തിരുവനന്തപുരം∙ യൂണിവേഴ്സിറ്റി കോളജ് സമരത്തിലെ കെഎസ്‌യു പ്രവർത്തകരെ അടിച്ചാൽ പൊലീസിനെ തിരിച്ചടിക്കുമെന്ന ഭീഷണിയുമായി കെ.സുധാകരൻ എംപി. എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ വിവരമില്ലാത്തയാളാണെന്നും സുധാകരൻ പരിഹസിച്ചു. 

 കെഎസ്‌യു പ്രവർത്തകരെ തിരഞ്ഞു പിടിച്ച് അടിക്കുകയാണ് ചില പൊലീസുകാർ ചെയ്യുന്നത്. ഭരണം മാറി വരുമെന്നു ഓർക്കണം. ഭരണം മാറിയാലും ഇല്ലെങ്കിലും കെഎസ്‌യു പ്രവർത്തകരെ തൊട്ടാൽ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരും. കാക്കി ഇട്ടാൽ നിങ്ങൾ പൊലീസാണ്, കാക്കി ഊരിയാൽ വെറും മനുഷ്യരാണ്. കൈകാര്യം ചെയ്യാൻ കെൽപ്പുള്ള ചുണക്കുട്ടികൾ കെഎസ്‌യുവിൽ ഉണ്ട്. അതിനുള്ള സാഹചര്യം പൊലീസ് ഉണ്ടാക്കരുതെന്നും കെ. സുധാകരൻ തിരുവനന്തപുരത്ത് പറഞ്ഞു.

സെക്രട്ടേറിയറ്റിൽ കടന്ന് കയറിയും വിസിയെ തടഞ്ഞു മുഖ്യമന്ത്രിയുടെ വസതി ഉപരോധിച്ചും സമരം നടത്തിയവരെ രാഷ്ട്രീയ പ്രേരിതമായി പൊലീസ് കൈകാര്യം ചെയ്തെന്ന് ആരോപിച്ചാണ് കെഎസ്‌യുവിന്റെ സമരപന്തലിലെത്തിയ സുധാകരന്റെ താക്കീത്. കെഎസ്‌യു സമരത്തെ പരിഹസിച്ച എൽഡിഎഫ് കൺവീനറുടെ വായടപ്പിക്കുമെന്നും വെല്ലുവിളിച്ചു. 

അതേസമയം വധശ്രമക്കേസിൽ ഒളിവിലുള്ള പ്രതികൾക്കായി ഉടൻ ലുക്കൗട്ട് നോട്ടിസ് ഇറക്കുമെന്ന് പൊലീസ് അറിയിച്ചു. യൂണിവേഴ്സിറ്റി കോളജ് വിവാദങ്ങളിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു നടത്തുന്ന നിരാഹാര സമരം ഒരാഴ്ച പിന്നിട്ടു. എന്നാൽ സെക്രട്ടേറിയറ്റ് പടിക്കൽ എബിവിപി നടത്തിവന്ന സമരം അവസാനിപ്പിച്ചു.

Find out more: