കോൺഗ്രസ് ഒരു കുടുംബത്തിൻ്റേതല്ല; ഹൈക്കമാൻഡിനെതിരെ കപിൽ സിബൽ രംഗത്ത്! പൊടിക്കൈകൾ കൊണ്ട് പാർട്ടിയെ രക്ഷിക്കാൻ കഴിയില്ലെന്നും നേതൃത്വം മാറുക തന്നെ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി ഇല്ലാത്ത അധികാരമാണ് പ്രയോഗിക്കുന്നതെന്നും കോൺഗ്രസ് കുടുംബസ്വത്തല്ലെന്നും കപിൽ സിബൽ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലെ കൂട്ടത്തോൽവി തന്നെ അത്ഭുതപ്പെടുത്തിയില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. യുപിയിൽ കോൺഗ്രസിന് കിട്ടിയ വോട്ടുവിഹിതം 2.33 ശതമാനം മാത്രമാണെന്നും എന്നാൽ ഇത് തന്നെ അതിശയിപ്പിച്ചില്ലെന്നും കപിൽ സിബൽ പറഞ്ഞു. പാർട്ടിയ്ക്ക് ജനങ്ങളുമായി ബന്ധമില്ലാത്തതാണ് പരാജയത്തിനു കാരണം. കോൺഗ്രസ് പ്രവർത്തക സമിതിയുടെ തീരുമാനത്തിലും അതിശയമില്ല.
പാർട്ടിയുടെ പരാജയത്തിൻ്റെ കാരണം കണ്ടെത്താനായി എട്ടുവർഷത്തിനു ശേഷം ചിന്തൻ ശിബിർ സംഘടിപ്പിക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്. എട്ട് വർഷം കഴിഞ്ഞിട്ടും പാർട്ടിയ്ക്കും നേതൃത്വത്തിനും പരാജയത്തിൻ്റെ കാരണം മനസ്സിലാകുന്നില്ലെങ്കിൽ അവർ ഒരു വെള്ളരിക്കാ പട്ടണത്തിലാണ് ജീവിക്കുന്നതെന്ന് പറയേണ്ടി വരുമെന്നും കപിൽ സിബൽ കുറ്റപ്പെടുത്തി. കോൺഗ്രസ് പാർട്ടി യാഥാർഥ്യങ്ങളിൽ നിന്ന് ഒളിച്ചോടുകയാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിലും യുപിയിലും അടക്കം നേരിട്ട കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ പാർട്ടിയിലെ വിമത നേതാക്കൾ വിമർശനം തുടരുകയാണ്. എന്നാൽ നിലവിലെ നേതൃത്വം തന്നെ തുടരട്ടെയെന്നാണ് കോൺഗ്രസ് പ്രവർത്തകസമിതിയുടെ തീരുമാനം.
ഇതിനിടയിലാണ് കപിൽ സിബലിൻ്റെ പൊട്ടിത്തെറി. ഇന്ത്യൻ എക്സ്പ്രസിനോടു സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. എല്ലാ വർഷവും അധ്യക്ഷനെ മാറ്റുന്ന പതിവാണ് ചരിത്രപരമായി കോൺഗ്രസിന് ഉണ്ടായിരുന്നത്. അടുത്തിടെ മാത്രമാണ് ഒരു അധ്യക്ഷനു കീഴിൽ ഇത്രയധികം കാലം പോകുന്ന പതിവുണ്ടായത്. കോൺഗ്രസ് എന്ന വാക്കിൻ്റെ അർഥം തന്നെ ഒത്തുചേരൽ എന്നാണെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി ജയിച്ച സ്ഥലങ്ങളിൽ പോലും പ്രവർത്തകരെ ഒറ്റക്കെട്ടായി കൊണ്ടുപോകാൻ സാധിച്ചില്ല. ഇതിനിടയിൽ പാർട്ടിയിൽ നിന്ന് പല സുപ്രധാന നേതാക്കളും പുറത്തു പോയി.
പാർട്ടി നേതൃത്വത്തിൽ വിശ്വാസമുണ്ടായിരുന്ന പലരും പാർട്ടി വിട്ടു. ഈ വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ പോലും പാർട്ടി നേതൃത്വത്തോടു ചേർന്നു നിന്ന പലരും കോൺഗ്രസ് വിട്ടു. 2014 മുതൽ കോൺഗ്രസിൽ നിന്ന് 177 എംപിമാരും എംഎൽഎമാരും 222 സ്ഥാനാർഥികളും വിട്ടു മറ്റു പാർട്ടികളിൽ ചേർന്നെന്ന് കപിൽ സിബൽ ചൂണ്ടിക്കാട്ടി. രാജ്യത്ത് മറ്റൊരു രാഷ്ട്രീയ പാർട്ടികൾക്കും ഈ അവസ്ഥയില്ലെന്നും അദ്ദേഹം പറഞ്ഞു. 2014 മുതൽ പാർട്ടി തകർച്ചയിലാണെന്നും ഭരിച്ചിരുന്ന സംസ്ഥാനങ്ങൾ ഒന്നൊന്നായി നഷ്ടപ്പെട്ടെന്നും കപിൽ സിബൽ ചൂണ്ടിക്കാട്ടി.
Find out more: