സർക്കാരിൻ്റെ മദ്യനയത്തിനെതിരെ കെസിബിസി! സർക്കാരിൻ്റെ പുതിയ മദ്യനയത്തെ കത്തോലിക്ക സഭ നഖശിഖാന്തം എതിർക്കുകയാണ്. മദ്യനയത്തിൽ സമൂല മാറ്റമുണ്ടാകണം. അല്ലെങ്കിൽ വ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെസിബിസി അറിയിച്ചു. പുതിയ മദ്യനയത്തിൽ നിന്നും സർക്കാർ പിന്മാറണമെന്ന് കെസിബിസി. പുതുക്കിയ മദ്യ നയത്തിന് ഇന്ന് ചേർന്ന മന്ത്രി സഭാ യോഗമാണ് പച്ചക്കൊടി കാട്ടിയത്. സംസ്ഥാനത്തെ പുതിയ മദ്യനയം പ്രകാരം കൂടുതൽ മദ്യശാലകൾ തുടങ്ങും. എക്സൈസ് ഡ്യൂട്ടി കൂട്ടിയതിനാൽ സൈനിക അർധ സൈനിക ക്യാൻറീനുകളിൽ നിന്നുള്ള മദ്യത്തിൻറെ വിലകൂടും. ബാറുകളിലെ വിവിധ ഫീസുകൾ വർധിപ്പിച്ചതും ഇന്ന് മുതൽ നിലവിൽ വന്നു. സർവിസ് ഡെസ്ക് ഫീസ്, കൂടുതൽ ബാർ കൗണ്ടർ എന്നിവയ്ക്കുള്ള ഫീസാണ് കൂട്ടിയത്.





  മദ്യാസക്തിയിലേക്ക് ജനത്തെ തള്ളിവിടുന്ന സംസ്കാരത്തെ നവോധാനമെന്ന് എങ്ങനെ വിളിക്കാനാകുമെന്ന് കെസിബിസി ചോദിച്ചു. സംസ്ഥാനം നിക്ഷേപ സൗഹൃദമാക്കാൻ കുടിയന്മാരെ സൃഷ്ടിക്കുക എന്നത് ബാലിശമായ ചിന്താഗതിയാണ്. മദ്യലോബികളുടെ പ്രീണനത്തിൽ പെട്ട് കേരളത്തെ മദ്യഭ്രാന്താലയമാക്കരുത്. പുതിയ മദ്യനയത്തിൽ കൂടിയാലോചന ആവശ്യമാണെന്നും കെസിബിസി പറഞ്ഞു. കൂടുതൽ എഫ് എൽ1 ഷോപ്പുകൾ വാക്ക് ഇൻ ഫെസിലിറ്റി സംവിധാനത്തോടെ നവീകരിക്കാൻ പുതുക്കിയ മദ്യനയത്തിൽ നിർദേശമുണ്ട്. എഫ് എൽ1 ഷോപ്പുകളിലെ തിരക്ക് ഒഴിവാക്കുന്നതിന്, കഴിഞ്ഞ കാലങ്ങളിൽ പ്രവർത്തിച്ചിരുന്നതും എന്നാൽ പൂട്ടിപോയതുമായ ഷോപ്പുകൾ പ്രീമിയം ഷോപ്പുകളായാണ് പുനരാരംഭിക്കുക.




170 വിൽപ്പനശാലകൾ കൂടി വേണമെന്ന ആവശ്യമാണ് ബവറേജസ് കോർപ്പറേഷൻ മുന്നോട്ട് വച്ചിരുന്നത്. സ്ഥല സൗകര്യം അനുസരിച്ച് ആധുനിക സംവിധാനങ്ങളോടെയയാകും പുതിയ ഔട്‌ലെറ്റുകൾ തുറക്കുക. എഫ് എൽ 1 ഷോപ്പുകളിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് കൂടുതൽ മദ്യശാലകൾ തുടങ്ങുക. ജനവാസ മേഖലയിൽനിന്ന് മാറി ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തിൽ ബെവ്‌കോയുടേയും കൺസ്യൂമർ ഫെഡിന്റെയും കീഴിൽ വിദേശമദ്യ ചില്ലറ വിൽപന ശാലകൾ പുതുതായി തുറക്കാനാണ് നിർദ്ദേശം. പുതിയ മദ്യനയത്തിൻറെ അടിസ്ഥാനത്തിൽ ഐടി പാർക്കുകളിൽ ബിയർ വൈൻ പാലറുകൾക്ക് ലൈസൻസ് അനുവദിക്കും. 




ബ്രുവറി ലൈസൻസും അനുവദിക്കും. ബാർ ലൈസൻസ്‌ അനുവദിക്കുന്നത്‌ 3 സ്റ്റാർ മുതൽ ക്ലാസിഫിക്കേഷൻ ഉള്ള ഹോട്ടലുകൾക്ക് മാത്രമാകും. പഴവർഗങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കശുമാങ്ങ, കൈതച്ചക്ക, ചക്ക, വാഴപ്പഴം, ജാതിതൊണ്ട് തുടങ്ങിയവയിൽനിന്ന്‌ വീര്യം കുറഞ്ഞ മദ്യം, വൈൻ എന്നിവ ഉത്പാദിപ്പിക്കുന്നതിനാണ് അനുമതി. കേരളത്തിന് ആവശ്യമായ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും, ബിയറും ഉൽപാദിപ്പിക്കുന്നതിനായി നിലവിലുള്ള സ്ഥാപനങ്ങളിൽ ഉത്പാദനം കൂട്ടുകയും പുതിയ യൂണിറ്റുകൾ തുടങ്ങുകയും ചെയ്യും.

Find out more: