ഉറപ്പായും കണ്ടിരിക്കേണ്ട വിജയ് സേതുപതി ചിത്രം ഏതാണ്? പിസ, സൂത് കവും, സേതുപതി, വിക്രം വേദ, സൂപ്പർ ഡീലക്‌സ്, 96, പേട്ട, മാസ്റ്റർ, വിക്രം എന്നിങ്ങനെ മാസ് ഓഡിയൻസിലേയ്ക്ക് വിജയ് എത്തുന്നത് ഈ ചിത്രങ്ങളിലൂടെയാണെങ്കിലും ഇവയ്‌ക്കൊക്കെ മുൻപ് സേതുപതി വിസ്മയിപ്പിച്ച മറ്റ് ചില ചിത്രങ്ങളുമുണ്ട്. അവയിൽ ഒന്നാണ് 'നടുവിലെ കൊഞ്ചം പക്കത്തെ കാണോം'. സംവിധായകന്റേയും സുഹൃത്തുക്കളുടേയും ജീവിതത്തിലെ യഥാർത്ഥ സംഭവങ്ങളാണ് സിനിമയ്ക്ക് അടിസ്ഥാനം. വിജയ് സേതുപതി എന്ന നടനെ പ്രേക്ഷകർ ആഘോഷമാക്കാൻ തുടങ്ങിയിട്ട് അധികകാലമായില്ല. സംവിധായകന്റേയും സുഹൃത്തുക്കളുടേയും ജീവിതത്തിൽനടന്ന അപ്രതീക്ഷിതമായ ചില സംഭവമാണ് സിനിമയ്ക്ക് അടിസ്ഥാനമായത്. പ്രേംകുമാർ, സരസ്, ബാലാജി, ഭഗവതി പെരുമാൾ എന്നീ സുഹൃത്തുക്കളെ അതേപടി പകർത്തുന്നതാണ് ചിത്രം. വിജയ് സേതുപതി, വിഘ്‌നേശ്വരൻ, ഭഗവതി പെരുമാൾ, രാജ്കുമാർ എന്നിവരാണ് സിനിമയിൽ ഈ നാല് സുഹൃത്തുക്കളെ അവതരിപ്പിക്കുന്നത്.





  പ്രേമിന്റെ കല്യാണത്തിന് രണ്ട് ദിവസം മുൻപ് ഈ നാലുപേരുടെയും ജീവിതം മാറിമറിയുന്നു. ബൈക്ക് മോഷണം പോയതിനെക്കുറിച്ച് പ്രേം കൂട്ടുകാരോട് പറയുന്നിടത്താണ് കഥ ആരംഭിയ്ക്കുന്നത്. വളരെ വികാരാധീനനായി കല്യാണത്തെക്കുറിച്ചും ബൈക്ക് മോഷണംപോയതിനെക്കുറിച്ചും സംസാരിക്കുന്നതിനിടെ സുഹൃത്തുക്കളിൽ ഒരാൾ ക്രിക്കറ്റ് കളിച്ചാലോ എന്ന് ചോദിക്കുന്നു. സാഹചര്യവുമായി യാതൊരു ബന്ധവുമില്ലല്ലോ എന്ന് പ്രേക്ഷകന് തോന്നും മുൻപ,് എല്ലാവരും ക്രിക്കറ്റ് കളിക്കാൻ തയ്യാറാകും. തുടർന്നുള്ള അഞ്ചു മിനിട്ടാണ് ആ സിനിമയെ മുഴുവനായും നയിക്കുന്നത്.  കളിക്കിടിയിൽ ആവേശം മൂത്ത് തനിക്ക് നേരെ എത്തുന്ന ക്യാച്ച് പിടിക്കാൻ പിന്നിലേയ്ക്ക് ആയുന്നത് സേതുപതി അവതരിപ്പിക്കുന്ന പ്രേമാണ്. ക്യാച്ച് പിടിക്കാൻ ആയുന്നതും പിന്നിലേയ്ക്ക് അയാൾ തലയടിച്ച് വീഴുകയാണ്. ക്യാച്ച് നഷ്ടമാക്കിയതിന് ഭഗവതി എന്ന ഭഗ്‌സ് ചീത്തവിളിയ്ക്കുന്നുണ്ടെങ്കിലും പ്രേം മറ്റേതോ ലോകത്താണ്.





   ഗൗണ്ട് വിടുന്നതിന് മുൻപ് പ്രേമിന്റെ പെരുമാറ്റത്തിൽ എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ടെന്ന് അവർക്ക് തോന്നുന്നുണ്ടെങ്കിലും ആരുംതന്നെ അതത്ര കാര്യമാക്കിയെടുക്കുന്നില്ല. പക്ഷേ കുറച്ച് കഴിഞ്ഞതോടെ കളിയ്ക്കിടെ വീണതിനെക്കുറിച്ച് മാത്രമാണ് പ്രേം പറയുന്നത്. പറഞ്ഞത് തന്നെ വീണ്ടും വീണ്ടും ആവർത്തിച്ചതോടെ വീഴ്ചയിൽ പ്രേമിനെന്തോ കാര്യമായി സംഭവിച്ചിട്ടുണ്ടെന്ന് അവർക്ക് വ്യക്തമായി. വീഴ്ച്ചയുടെ ആഘാതത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെല്ലാം പ്രേം മറന്ന്‌പോകുന്നു. രണ്ട് ദിവസങ്ങൾക്ക് ശേഷം നടക്കാൻപോകുന്ന തന്റെ കല്യാണമോ പ്രണയിച്ച പെൺകുട്ടിയോ, എന്തിന് ശിവാജി ഗണേശന്റെ മരണം പോലും പ്രേമിന്റെ ഓർമ്മയിൽ നിന്ന് മാഞ്ഞുപോയി.





   ഗായത്രിയാണ് ചിത്രത്തിൽ നായികയായി എത്തിയത്. കൂട്ടുകാരന് സംഭവിച്ച ദുരന്തം മറ്റാരേയും അറിയിക്കാതെ അവന്റെ റിസപ്ഷനും കല്യാണവും നടത്തുന്നതാണ് പിന്നീട് പ്രേക്ഷകർ കാണുന്നത്. കേൾക്കുമ്പോൾ വളരെ സാധാരണമായി തോന്നുമെങ്കിലും രണ്ടര മണിക്കൂർ ആകാംക്ഷയും പൊട്ടിച്ചിരിയും നിറച്ചാല്ലാതെ ഒരാൾക്കും ഈ ചിത്രം കണ്ടുതീർക്കാൻ സാധിയ്ക്കില്ല. ചിത്രത്തിലെ ഓരോ കഥാപാത്രവും പെർഫെക്ട് കാസ്റ്റിംഗാണ്.

Find out more: