ആഗോളതാപനം പ്രതിരോധിക്കാൻ ആഫ്രിക്ക വേണം; ജി20യിൽ ആഫ്രിക്കൻ യൂണിയൻ്റെ അരങ്ങേറ്റം! ദക്ഷിണരാജ്യങ്ങൾക്ക് ജി20യിൽ കൂടുതൽ പ്രാതിനിധ്യം നൽകുന്നതോടൊപ്പം കാലാവസ്ഥാമാറ്റം അടക്കമുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്നതടക്കമുള്ള ഉദ്ദേശങ്ങൾ മുൻനിർത്തിയാണ് ആഫ്രിക്കൻ യൂണിയന് ജി20യിൽ പ്രവേശനം നൽകുന്നത്. ബഹുരാഷ്ട്രസഖ്യത്തിൽ ഈ പുതിയ നീക്കം ഇന്ത്യയ്ക്ക് ചെറുതല്ലാത്ത മേൽക്കൈ നേടിക്കൊടുക്കുന്നുമുണ്ട്. ആഫ്രിക്കൻ യൂണിയനെ ജി20 കൂട്ടായ്മയിൽ ഉൾപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കം വിജയിച്ചതോടെ നടപ്പാകുന്നത് പ്രധാനമന്ത്രിയുടെ തന്ത്രപ്രധാന നിർദേശം.ലോകത്ത് പുനരുപയോഗിക്കാൻ സാധിക്കുന്ന ഊർജത്തിൻ്റെ 60 ശതമാനവും ആഫ്രിക്കയിലാണ് എന്നാണ് കണക്കുകൾ. കൂടാതെ കാർബൺ ബഹിർഗമനം കുറച്ച് ഊർജോത്പാദനം നടത്താനുള്ള സാങ്കേതികവിദ്യകൾക്ക് ആവശ്യമായ മൂലകങ്ങളുടെ 30 ശതമാനവും സ്ഥിതിചെയ്യുന്നത് ആഫ്രിക്കയിലാണ്.
രാജ്യങ്ങളെ തുല്യരായി കാണുക എന്നതാണ് ഇന്ത്യയുടെ നിലപാടെന്നും ദീർഘകാലത്തേക്കുള്ള ബന്ധമാണ് ലക്ഷ്യമിടുന്നതെന്നും സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. വൻതോതിൽ നിക്ഷേപം നടത്തി ദരിദ്രരാജ്യങ്ങളെ കടക്കെണിയിലാക്കുന്ന ചൈനയുടെ നിലപാടിൽ നിന്ന് വിരുദ്ധമായ സമീപനമാണ് ഇന്ത്യയ്ക്ക് ഉള്ളതെന്നും അവർ വ്യക്തമാക്കുന്നു. ഇരുകൂട്ടർക്കും പ്രയോജനമുണ്ടാകുന്ന നടപടികളായിരിക്കും ജി20യിൽ സ്വീകരിക്കുക. ഈ വർഷത്തെ ഉച്ചകോടിയിൽ ഇന്ത്യയുടെ പ്രധാനലക്ഷ്യങ്ങളിൽ ഒന്നായിരുന്നു ആഫ്രിക്കൻ യൂണിയനെ ജി20 കൂട്ടായ്മയിലേക്ക് ക്ഷണിക്കുക എന്നത്. ജൂൺ മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ഈ ആശയം ആദ്യം മുന്നോട്ടുവെച്ചത്. ഡൽഹിയിൽ വെച്ചു നടക്കുന്ന ജി20 ഉച്ചകോടിക്ക് ഇന്നാണ് തുടക്കമായത്.
പരമാധികാരത്തെ ബഹുമാനിക്കണമെന്നും പരസ്പരം ആക്രമിക്കരുതെന്നും രാജ്യങ്ങൾ തമ്മിൽ ധാരണയിലെത്തുകയും പ്രഖ്യാപനം നടത്തുകയും ചെയ്തു. ലോകരാജ്യങ്ങളിൽ തമ്മിൽ പരസ്പരവിശ്വാസത്തിൻ്റെ കുറവുണ്ടായിട്ടുണ്ട് എന്നായിരുന്നു പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ. ആഫ്രിക്കൻ യൂണിയൻ അധ്യക്ഷനും കൊമോറോസ് പ്രസിഡൻ്റുമായ ആസാലി അസോമനിയെ പ്രധാനമന്ത്രി കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്തു. ഇന്ത്യ മുന്നോട്ടുവെക്കുന്ന 'സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ പ്രയാസ്' ലോകത്തിനുതന്നെ മാതൃകയാക്കാമെന്നും മോദി വ്യക്തമാക്കി. ആഫ്രിക്കൻ യൂണിയൻ പ്രസിഡൻ്റ് ഇനി മുതൽ ജി20യിൽ സ്ഥിരാംഗമായിരിക്കുമെന്നും മോദി വ്യക്തമാക്കി. മുൻപ് പല രാജ്യങ്ങളും സമാനമായ നീക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും അതിനുശേഷം മാത്രമാണ് ഈ രാജ്യങ്ങളെ ലോകശക്തികളായി അംഗീകരിക്കാൻ തുടങ്ങിയതെന്നും സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
ഈ സാഹചര്യത്തിൽ ആഫ്രിക്കൻ രാജ്യങ്ങളെ ജി20യിലേക്ക് വരവേറ്റ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തിന് ഏറെ പ്രസക്തിയുണ്ടെന്നും അവർ വ്യക്തമാക്കുന്നു. വേദിയിലുണ്ടായിരുന്ന നേതാക്കൾ കരഘോഷത്തോടെ ഇതിനെ സ്വീകരിച്ചു. ജി20 രാജ്യങ്ങൾക്കു പുറമെ, പലപ്പോഴും അവഗണിക്കപ്പെടുന്ന വികസ്വരരാജ്യങ്ങളുടെ ശബ്ദത്തിനും ജി20യിൽ ഇടമുണ്ടാകുമെന്ന് മോദി കഴിഞ്ഞ വർഷം വ്യക്തമാക്കിയിരുന്നു. വിദേശകാര്യമന്ത്രി എസ് ജയശങ്കറാണ് കൊമോറോസ് പ്രസിഡൻ്റിനെ വേദിയിലേക്ക് ആനയിച്ചത്. തുടർന്ന് ഹസ്തദാനം നൽകിയ പ്രധാനമന്ത്രി മോദി അദ്ദേഹത്തെ ആലിംഗനം ചെയ്തു സ്വീകരിച്ചു.
Find out more: