ഓപ്പറേഷൻ ഗംഗ വിജയമാകാൻ കാരണം ഇന്ത്യയുടെ ആഗോള സ്വാധീനം വർധിച്ചതിന്നു പ്രധാന മന്ത്രി! വലിയ രാജ്യങ്ങളടക്കം യുക്രൈനിൽ നിന്നുള്ള രക്ഷാപ്രവർത്തനം ദുഷ്കരമാണെന്നു കരുതിയപ്പോഴാണ് ഇന്ത്യ ആയിരക്കണക്കിന് വിദ്യാർഥികളെ തിരിച്ചെത്തിച്ചതെന്ന് മോദി പറഞ്ഞു. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ നടത്തിയ ഓപ്പറേഷൻ ഗംഗ വലിയ വിജയമായെന്നും ഇതിനു കാരണം ആഗോളതലത്തിൽ ഇന്ത്യയുടെ വർധിച്ച സ്വാധീനമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ വിമാനക്കമ്പനികളുടെയും വ്യോമസേനയുടെയും സഹായത്തോടെയാണ് യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളെ തിരിച്ചെത്തിച്ചത്. പ്രതീക്ഷിച്ചതിലും വേഗത്തിൽ യുക്രൈനെതിരെ റഷ്യ സൈനികാക്രമണം തുടങ്ങിയതോടെ രാജ്യത്തെ സിവിൽ വ്യോമഗതാഗതം നിർത്തിവെക്കുകയായിരുന്നു.
യുക്രൈൻ, റഷ്യ സൈന്യങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ കനത്തതോടെ ഇന്ത്യൻ വിദ്യാർഥികൾ അടക്കമുള്ളവർക്ക് ബങ്കറുകളിലേയ്ക്ക് മാറേണ്ടി വന്നു. കൈയ്യിലുള്ള ഭക്ഷണവും കുടിവെള്ളവും തീരാറായതോടെ വിദ്യാർഥികൾ ദുരിതത്തിലായി. ഇതോടെയാണ് കേന്ദ്രസർക്കാർ രക്ഷാപ്രവർത്തനത്തിനായി ഓപ്പറേഷൻ ഗംഗ ആരംഭിച്ചത്. മഹാരാഷ്ട്രയിലെ പൂനെ സിംബിയോസിസ് സർവകലാശാലയുടെ സുവർണജൂബിലിയോട് അനുബന്ധിച്ച് സംസാരിക്കുമ്പോഴായിരുന്നു മോദിയുടെ വാക്കുകൾ. ഓപ്പറേഷൻ ഗംഗ ദൗത്യത്തിലൂടെ ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികളെ യുദ്ധഭൂമിയിൽ നിന്ന് ജന്മനാട്ടിൽ തിരിച്ചെത്തിക്കാൻ കഴിഞ്ഞെന്ന് മോദി പറഞ്ഞു. ഈ രാജ്യങ്ങളുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം നടത്തിയ ചർച്ചയ്ക്ക് ശേഷം വിസയില്ലാതെ ഇന്ത്യൻ വിദ്യാർഥികളെ കടത്തി വിടാമെന്ന് ധാരണയിലെത്തിയിരുന്നു.
ഇതോടെയാണ് രക്ഷാപ്രവർത്തനത്തിന് വഴി തുറന്നത്. പടിഞ്ഞാറൻ യുക്രൈനിൽ നിന്നും തലസ്ഥാനമായ കീവിൽ നിന്നും ട്രെയിൻ മാർഗവും റോഡുമാർഗവും എത്തുന്ന വിദ്യാർഥികൾ കാൽനടയായി അതിർത്തി മുറിച്ചു കടന്നാണ് യുക്രൈനിൽ നിന്നു പുറത്തെത്തിയത്. തുടർന്ന് ഇവിടെ നിന്ന് വിമാനമാർഗം വിദ്യാർഥികളെ ഇന്ത്യയിലെത്തിക്കുകയായിരുന്നു. ദൗത്യം ഏകോപിപ്പിക്കാനായി കേന്ദ്രമന്ത്രിമാരെയും യുക്രൈൻ്റെ അയൽരാജ്യങ്ങളിലെത്തിച്ചിരുന്നു. യുക്രൈൻ്റെ അയൽരാജ്യങ്ങളായ പോളണ്ട്. റുമേനിയ തുടങ്ങിയ രാജ്യങ്ങളുമായി സഹകരിച്ചാണ് രക്ഷാദൗത്യം നടത്തിയത്. ഇന്നലെ പൂനെയിലെത്തിയ പ്രധാനമന്ത്രി പൂനെ മെട്രോ ഉദ്ഘാടനം ചെയ്ത് സ്കൂൾ വിദ്യാർഥികൾക്കൊപ്പം സഞ്ചരിച്ചിരുന്നു. കയോക്സിൽ നിന്ന് സ്വന്തമായി ടിക്കറ്റെടുത്ത് മെട്രോയിൽ സഞ്ചരിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങളും പുറത്തു വന്നിരുന്നു.
മൊത്തം 32.2 കിലോമീറ്റർ ദൂരത്തിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന പൂനെ മെട്രോയുടെ ആദ്യ ഘട്ടത്തിലെ 12 കിലോമീറ്ററാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. അതേസമയം, റഷ്യൻ അതിർത്തിയോടു ചേർന്നുള്ള കർക്കീവ് നഗരത്തിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ശ്രമം പൂർണമായും ഫലം കണ്ടിട്ടില്ല. ഇവരെ റഷ്യയിലെത്തിച്ച ശേഷം ഇന്ത്യയിലേയ്ക്ക് തിരികെയെത്തിക്കാനാണ് നീക്കം. ഓപ്പറേഷൻ ഗംഗ അവസാനഘട്ടത്തോട് അടുക്കുമ്പോഴാണ് ദൗത്യത്തെപ്പറ്റി പ്രധാനമന്ത്രിയുടെ പ്രതികരണം. അതേസമയം, ശേഷിക്കുന്ന വിദ്യാർഥികളെക്കൂടി യുക്രൈനിൽ നിന്നു തിരിച്ചെത്തിക്കുന്നതിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുക്രൈൻ പ്രധാനമന്ത്രി വോളോഡിമിർ സെലെൻക്സിയുമായി ചർച്ച നടത്തും.
Find out more: