ഭൂമിയിലെ ആവാസവ്യവസ്ഥകളുടെ പരിപാലനത്തിനും ജീവന്റെ നിലനിൽപ്പിനും എല്ലാ ജീവജാലങ്ങളും തമ്മിലലുള്ള പരസ്പര സഹവർത്തിത്വം അനിവാര്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. വനം വകുപ്പിന്റെ അഭിമുഖ്യത്തിൽ സൈലന്റ് വാലിയിലെ മുക്കാലിയിൽ സംഘടിപ്പിച്ച വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ഇൗ ഭൂമിയിൽ ജീവിക്കാൻ മനുഷ്യരെപ്പോലെ ജീവജാലങ്ങൾക്കും അവകാശമുണ്ട്. വന്യജീവികൾ ജനവാസ മേഖലയിലേയ്ക്ക് കടന്ന് കയറുന്നതിന് കാരണം ആവാസവ്യവസ്ഥയുടെ ശോഷണവും ഭക്ഷണം, വെള്ളം അടക്കമുള്ള മറ്റ് അനിവാര്യ ഘടകങ്ങളുടെ ദൗർലഭ്യവുമാണ്. അത് പരിഹരിക്കാനുതകുന്ന പഠനങ്ങൾ നടത്തുകയും പദ്ധതികൾ ആവിഷ്കരിക്കുകയും വേണം. ഫലവൃക്ഷങ്ങൾ നട്ടുവളർത്തുന്നതും ചെക്ക്ഡാമുകൾ നിർമിക്കുന്നതും പരിസ്ഥിതിക്കിണങ്ങാത്ത മരങ്ങൾ ഒഴിവാക്കിക്കൊണ്ടുള്ള വനവത്കരണവുമെല്ലാം മനുഷ്യനും വന്യജീവികൾക്കും ഒരുപോലെ ഉപകാരപ്പെടും. വനത്തേക്കും വന്യജീവികളേയും പ്രകൃതിയേയും സംരക്ഷിക്കുന്നതിലൂടെ  ഭൂമി സമഗ്രതയിൽ സംരക്ഷിക്കുകപ്പെടുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

 

ദാരിദ്ര്യം മൂലം വനത്തിലേക്ക് കടന്നു കയറുന്നവരേയും വനം കൊള്ളക്കാരേയും രണ്ടായി കാണണം. വെട്ടിപ്പിടിക്കാനെത്തുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരളം മുഴുവൻ പുതിയൊരു ഹരിതയജ്ഞത്തിലേക്ക് കടക്കുന്ന ദിനമാണ് ഒക്ടോബർ രണ്ട് എന്ന് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ച ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി പറഞ്ഞു.

 

വൈവിദ്ധ്യമാർന്ന വൃക്ഷാവരണം ഇല്ലായിരുന്നെങ്കിൽ ഇന്നത്തെ കേരളം ഇങ്ങനെ നിലനിൽക്കുമായിരുന്നില്ലെന്ന് വന്യജീവി വാരാഘോഷ സന്ദേശം നൽകിയ മുഖ്യ വനം മേധാവി പി. കെ. കേശവൻ പറഞ്ഞു. ജീവജാലങ്ങളുടെ നിലനിൽപ്പിനാവശ്യമായ എല്ലാ സാഹചര്യങ്ങളും ഒരുക്കിത്തരുന്ന വന്യജീവി സങ്കേതങ്ങളെ മനുഷ്യരാശിയുടെ അഭയകേന്ദ്രങ്ങളെന്ന് വിളിക്കുന്നതാവും ഉചിതമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

മുക്കാലി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നടന്ന ചടങ്ങിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുരേന്ദ്രകുമാർ സ്വാഗതം പറഞ്ഞു.മുളയുടെ തോഴി എന്നറിയപ്പെടുന്ന നൈന ഫെബിൻ വാരാചരണ പ്രതിജ്ഞ ചൊല്ലി.ചീഫ് കൺസർവേറ്റർ ഒാഫ് ഫോറസ്റ്റ് പി. പി. പ്രേമോദ്, സി.സി.എഫ് ബി.എൻ.അഞ്ജൻ കുമാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോപ്രദർശനം, സമൂഹചിത്രരചന, കലാപരിപാടികൾ എന്നിവയും ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.

మరింత సమాచారం తెలుసుకోండి: