'ജെഎൻ1' കേരളത്തിൽ കണ്ടെത്തിയത് ആരോഗ്യരംഗത്തിന്റെ മികവ് മൂലം; മറ്റ് സംസ്ഥാനങ്ങളിലും പുതിയ വേരിയന്റ് ഉണ്ടെന്ന് ആരോഗ്യ മന്ത്രി! മറ്റ് സംസ്ഥാനങ്ങളിലും ഈ വേരിയന്റ് പരക്കുന്നുണ്ടെങ്കിലും അവിടങ്ങളിൽ അത് കണ്ടെത്തിയിട്ടില്ല. കേരളത്തിൽ ഇത് കണ്ടെത്തിയതിനു കാരണം സംസ്ഥാനത്തിന്റെ മികച്ച ആരോഗ്യസംവിധാനങ്ങളാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ കോവിഡിന്റെ ഉപവകഭേദമായ ജെഎൻ1-നെ കണ്ടെത്തി എന്നതിനർത്ഥം മറ്റ് സംസ്ഥാനങ്ങളിൽ ഈ വകഭേദമില്ല എന്നല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആശുപത്രികളിലുള്ള ഐസൊലേഷൻ വാർഡുകൾ, റൂമുകൾ, ഓക്സിജൻ കിടക്കകൾ, ഐസിയു കിടക്കകൾ, വെന്റിലേറ്റുകൾ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തുകയും റിവ്യൂ ചെയ്യുകയും ചെയ്യുന്നു. ഡിസംബർ 13 മുതൽ 16 വരെ ഇവയുടെ ലഭ്യത ഉറപ്പ് വരുത്താനായി 1192 സർക്കാർ, സ്വകാര്യ ആശുപത്രികളെ ഉൾപ്പെടുത്തി ഓൺലൈൻ മോക് ഡ്രിൽ നടത്തി.
ഓക്സിജൻ സൗകര്യം ലഭ്യമായ 1957 കിടക്കകളും, 2454 ഐസിയു കിടക്കകളും 937 വെന്റിലേറ്റർ സൗകര്യമുള്ള ഐസിയു കിടക്കകളും ക്രമീകരിച്ചിട്ടുണ്ട്. മരിച്ച ആളുകൾക്ക് ഗുരുതരമായ മറ്റു രോഗങ്ങളും ഉണ്ടായിരുന്നു. ആരും തന്നെ കോവിഡ് മൂലം മരിച്ചവരല്ല. മറ്റ് ഗുരുതര രോഗങ്ങളുമായി ആശുപത്രിയിൽ അഡ്മിറ്റ് ആയവരാണ്. കേരളത്തിന്റെ ആരോഗ്യ സംവിധാനങ്ങളുടെ മികവു കൊണ്ടാണ് എപ്പോഴും കാര്യങ്ങൾ കൃത്യമായി കണ്ടെത്തുന്നത്. അത് ഇവിടെ രോഗം പടരുന്നു എന്ന രീതിയിൽ തെറ്റായി വ്യാഖ്യാനിച്ച് ജനജീവിതത്തെ ബാധിക്കുന്ന രീതിയിലേക്ക് കൊണ്ടുപോകാൻ പാടില്ല. പ്രായമുള്ളവരും ഗുരുതര രോഗമുള്ളവരും കോവിഡ് വരാതിരിക്കാൻ കരുതൽ സ്വീകരിക്കണം. നവംബർ മാസത്തിൽ തന്നെ കേരളത്തിൽ കോവിഡ് കേസുകളിൽ ചെറുതായി വർദ്ധന കണ്ടതിനെ തുടർന്ന് ആരോഗ്യ വകുപ്പ് കൃത്യമായ ജാഗ്രത നിർദേശം നൽകി മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തിയിരുന്നതായി മന്ത്രി അറിയിച്ചു.
സാമ്പിളുകൾ ഹോൾ ജിനോം സീക്വൻസിംഗ് പരിശോധനയ്ക്ക് അയയ്ക്കാൻ മന്ത്രിതല യോഗത്തിൽ അന്നുതന്നെ തീരുമാനിച്ചിരുന്നു. നവംബർ മുതൽ ഹോൾ ജിനോമിക് പരിശോധനയ്ക്ക് സാമ്പിളുകൾ അയച്ചു വരുന്നു. അതിൽ ഒരു സാമ്പിളിൽ മാത്രമാണ് ജെഎൻ 1 കണ്ടെത്തിയിട്ടുള്ളത്. തിരുവനന്തപുരം കരകുളം സ്വദേശിയായ 79 വയസുള്ള ആൾക്കാണ് ഇത് കണ്ടെത്തിയത്. അവർ ഗൃഹചികിത്സ കഴിഞ്ഞ് രോഗമുക്തമാകുകയും ചെയ്തതായും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞമാസം ഇന്ത്യയിൽ നിന്നുള്ള ഒരു വിമാനയാത്രക്കാരനിൽ ജെഎൻ1 കോവിഡ് വേരിയന്റ് കണ്ടെത്തിയിരുന്നു.
രാജ്യത്ത് ഈ വേരിയന്റിന്റെ പരക്കൽ നടക്കുന്നുണ്ടോയെന്ന് ആരോഗ്യമന്ത്രാലയം നിരീക്ഷണങ്ങൾ നടത്തി വരുന്നതിനിടയിലാണ് വിദേശത്തേക്ക് പോയ ഇന്ത്യാക്കാരനിൽ ഇത് കണ്ടെത്തിയത്. കഴിഞ്ഞ മാസങ്ങളിലായി ഇന്ത്യയിൽ നിന്നും സിംഗപ്പൂരിലേക്ക് പോയ 15 പേരിൽ ജെഎൻ 1 ഉണ്ടെന്ന് സിംഗപ്പൂർ കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി വീണാ ജോർജ്ജ് പറയുന്നു. അതിന്റെ അർത്ഥം ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിലും ഈ കോവിഡ് വകഭേദം ഉണ്ടെന്നാണ്. കേരളത്തിൽ ഇത് പരിശോധനയിലൂടെ കണ്ടെത്തി എന്നുള്ളതാണ് പ്രത്യേകത.
Find out more: