രാജ്യവ്യാപക ലോക്ഡൗണ്‍ മേയ് 17നുശേഷവും തുടരേണ്ടിവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.

സംസ്ഥാന മുഖ്യമന്ത്രിമാരുമായി ഇന്നലെ നടത്തിയ ആറുമണിക്കൂറിലധികം നീണ്ട വീഡിയോ കോണ്‍ഫറന്‍സിലാണ് പ്രധാനമന്ത്രിയുടെ ഈ തീരുമാനം അറിയിച്ചത്. 

 

കോവിഡ് ബാധയെത്തുര്‍ന്നുള്ള നിയന്ത്രണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ മാന്ദ്യം ബാധിക്കാതിരിക്കാന്‍ ഏതൊക്കെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ അനുവദിക്കണം, എങ്ങനെ മുന്നോട്ട് പോകണം എന്നതിനെക്കുറിച്ച് മേയ് 15-ന് മുമ്പ് നിര്‍ദ്ദേശം നല്‍കാന്‍ പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

 

 

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായ ഉന്നതാധികാര സമിതി 16ന് വൈകിട്ട് യോഗം ചേരും. യോഗത്തില്‍ മേയ് 17ന് ശേഷം സ്വീകരിക്കേണ്ട നടപടികളും നല്‍കേണ്ട ഇളവുകളും സംബന്ധിച്ചു തീരുമാനം കൈക്കൊള്ളും. പൊതുഗതാഗതം തുറക്കുന്നതു സംബന്ധിച്ച് ഉടന്‍ തീരുമാനം കൈക്കൊള്ളുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിലയിരുത്തിയയോഗം മൂന്നാം ഘട്ട ലോക്ഡൗണ്‍ അവസാനിക്കുന്ന മേയ് 17നു ശേഷം സ്വീകരിക്കേണ്ട നടപടികളാണ് പ്രധാനമായും ചര്‍ച്ച നടന്നത്.

 

 

ലോക്ഡൗണ്‍ ഉടന്‍ പിന്‍വലിക്കരുതെന്ന് ആറ് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ ചില നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ മതിയെന്നായിരുന്നു മറ്റുസംസ്ഥാനങ്ങളുടെ നിലപാട്. പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ വലിയ പങ്കുവഹിക്കാന്‍ കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കണമെന്നു ഭൂരിഭാഗം സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും അഭ്യര്‍ഥിച്ചു. കേന്ദ്രം വല്ല്യേട്ടന്‍ സ്വഭാവം കാണിക്കുന്നുവെന്ന് പഞ്ചാബ്, കേരളം, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ തുറന്നടിച്ചു.

 

 

മൂന്നാംഘട്ട ലോക്ഡൗണില്‍ സോണുകള്‍ തിരിച്ച രീതിയേയും വിവിധ സംസ്ഥാനങ്ങള്‍ വിമര്‍ശിച്ചു. സോണുകള്‍ തിരിച്ചതില്‍ അപകാതയുണ്ടെന്നും തങ്ങളുടെ സാമൂഹിക-ഭൂമിശാസ്ത്രപരമായ പശ്ചാത്തലങ്ങള്‍ അനുസരിച്ചു തീരുമാനമെടുക്കാന്‍ അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പൊതുഗതാഗത സംവിധാനം ഘട്ടംഘട്ടമായി തുറക്കുമെന്ന കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രഖ്യാപനത്തെയും ചില സംസ്ഥാനങ്ങള്‍ എതിര്‍ത്തു. ട്രെയിന്‍ സര്‍വീസ് സാധാരണ രീതിയില്‍ ആയാല്‍ നിയന്ത്രണങ്ങള്‍ പാളുമെന്നു തമിഴ്‌നാടും തെലങ്കാനയും പശ്ചിമബംഗാളും നിലപാട് എടുത്തു.

 

 

 

మరింత సమాచారం తెలుసుకోండి: