വികസന പ്രവർത്തനങ്ങൾ കൃത്യമായി നടപ്പാക്കിയില്ലെങ്കിൽ വിജിലൻസിൻറെ പിടിവീഴും; നിർദേശം നൽകി മുഖ്യമന്ത്രി! പ്രവർത്തനങ്ങൾ കൃത്യമായി നടപ്പാക്കപ്പെടുന്നില്ലെങ്കിൽ അതു നാടിൻറെ പുരോഗതിയെ പ്രതികൂലമായി ബാധിക്കും. കാര്യങ്ങൾ കൃത്യനിഷ്ടയോടെ സമയബന്ധിതമായി നടപ്പാക്കപ്പെടുന്നെന്ന് ഉറപ്പാക്കുന്നതിൽ വിജിലൻസ് വിഭാഗം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിജിലൻസ് ബോധവത്കരണ വാരാഘോഷത്തിൻറെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദേശം നൽകിയത്.വികസന, ക്ഷേമ പ്രവർത്തനങ്ങൾ കൃത്യമായി നടപ്പാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പിക്കാൻ വിജിലൻസ് വിഭാഗം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യത്യസ്ത രീതികളിൽ അഴിമതി ഇല്ലാതാക്കുന്നതിനുള്ള നടപടികൾ സംസ്ഥാനത്ത് സ്വീകരിച്ചുവരുന്നുണ്ട്. അതിൽ ഒരു ഭാഗം മാത്രമാണ് അഴിമതിക്കാരായ വ്യക്തികൾക്കെതിരായ നടപടികൾ.
അഴിമതിയെന്നത് അതു മാത്രമല്ലെന്നു തിരിച്ചറിയണം. അഴിമതി കാണിക്കുന്നവർക്കെതിരേ ശക്തമായ നടപടിയും വിട്ടുവീഴ്ചയില്ലാത്ത സമീപനവും സ്വീകരിക്കുന്നതിനൊപ്പം അഴിമതി നടത്താനുള്ള അവസരങ്ങൾ ഇല്ലാതാക്കാനുള്ള നടപടികളുമെടുക്കണം. അഴിമതി പൂർണമായി ഇല്ലാതാക്കുകയെന്നതാണു സർക്കാരിൻറെ ലക്ഷ്യം. ഈ ലക്ഷ്യം നേടിയെടുക്കുന്നതിൽ വകുപ്പ് എന്ന നിലയിൽ വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ മികച്ച പ്രവർത്തനമാണു നടത്തുന്നത്. ചില കാര്യങ്ങളിൽ ഫയൽ താമസിപ്പിക്കുന്നത് അഴിമതിയുടെ ഭാഗമായി വരുന്നുണ്ടെങ്കിൽ അക്കാര്യം പ്രത്യേകം പരിശോധിക്കാൻ കഴിയണം. വികസന പദ്ധതികൾ നടപ്പാക്കാനൊരുങ്ങുമ്പോൾ ആ പദ്ധതിയെത്തന്നെ അട്ടിമറിക്കുന്നതിനു ബോധപൂർവ ശ്രമിക്കുകയും അതിനെതിരായ വികാരം സൃഷ്ടിക്കുകയും ചെയ്യുന്നവരുണ്ട്. ഇക്കാര്യം കൃത്യമായി മനസിലാക്കി ഇടപെടുന്ന രീതി വജിലൻസിൻറെ ഭാഗത്തുനിന്നുണ്ടാകണം.
സേവനങ്ങൾ ഓൺലൈനായി നൽകുകയെന്നത് അഴിമതി ഇല്ലാതാക്കുന്നതിൻറെ ഭാഗമായി നടപ്പാക്കിയതാണ്. വ്യക്തികൾ ഓഫിസുകളിൽ നേരിട്ടെത്താതെതന്നെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാനും അതിൻറെ തീരുമാനങ്ങൾ ഓൺലൈനായി ലഭ്യമാക്കാനുമുള്ള സൗകര്യമുണ്ട്. ഇതോടെ അഴിമതിക്കുള്ള അവസരങ്ങൾ കുറയുന്നു. എന്നാൽ ഇതിലും ചില പുഴുക്കുത്തുകൾ ഉണ്ടായേക്കാം. ഓൺലൈനായി കാര്യങ്ങൾ നടക്കുമ്പോഴും പഴയ ശീലങ്ങൾവച്ചു തെറ്റായ രീതികൾ സ്വീകരിച്ച് അഴിമതി നടത്താൻ തയാറാകുന്നവരുണ്ടെങ്കിൽ അവരെ കണ്ടെത്താനും കർക്കശ നടപടിയെടുക്കാനും കഴിയണം. ചെറിയൊരു തുക കൈക്കൂലിയായി വാങ്ങുന്നതു വലിയ കാര്യമായെടുക്കണോയെന്ന ന്യായീകരണം ചിലപ്പോൾ കേൾക്കാം.
ഈ ചെറിയ തുക വാങ്ങലാണു വലിയ അഴിമതിയിലേക്കു നയിക്കുന്നത്. അഴിമതിയിൽ ചെറുതെന്നോ വലുതെന്നോ ഉള്ള പ്രശ്നമില്ല. അഴിമതി ഇല്ലാതാക്കുകയെന്നതാണു ഗൗരവമായി കാണേണ്ടത്. കുറ്റക്കാരായ ആളുകൾക്കെതിരേ ശക്തമായ നടപടിയുണ്ടാകും. അഴിമതിക്കെതിരേ പ്രതികരിക്കാൻ ഉദ്യോഗസ്ഥരെ കരുത്തുള്ളവരാക്കി മാറ്റുന്നതിനും വിജിലൻസ് ബോധവത്കരണ പ്രവർത്തനങ്ങൾക്കു കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പല രീതിയിൽ അഴിമതിക്കു വിധേയരാകുന്ന ഒറ്റപ്പെട്ട ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വാർത്തകൾ വരാറുണ്ട്. അത്തരം പരിശോധനകൾ തുടരണം. ഇതുമായി ബന്ധപ്പെട്ടു ചില ന്യായീകരണങ്ങൾ ചില ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്.
Find out more: