മേക്കിംഗ് വീഡിയോയുമായി മോഹൻലാലും ലിജോയും; എന്തായിരിക്കും ആ പേര്? ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്ഡേറ്റുകളും നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. എന്തായിരിക്കും സിനിമയുടെ പേര്, കഥയെന്തായിരിക്കും, മോഹൻലാലിനൊപ്പം മറ്റു താരങ്ങളാരൊക്കെയായിരിക്കും, മോഹൻലാലിന്റെ ലുക്ക് എങ്ങനെയായിരിക്കും തുടങ്ങി ഒട്ടേറെ ചോദ്യങ്ങളും സംശയങ്ങളുമാണ് സിനിമ പ്രേക്ഷകർക്കിടയിലുള്ളത്. ഇപ്പോഴിത ചിത്രത്തെ സംബന്ധിക്കുന്ന മറ്റൊരു വലിയ അപ്ഡേഷനുമായി എത്തിയിരിക്കുകയാണ് മോഹൻലാലും ലിജോ ജോസ് പെല്ലിശേരിയും. പ്രഖ്യാപനം മുതൽ മലയാള സിനിമ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശേരി - മോഹൻലാൽ കൂട്ടുകെട്ടിലെത്തുന്ന ചിത്രത്തിനായി.
ഡിജിറ്റൽവത്കരണത്തിന് മുൻപ് സിനിമയുടെ പേര്, പ്രൊഡക്ഷൻ കമ്പനികളുടെ പേരും ലോഗോയും ഈയമൊരുക്കിയും അച്ച് നിരത്തിയും തുന്നിച്ചേർത്തും രൂപകല്പന ചെയ്തിരുന്ന ഒരു കാലത്തിലേക്കുള്ള തിരിച്ചു പോക്കാണ് പുറത്തു വന്നിരിക്കുന്ന പുതിയ വീഡിയോ.ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം നാളെ വൈകുന്നേരം അഞ്ച് മണിക്ക് പുറത്തുവിടുമെന്നാണ് വീഡിയോയിൽ പറയുന്നത്. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പങ്കുവച്ചു കൊണ്ടാണ് അണിയറപ്രവർത്തകർ വിവരം പങ്കുവച്ചിരിക്കുന്നത്.മുൻപ് മലൈകോട്ട വാലിബൻ എന്ന പേരിൽ ലിജോ സിനിമ ചെയ്യുന്നതിനേക്കുറിച്ച് വാർത്തകൾ വന്നിരുന്നു.
പുറത്തുവന്നിരിക്കുന്ന വീഡിയോയിൽ സൂചിപ്പിക്കുന്നതും ഈ പേര് തന്നെയായിരിക്കുമെന്നാണ് ഭൂരിഭാഗം പ്രേക്ഷകർ പറയുന്നതും. ഒടിയൻ 2, വാലിബൻ, ഭീമൻ, വീരപ്പൻ തുടങ്ങിയ പേരുകളും ആരാധകർ പറയുന്നുണ്ട്. ജോൺ ആൻഡ് മേരി ക്രിയേറ്റീവിന്റെ ബാനറിൽ ഷിബു ബേബി ജോൺ ആണ് ചിത്രം നിർമ്മിക്കുന്നത്.കഴിഞ്ഞ ദിവസം ഇതൊരു വമ്പൻ ചിത്രമായിരിക്കുമെന്ന് നടൻ പൃഥ്വിരാജും പറഞ്ഞിരുന്നു. അടുത്തമാസം 10 ന് സിനിമയുടെ ചിത്രീകരണം തുടങ്ങും. അടുത്തിടെ ഐഎഫ്എഫ്കെ വേദിയിൽ വച്ച് ഇക്കാര്യം ലിജോ അറിയിച്ചിരുന്നു.
മമ്മൂട്ടിയെ നായകനാക്കി നൻപകൽ നേരത്ത് മയക്കം എന്ന ചിത്രമാണ് ലിജോ ഒടുവിൽ ഒരുക്കിയത്. ഐഎഫ്എഫ്കെ വേദിയിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു.കഴിഞ്ഞ മൂന്ന് മണിക്കൂറിനുള്ളിൽ ചിത്രത്തിന്റെ ടൈറ്റിലുമായി ബന്ധപ്പെട്ട ഏഴോളം ചിത്രങ്ങൾ മോഹൻലാൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഗുസ്തിക്കാരന്റേ വേഷത്തിലാകും ചിത്രത്തിൽ മോഹൻലാലെത്തുക എന്നും അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്.
Find out more: