 വയസ്സ് പ്രായമുള്ളപ്പോൾ തുടങ്ങി ആർത്തവം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ പറയുന്നു.

 

  ഈ ചെറിയ പ്രായത്തിൽ നമ്മുടെ കുട്ടികൾക്ക് ഇതിനെപ്പറ്റി യാതൊരു ധാരണയും ഉണ്ടാകാൻ സാധ്യതയില്ലാത്തതിനാൽ ഈ വിഷയം അവരുമായി നേരത്തെ തന്നെ ചർച്ച ചെയ്യേണ്ടതും അവരെ അതിനായി ഒരുക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

 

  തങ്ങളുടെ കുട്ടിയുടെ ആദ്യ ആർത്തവത്തെ ധൈര്യപൂർവ്വം നേരിടുന്നതിന് അവരെ തയ്യാറെടുപ്പിക്കാനായി നിങ്ങൾക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് കണ്ടെത്താം.ആർത്തവത്തെ കുറിച്ചുള്ള കാര്യങ്ങൾ വിശദീകരിക്കുക എന്നത് അമ്മമാരെ സംബന്ധിച്ചിടത്തോളം അവതരിപ്പിക്കാൻ ഏറ്റവും വിഷമകരമായ ഒരു വിഷയമാണ്.

 

  ആർത്തവത്തെ കുറിച്ചുള്ള വസ്തുതകളും നിർദ്ധേശങ്ങളുമെല്ലാം ഒറ്റയടിക്ക് അവരെ പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ട ഒന്നല്ല. പകരം, സംഭാഷണങ്ങളുടെ ഒരു പരമ്പര ആസൂത്രണം ചെയ്യുക. നിങ്ങളുടെ കുട്ടി ആർത്തവത്തെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുമ്പോഴും സംശയങ്ങളും ഉന്നയിക്കുമ്പോഴും യാതൊരു മടിയും കൂടാതെ അവയ്ക്ക് പരസ്യമായും സത്യസന്ധമായും ഉത്തരം നൽകുക. ഇക്കാര്യങ്ങൾ തിരിച്ചറിയേണ്ട പ്രായമായിട്ടും കുട്ടി നിങ്ങളോട് ഇതേപ്പറ്റി ചോദ്യങ്ങൾ ചോദിക്കാൻ മുതിരുന്നില്ലെങ്കിൽ, ആർത്തവത്തെക്കുറിച്ചുള്ള കാര്യങ്ങളെപ്പറ്റി സംസാരിച്ചു തുടങ്ങേണ്ടത് നിങ്ങളാണ്.

 

  ആർത്തവത്തെക്കുറിച്ച് ആശങ്ക തോന്നുന്നത് സാധാരണമാണെന്നും അതിൽ പേടിക്കേണ്ട കാര്യമൊന്നുമില്ലെന്നും കുട്ടിയെ ഓർമിപ്പിക്കുക. ധൈര്യപൂർവ്വമായും സന്തോഷം നിറഞ്ഞ ഒരു മനസ്സോടെയും ഓരോ ആർത്തവത്തെയും വരവേൽക്കാൻ നിങ്ങളുടെ കുട്ടിയെ പരിശീലിപ്പിക്കുക. നിങ്ങളുടെ പെൺകുട്ടി ആർത്തവത്തെക്കുറിച്ചുള്ള എല്ലാ വസ്തുതകളും ഇത് ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളെക്കുറുച്ചും പൂർണ്ണമായി അറിയേണ്ടതുണ്ട്.

 

  സുഹൃത്തുക്കൾ ഒരുപക്ഷേ അവർക്ക് തെറ്റായതും പേടിപ്പെടുത്തുന്നതുമായ ധാരണകൾ നൽകിയേക്കാം. നിങ്ങളുടെ കുട്ടിയുമായി ഇക്കാര്യങ്ങൾ തുറന്ന് സംസാരിക്കുന്നത് ആർത്തവവുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള അടിസ്ഥാനരഹിതമായ ഭയങ്ങളും ഉത്കണ്ഠയുമെല്ലാം ഇല്ലാതാക്കാൻ സഹായിക്കും. അതുപോലെ തന്നെ നിങ്ങളുടെ ഇത്തരം ചർച്ചകൾ കുട്ടിയുടെ പ്രതിച്ഛായയെ ക്രിയാത്മകമായി സ്വാധീനിക്കുകയും നിങ്ങളോടുള്ള മാനസിക അടുപ്പം വർദ്ധിപ്പിക്കുകയും ചെയ്യും.

 

  ഇപ്പോൾ നിങ്ങൾ കുട്ടിയുമായി നടത്തുന്ന ഇത്തരം സംഭാഷണങ്ങൾ ഭാവിയിൽ ദാമ്പത്യത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമുള്ള സംഭാഷണങ്ങൾക്ക് അടിസ്ഥാനമിടുകയും ചെയ്യുന്നു. ആർത്തവം എന്താണെന്നും അതിൻ്റെ ജീവശാസ്ത്രം എങ്ങനെയാണെന്നും ഓരോ പെൺകുട്ടിയും അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. മിക്ക കുട്ടികളും ഇതുമായി ബന്ധപ്പെട്ട പ്രായോഗിക വിവരങ്ങൾ കൂടുതലറിയാൽ താല്പര്യം കാണിക്കുന്നു.

 

  അത് എപ്പോൾ സംഭവിക്കും, അത് എങ്ങനെയായിരിക്കും, ആ സമയം വരുമ്പോൾ എന്തുചെയ്യണം എന്നുള്ളതായിരിക്കും അവരുടെ ചോദ്യങ്ങൾ. ഗര്‍ഭധാരണം എന്നത് ഒരു സ്ത്രീയുടെ ജീവിതത്തില്‍ കുറച്ച് തവണ മാത്രം സംഭവിക്കുന്ന ഒരു കാര്യമാണെങ്കിൽ പോലും അതിനുള്ള തയ്യാറെടുപ്പ് അവളുടെ ശരീരത്തിൽ ഓരോ മാസവും നടക്കുന്നുണ്ട്. ഒരു സ്ത്രീ ഗർഭം ധരിക്കുന്നതിനായി അവളുടെ ശരീരത്തിൽ അണ്ഡം ആവശ്യമാണ്.

 

  ഒരു പെണ്‍കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ അവളുടെ ജീവിതകാലത്തേയ്ക്ക് മുഴുവന്‍ ആവശ്യമായ അണ്ഡങ്ങളും പാതി പാകമായ അവസ്ഥയില്‍ ആ കുഞ്ഞിൻ്റെ അണ്ഡാശയത്തില്‍ ഉണ്ടായിരിക്കും. പെണ്‍കുട്ടി ഋതുമതിയാകുന്നതോടെ, ആ അണ്ഡങ്ങളില്‍ ചിലത് പൂര്‍ണ്ണ വളര്‍ച്ച പ്രാപിച്ചുകൊണ്ട് എല്ലാ മാസവും അണ്ഡാശയത്തില്‍ നിന്നും പുറത്തു കടക്കുന്നു.ഇങ്ങനെ പുറത്തുവരുന്ന അണ്ഡം, ഒരു ആണ്‍ ബീജവുമായി ചേർന്ന്, ഗര്‍ഭാശഭിത്തിയിൽ ഉറച്ച്‌ വളര്‍ന്ന് ഭ്രൂണമായിത്തീരുന്നു.

 

  അണ്ഡം വളര്‍ച്ച പ്രാപിക്കുന്നതോടൊപ്പം, ഭ്രൂണത്തെ സ്വീകരിക്കാനായി ഗര്‍ഭാശയവും ഓരോ മാസവും തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആർത്തവ ദിനങ്ങളുടെ ആദ്യ പകുതിയിൽ, ഒരു പെൺകുട്ടിയുടെ ശരീരം ഈസ്ട്രജൻ എന്ന ഹോർമോണുകളെ ഉയർന്ന അളവിൽ പുറപ്പെടുവിക്കുകയും ഇത് അവളുടെ ഗർഭാശയ പാളികളെ കട്ടിയുള്ളതാക്കി മാറ്റുകയും ചെയ്യുന്നു.

 

  എന്നാല്‍ ഗര്‍ഭധാരണം ഒരു സ്ത്രീയുടെ ശരീരത്തിൽ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഒന്നായതിനാൽ ബീജസങ്കലനം നടന്ന് ഗര്‍ഭധാരണം സംഭവിക്കാത്ത പക്ഷം ഇപ്രകാരം വളര്‍ന്നു കട്ടിവെച്ച ഗര്‍ഭാശയത്തിന്റെ പാളികൾ അടര്‍ന്ന് രക്തത്തോടൊപ്പം യോനിയിലൂടെ പുറത്തേക്ക് പോകുന്നു. ഇതാണ് ആര്‍ത്തവം.

మరింత సమాచారం తెలుసుకోండి: