തെലങ്കാനയിൽ വലിയ നീക്കങ്ങളുമായി ബിജെപി; അമിത് ഷായുടെ മനസ്സിലെന്ത്? തെലുങ്ക് സൂപ്പർതാരം എൻടിആർ ജൂനിയർ എന്നറിയപ്പെടുന്ന നന്ദമുരി താരക് രാമ റാവു അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയാണ് ഇപ്പോൾ ഇത്തരത്തിൽ അഭ്യൂഹങ്ങൾക്ക് ഇന്ധനമേകിയിരിക്കുന്നത്.കർണാടകത്തിന് പിന്നാലെ ആന്ധ്രാപ്രദേശും തെലങ്കാനയും അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വേരൂന്നാനുള്ള ശ്രമങ്ങൾ ശക്തമാക്കിയിരിക്കുകയാണ് ബിജെപി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിൽ ഒരു ദിവസത്തെ സന്ദർശനത്തിന് വേണ്ടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എത്തിയത്. ഇതിനിടെയാണ് തെലുങ്ക് സൂപ്പർതാരവുമായി കൂടിക്കാഴ്ച നടത്തിയത്. ആർആർആർ താരത്തെ 'തെലുങ്ക് സിനിമയുടെ രത്നം' എന്നും 'കഴിവുള്ള താരം' എന്നെല്ലമായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം അമിത് ഷാ ട്വിറ്ററിൽ കുറിച്ചത്.
രാം ചരൺ തേജക്കൊപ്പമുള്ള ആർആർആർ എന്ന തെലുങ്ക് സിനിമയ്ക്ക് ഹിന്ദിയിൽ അടക്കം വൻ വിജയമായിരുന്നു. ജൂനിയർ എൻടിആറുമായി ബിജെപിയുടെ കേന്ദ്രനേതൃത്വം അടുക്കുന്നതിനു മുന്നിൽ വലിയ ലക്ഷ്യങ്ങളുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ബിജെപിയുടെ മിഷൻ സൗത്ത് പദ്ധതിയുടെ ഭാഗമായാണ് ഈ കൂടിക്കാഴ്ച എന്നാണ് ബിജെപി നേതാക്കൾ അവകാശപ്പെടുന്നത്. അതേസമയം, സിനിമയിൽ വലിയ ഭാവിയുള്ളതിനാൽ എൻടിആറിന് ബിജെപിയെ പിന്തുണയ്ക്കാനോ പാർട്ടിയിൽ ചേരാനോ സാധ്യമല്ലെന്നും താരത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.
ദക്ഷിണേന്ത്യയിൽ കർണാടകത്തിന് പുറമെ ബിജെപി ഏറ്റവും പ്രതീക്ഷയോടെ നോക്കിക്കാണുന്ന സംസ്ഥാനമാണ് തെലങ്കാന. ഇതിന്റെ ഭാഗമായി പല പ്രമുഖരേയും പാർട്ടിയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ബിജെപി നടത്തുന്നുണ്ട്. ഇതിനിടെയാണ് എൻടിആറുമായുള്ള കൂടിക്കാഴ്ച. തെലുങ്കാന വിഭജനത്തിന് മുൻപ് അവിഭക്ത ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രി ആയിരുന്നു എൻടിആർ അദ്ദേഹത്തിന്റെ ചെറുമകനാണ് ഇപ്പോഴത്തെ താരമായ താരക് രാമറാവു. 2009ൽ ജൂനിയർ എൻടിആർ ടിഡിപിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങുകയും ചെയ്തിരുന്നു.
എന്നാൽ, പിന്നീട് അദ്ദേഹം പൊതുരാഷ്ട്രീയത്തിൽ നിന്നും അകലം പാലിക്കുകയും ചെയ്തിരുന്നു. പുതിയ നീക്കം തന്റെ മുത്തച്ഛൻ രൂപം നൽകിയ തെലുങ്ക് ദേശം പാർട്ടിയുടെ തകർച്ചയ്ക്ക് തന്നെയാണോ ഇത് കാരണമാകുക എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇരുവരുടേയും കൂടിക്കാഴ്ചയ്ക്ക് പിന്നാലെ എൻടിആറിന്റെ രാഷ്ട്രീയ പ്രവേശനം തന്നെയാണ് ഇപ്പോൾ ചർച്ചയാകുന്നത്. എൻഡിഎയുടെ ഭാഗമായിരുന്ന ടിഡിപിയുടെ മനോവീര്യം തകർക്കാൻ എൻടിആറിനെ ഉപയോഗിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
Find out more: