വൈറസിനെ കാണാൻ കഴിയുന്നില്ല പക്ഷെ കേന്ദ്രത്തിന്റെ പരാജയം കാണാം എന്ന് കോൺഗ്രസ്! കൊവിഡ് പ്രതിരോധത്തിൽ കേന്ദ്രസർക്കാരിൻ്റെ വീഴ്ചകൾ വ്യക്തമായി കാണാമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വഴിയാണ് കേന്ദ്രത്തിനെതിരെയുള്ള കടന്നാക്രമണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും കേന്ദ്രസർക്കാരിനുമെതിരെ ശക്തമായ വിമർശനവുമായി കോൺഗ്രസ്. കൊവിഡ് 19 അദൃശ്യശത്രുവാണെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിനു പിന്നാലെയാണ് കോൺഗ്രസിൻ്റെ രൂക്ഷവിമർശനം. രാജ്യത്തെ കൊവിഡ് വ്യാപനം സംബന്ധിച്ച് കിസാൻ സ്കീം വിതരണവേളയിൽ പ്രധാനമന്ത്രിയുടെ പ്രസ്താവന പുറത്തു വന്ന സാഹചര്യത്തിലാണ് കോൺഗ്രസിൻ്റെ ആരോപണങ്ങൾ. "100വർഷത്തിനു ശേഷം ലോകത്ത് എല്ലാ മേഖലകളിലും പുതിയൊരു മഹാമാരി വലിയ ഭീഷണിയാകുകയാണ്.



  അദൃശ്യനായ ഒരു ശത്രുവാണ് നമുക്കു മുന്നിലുള്ളത്, അത് പല തരത്തിൽ വരുന്നു. കൊവിഡ് 19 രണ്ടാം തരംഗത്തിൻ്റെ വേളയിൽ മുന്നിലുള്ള പ്രതിബന്ധങ്ങൾ തരണം ചെയ്തു യുദ്ധകാലാടിസ്ഥാനത്തിൽ നാം മുന്നോട്ടു പോകുകയാണ്." ഇങ്ങനെയായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. കേന്ദ്രസർക്കാരിൻ്റെ കൊവിഡ് 19 പ്രതിരോധ നടപടികൾ സംബന്ധിച്ച് പ്രതിപക്ഷ പാർട്ടികളും അന്താരാഷ്ട്ര മാധ്യമങ്ങളും തുടർച്ചയായി കുറ്റപ്പെടുത്തുന്നതിനിടെ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് പ്രധാനമന്ത്രി രംഗത്തെത്തുകയായിരുന്നു. രാജ്യത്ത് ഗ്രാമീണമേഖലകളിൽ കൊവിഡ് 19 വ്യാപിക്കുകയാണെന്നും മരുന്നുകൾ കരിഞ്ചന്തയിൽ വിൽക്കപ്പെടുന്നത് തടയണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.





   കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, ജയറാം രമേശ്, പി ചിദംബരം, ശശി തരൂർ തുടങ്ങിയവർ കേന്ദ്രത്തിൻ്റെ കൊവിഡ് 19 പ്രതിരോധത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിക്കുന്നതിനിടെയാണിത്. "ശത്രു അദൃശ്യമായിരിക്കാം, പ്രധാനമന്ത്രീ. പക്ഷെ താങ്കളുടെ സർക്കാരിൻ്റെ വീഴ്ചകൾ വളരെ നന്നായി കാണാം." ജയറാം രമേശ് ട്വീറ്റ് ചെയ്തു. "പ്രധാനമന്ത്രീ, രാജ്യത്ത് ഈ പോരാളികൾ കൊവിഡിനെതിരെ പ്രവർത്തിക്കുകയാണ്. താങ്കൾ എന്തുകൊണ്ടാണ് അവരെ പിന്തുണയ്ക്കാത്തത്? നിങ്ങൾ അദ്യശ്യനായിരിക്കുന്നു." കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ കുറ്റപ്പെടുത്തി.




   രാജ്യത്തെ പ്രായപൂർത്തിയായ ജനസംഖ്യയുടെ 60 ശതമാനത്തിന് വാക്സിൻ നൽകാനുള്ള തുകയാണ് സർക്കാർ ഈ വഴിയ്ക്ക് ചെലവാക്കുന്നതെന്നായിരുന്നു പി ചിദംബരത്തിൻ്റെ വിമർശനം. കേന്ദ്രത്തിൻ്റെ വാക്സിനേഷൻ നയത്തിനെതിരെ പ്രിയങ്ക ഗാന്ധിയും രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്രീകൃതമായി വാക്സിൻ വാങ്ങി വികേന്ദ്രീകൃതമായി വിതരണം ചെയ്യണമെന്ന് പ്രിയങ്ക ഗാന്ധി സർക്കാരിനോട് ആവശ്യപ്പെട്ടു. കൊവിഡ് 19 മഹാമാരിയ്ക്കിടെയിലും കേന്ദ്രം സെൻട്രൽ വിസ്ത പദ്ധതിയുമായി മുന്നോട്ടു പോകുന്നതിനെതിരെ കോൺഗ്രസ് നേതാവ് പി ചിദംബരം രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.

Find out more: