പ്രളയത്തിലെ കെടുതികൾ എടുത്തു കാട്ടി 2018! സമൂഹത്തിൻ്റെ നാനാതുറകളിലുള്ളവരാണ് അന്ന് പ്രളയത്തിൻ്റെ ദുരിതാനുഭവങ്ങളിലൂടെ കടന്നു പോയത്. കൈകോർത്തും ചേർത്തു പിടിച്ചും ഒരു കൈത്താങ്ങലായി മാറിയും ജീവിതങ്ങളെ പുതിയ തീരത്തേക്ക് അടുപ്പിച്ചപ്പോൾ മറ്റു ചിലർ ജീവത്യാഗം ചെയ്തും പരസ്പരം വിട്ടുകൊടുത്തും മനുഷ്യത്വത്തിൻ്റെ പ്രതീകങ്ങളായി മാറി. അന്ന് യഥാർത്ഥ നായകന്മാരെ നമ്മൾ കണ്ടറിഞ്ഞു. ഒരുപക്ഷേ, ഒരു ന്യൂനപക്ഷമായി മാത്രം എന്നും ആളുകൾ കണ്ടിരുന്ന മത്സ്യത്തൊളിലാളികൾ ദൈവപുരുഷന്മാരായി പലരുടെയും ജീവിതത്തിലേക്ക് ഉയരുകയായിരുന്നു. ഈ കാഴ്ചകളൊക്കെ തന്നെ പ്രേക്ഷക മനസിനെ തൊട്ടറിഞ്ഞും മുറിപ്പെടുത്തിയും കാഴ്ചാനുഭവമാക്കി മാറ്റുകയാണ് ജൂഡ് ആന്തണി ജോസഫ് എന്ന സംവിധായകൻ 2018 ലൂടെ. ദുരിത ഭൂമിയിലെ വേദനകളും അതിജീവനവും പ്രതീക്ഷയുമെല്ലാം പ്രേക്ഷകരുടെയുള്ളിലും അനുഭവഭേദ്യമാക്കുന്നതാണ് ചിത്രത്തിൻ്റെ വിജയം. 2018 ലെ മഴക്കാലത്തേക്കാണ് സംവിധായകൻ പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോയിരിക്കുന്നത്.
അവിടെ പല ജീവിതങ്ങളുണ്ട്. പട്ടാളത്തിൽ നിന്നും പേടിച്ച് നാട്ടിലെത്തിയ അനൂപ് എന്ന ചെറുപ്പക്കാരൻ, പ്രതീക്ഷയുടെ പുതിയ വീട്ടിൽ കുടുബത്തെ സുരക്ഷിതമാക്കാൻ ശ്രമിക്കുന്ന സർക്കാർ ജീവനക്കാരൻ, ഡിവോഴ്സിലേക്ക് നീങ്ങുന്ന ഭാര്യ ഭർത്താവ്, മത്സ്യത്തൊഴിലാളിയെന്നത് അപമാനമാണെന്നതിനാൽ മോഡലാകുന്ന യുവാവ്, ആർത്തിരമ്പുന്ന കടലിനെ പോലും അതിജീവിക്കുന്ന മത്സ്യത്തൊഴിലാളിയായ അച്ഛനും മകനും, ഒരു തുള്ളിവെള്ളത്തിൻ്റെ വിലയറിയുന്ന തമിഴ് ലോറി ഡ്രൈവർ എന്നിങ്ങനെ പല ജീവിതങ്ങൾ പ്രളയ മുഖത്തേക്ക് താനെ മഴവെള്ളം പോലെ ഒലിച്ചെത്തുകയാണ്. യാഥാർത്ഥ്യ ഭാവത്തോടെ പല കഥകളെ കോർത്തിണക്കുമ്പോഴും ഒരു ഡോക്യുമെൻ്ററി സ്വഭാവമെന്ന വെല്ലുവിളിയെ മറികടന്ന് തിരക്കഥയെ സിനിമാറ്റിക്കായി അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. സംവിധായകൻ ജൂഡ് ആന്തണി ജോസഫാണ് രചനയും നിർവഹിച്ചിരിക്കുന്നത്.
പ്രകൃതി തീർത്ത വെല്ലുവിളികളിൽ തനിച്ചും കുടുംബമായും നേരിട്ട മനുഷ്യ ജീവിതങ്ങളെയാണ് ചിത്രം ദൃശ്യവൽക്കരിച്ചിരിക്കുന്നത്. ഭരണകൂട സംവിധാനങ്ങൾ പോലും വിറങ്ങലിച്ചു നിന്ന സമയത്ത് ദുർഘടപ്രദേശങ്ങളിൽ തങ്ങളുടെ ചെറുവള്ളങ്ങളുമായെത്തി രക്ഷാദൌത്യം പൂർത്തിയാക്കിയ റിയൽ ലൈഫ് ഹീറോസ് മത്സ്യത്തൊഴിലാളികളുടെയും ഓരോ സ്ഥലത്തെയും ആളുകളുടെ ദുരിതാശ്വാസപ്രവർത്തനങ്ങളിലൂടെ ഉള്ളിലെ നന്മയും സൃഷ്ടിപരതയും അനുഭവമാക്കുകയായിരുന്നു ചിത്രം. മൊബൈൽ ഫോണിൽ അധോമുഖരായി കഴിയുന്ന ചെറുപ്പക്കാർ ദുരന്തമുഖത്തു സർവസജ്ജരായി നിലകൊണ്ടതിൻ്റെയും സാക്ഷ്യമാവുകയായിരുന്നു ചിത്രം.ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, നരേൻ, ലാൽ, തൻവി റാം, അപർണ ബാലമുരളി, വിനീത് ശ്രീനിവാസൻ, തമിഴ് നടൻ തമിഴരശൻ, സുധീഷ്, അജു വർഗീസ്, ഇന്ദ്രൻസ് എന്നിങ്ങനെ ഒരുപിടി വലിയ താരനിര അണിനിരന്ന ചിത്രം കഥാപാത്രങ്ങളുടെ വൈകാരിക സഞ്ചാരത്തെ ജീവിതത്തിൻ്റെ ശ്വാസമിടിപ്പോടെ സിനിമയിൽ സന്നിവേശിപ്പിക്കുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
ദൃശ്യ മികവിനു മിഴിവേകുന്ന ശബ്ദ വിന്യാസംകൂടി ചിത്രത്തിനൊപ്പം ചേരുന്നതോടെ തിയറ്റർ എക്സ്പീരിയൻസാണ് ചിത്രം പ്രേക്ഷകർക്കു നൽകുന്നത്. നാടകീതയും ഡോക്യുമെൻ്ററി സ്വഭാവമൊക്കെ ഇടവേളയിൽ പ്രകടമനാകുമ്പോഴും അതിനെ മറികടന്നു പ്രേക്ഷകരെ ഒപ്പം കൂട്ടി മുന്നോട്ടു പോകാൻ ചിത്രത്തിനു കഴിയുന്നുണ്ട്. താരങ്ങളുടെ മികച്ച പ്രകടനവും അതിനു മുതൽക്കൂട്ടാകുന്നു. വെള്ളപ്പൊക്ക ദൃശ്യത്തിൻ്റെ ഭീകരതയെ ഇത്രത്തോളം മികവോടും തികവോടും മറ്റൊരു ചിത്രത്തിലും കണ്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഛായാഗ്രാഹകൻ അഖിൽ ജോർജ്, സംഗീതം ഒരുക്കിയ നോബിൻ പോൾ എന്നിവരും ചിത്രത്തിൻ്റെ വിജയ ശില്പികളാണ്. നോബിൻ പോൾ ഒരുക്കിയ സംഗീതങ്ങളും പശ്ചാത്തല സംഗീതവും അഖിൽ ജോർജിൻ്റെ കാഴ്ചകളെ മറ്റൊരു തലത്തിലേക്ക് എത്തിക്കുകയാണ്.
യഥാർത്ഥ സംഭവത്തിനെ സിനിമാറ്റിക്കായി അവതരിപ്പിക്കുന്ന വെല്ലുവിളിയെ അനായാസം മറികടക്കുകയായിരുന്നു ജൂഡ് ആന്തോണിയും സംഘവും. പ്രളയത്തിൻ്റെ എല്ലാ രൌദ്രഭാവങ്ങളെയും ഒട്ടും തീവ്രത കുറയാതെ വെള്ളിത്തിരയിലെത്തിക്കാൻ അണിയറ പ്രവർത്തകർക്കു സാധിച്ചു. മികച്ച ടെക്നിക്കൽ ടീമിൻ്റെ ഒന്നിച്ചുള്ള പരിശ്രമമാണ് ചിത്രത്തെ ഒരു തിയറ്റർ അനുഭവമാക്കി മാറ്റുന്നത്. ആദ്യ പാതിയിൽ പല ജീവിതങ്ങളെ കോർത്തിണക്കി പ്രളയ തീരത്തേക്ക് പ്രേക്ഷകരെ പതിയെ കൊണ്ടു നിർത്തുന്ന ജൂഡ് ആന്തണി രണ്ടാം പാതിയിൽ പ്രളയ വെള്ളത്തിലേക്ക് തള്ളിവിടുകയാണ്.
പിന്നീട് വെള്ളിത്തിരയിലെ ഓരോ ജീവിത അനുഭവങ്ങളെയും പ്രേക്ഷകൻ്റെതാക്കി മാറ്റുന്ന മാജിക് അവിടെ സാധ്യമാവുന്നു. ആർജവവും നിസഹായതയും സഹാനുഭൂതിയും പ്രതീക്ഷയും വെല്ലുവിളികളെ അതിജീവിക്കുമ്പോഴുള്ള ആനന്ദവും അവിടെ തിരിച്ചറിയുന്നു. ഒരു കാഴ്ചാസ്വാദനം എന്നതിനപ്പുറം വൈകാരികമായി അനുഭവിച്ച് അറിയുന്ന മാജിക്കിനെ വെള്ളിത്തിരയിൽ സൃഷ്ടിച്ചിരിക്കുകയാണ് ജൂഡ് അന്തണി ജോസഫ്.
Find out more: