അഴീക്കലില്‍ ലോകഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ മൂന്ന് പേരെ കണ്ണൂര്‍ എസ് പി യതീഷ് ചന്ദ്ര ഏത്തമിടീച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എതിർപ്പ് പ്രകടിപ്പിച്ചു. ഇത്തരം സംഭവങ്ങള്‍ ഒരു തരത്തിലും ആവര്‍ത്തിക്കാന്‍ പാടില്ലാത്തതാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പല സ്ഥലങ്ങളിലും പ്രാഥമിക സൗകര്യം പോലുമില്ലാതെ ഡ്യൂട്ടി നിര്‍വഹിക്കുന്നവരാണ് പോലീസുകാര്‍.

 

 

    അതിന് നല്ല സ്വീകാര്യതയും ലഭിക്കുന്നുണ്ട്. അതിന് മങ്ങലേല്‍പ്പിക്കുന്ന സംഭവം ഉണ്ടാകാന്‍ പാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊതുവെ മികച്ച പ്രവര്‍ത്തനം നടത്തുന്ന പോലീസിന്റെ യശസിനെ ഇത്തരം സംഭവങ്ങള്‍ പ്രതികൂലമായി ബാധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ പോലീസ് സംഘം പരിശോധനക്ക് എത്തിയപ്പോഴാണ് മൂന്ന് പേര്‍ കവലയില്‍ നില്‍ക്കുന്നത് കണ്ടത്.

 

 

   ഇവരോട് ക്ഷുഭിതനായ എസ്പി മൂവരോടും ഏത്തമിടാന്‍ കല്‍പ്പിക്കുയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. അഴീക്കലില്‍ ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. സംഭവത്തില്‍ യതീഷ് ചന്ദ്രയോട് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ വിശദീകരണം തേടി. അച്ചടക്ക നടപടി സ്വീകരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യതീഷ് ചന്ദ്രയുടെ വിശദീകരണം ലഭിച്ചതിനു ശേഷമാകും തീരുമാനിക്കുക.

 

 

     എസ്പിയുടെ സ്‌ക്വാഡില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരാണ് വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ചത്. സംഭവത്തില്‍ സമൂഹമാധ്യമങ്ങളിലും മറ്റും വന്‍ പ്രതിഷേധമാണ് ഉയരുന്നത്. പോലീസിന് അകത്തും വിമര്‍ശനമുയരുന്നുണ്ട്. പ്രാകൃത രീതിയിലുള്ള ശിക്ഷാമുറയാണ് എസ്പി നടപ്പാക്കിയത് എന്നാണ് വിമര്‍ശനം.

 

 

   എന്നാല്‍ ആളുകള്‍ എത്ര പറഞ്ഞിട്ടും കേള്‍ക്കാത്തത് കൊണ്ടാണ് ഈ ശിക്ഷ നടപ്പാക്കിയതെന്ന് എസ്പി പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. വില്ലന്‍ വേഷം കെട്ടി നേരത്തെയും വിവാദങ്ങളില്‍ നിറഞ്ഞുനിന്നയാളാണ് യതീഷ് ചന്ദ്ര.

 

  ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് എതിരെയുളള സമരകാലത്ത് സന്ദര്‍ശനത്തിനായി എത്തിയ പൊന്‍ രാധാകൃഷ്ണന്റെ വാഹനം എസ്പി തടഞ്ഞത് വലിയ വിവാദമായിരുന്നു. 

మరింత సమాచారం తెలుసుకోండి: