ഇറാൻ - ഇസ്രായേൽ സംഘർഷം മടങ്ങിയെത്തുന്ന മലയാളികൾക്ക് കേരള ഹൗസിൽ താമസസൗകര്യം; പിണറായി വിജയൻ! ഡൽഹിയിലെത്തുന്ന കേരളീയർക്ക് കേരള ഹൗസിൽ താമസസൗകര്യം ഒരുക്കും. ഇതിനു ശേഷം വിമാനം ലഭ്യമാകുന്ന മുറയ്ക്ക് മലയാളികളെ കേരളത്തിലേക്ക് അയക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇറാൻ - ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മടങ്ങിയെത്തുന്ന കേരളീയർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് ഡൽഹി കേരള ഹൗസിലെ റസിഡന്റ് കമ്മിഷണർക്ക് നിർദേശം നൽകിയാതായി മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യഘട്ടത്തിൽ 110 പേരെയാണ് ഇറാനിൽ നിന്ന് ഇന്ത്യയിൽ എത്തിക്കുന്നത്. ഇവരിൽ ഭൂരിഭാഗവും വിദ്യാർഥികളാണ്. ജമ്മു കശ്മീരിൽ നിന്നുള്ളവരാണ് കൂടുതൽ പേരും. ഇസ്രായേൽ ആക്രമണം ശക്തമാക്കിയതിനാൽ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്ന നിർദേശം ഇന്ത്യൻ എംബസി നൽകിയിരുന്നു.
സ്വന്തം റിസ്കിൽ സുരക്ഷിതമായ താവളങ്ങളിലേക്ക് നീങ്ങാനുള്ള നിർദേശം നൽകുകയും ചെയ്തു. അതേസമയം, ഇറാൻ - ഇസ്രായേൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇറാനിൽ നിന്ന് ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാൻ ഇന്ത്യ ആരംഭിച്ചു. ഓപ്പറേഷൻ സിന്ധു എന്ന പേരിലാണ് ദൗത്യം. ഇറാനിൽ നിന്നുള്ള ആദ്യ സംഘം ഇന്ത്യയിലേക്ക് തിരിച്ചു. ഇറാൻ വ്യോമാതിർത്തി അടച്ചിരിക്കുന്നതിനാൽ കരമാർഗം അർത്തി കടത്തിയ ശേഷം അവിടെ നിന്നാണ് ഇന്ത്യക്കാരെ പ്രത്യേക വിമാനത്തിൽ ഇന്ത്യയിൽ എത്തിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്റെ ആക്രമണം തടയാൻ ഉടൻ ഇടപെടണം.
ഇന്ത്യാ ഗവണ്മെന്റ് പശ്ചിമേഷ്യയിൽ സമാധാനത്തിനും നീതിക്കും വേണ്ടി വ്യക്തമായ നിലപാട് സ്വീകരിക്കാനും ഇസ്രായേലിനെതിരെ ശക്തമായ പ്രതിഷേധ സ്വരമുയർത്താനും തയ്യാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു. സയണിസ്റ്റ് ഭീകരത ലോകസമാധാനത്തിന് തന്നെ വെല്ലുവിളിയുണർത്തുന്ന ഘട്ടമാണിത്. അന്താരാഷ്ട്ര നിയമങ്ങളും എല്ലാ മര്യാദകളും ലംഘിച്ചുകൊണ്ട് അമേരിക്കൻ സാമ്രാജ്യത്വത്തിൻറെ ഒത്താശയോടെ ഇറാനെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണം ഉടനടി നിർത്താൻ ലോകമാകെ ഒന്നിച്ച് സ്വരമുയർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇറാനിലേയും ഇസ്രായേലിലെയും സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. ഈ പശ്ചാത്തലത്തിൽ തിരികെ കേരളത്തിലേക്ക് വരാൻ ആഗ്രഹിക്കുന്ന മലയാളികൾ നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിന്റെ ഹെൽപ്പ്‌ലൈൻ നമ്പരിൽ പേര് രജിസ്റ്റർ ചെയ്യണം. നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്റർ: 18004253939 (ടോൾ ഫ്രീ നമ്പർ), +918802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ). ഇവരുടെ വിവരം വിദേശകാര്യമന്ത്രാലയത്തിനും ഇറാനിലേയും ഇസ്രായേലിലെയും ഇന്ത്യൻ എംബസികൾക്കും കൈമാറുകയും തുടർനടപടികൾക്കു വഴിയൊരുക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Find out more: