
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിന്റെ ഫലമായി കേരളത്തിൽ അഞ്ചുദിവസത്തേയ്ക്ക് കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ വ്യാഴാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ തുടർച്ചയായി അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ ജാഗ്രത പാലിക്കാൻ ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. ഇവിടങ്ങളിൽ ഉരുൾപൊട്ടലിനും മണ്ണിച്ചിടിലിനും സാധ്യതയുണ്ട്.
ബുധനാഴ്ചയോടെ ന്യൂനമർദം കൂടുതൽ ശക്തിപ്രാപിക്കും. എന്നാലിത് ചുഴലിക്കാറ്റായി മാറില്ല. ന്യൂനമർദമായിത്തന്നെ കരയിലേക്ക് കടക്കാനാണ് സാധ്യത.
കേരള, കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും തെക്കുപടിഞ്ഞാറൻ ദിശയിൽനിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർവരെ വേഗത്തിൽ ശക്തമായ കാറ്റുവീശാൻ സാധ്യതയുണ്ട്.