സിനിമ പോസ്റ്ററിൽ മകളുടെ മുഖം; ആനന്ത കണ്ണീരുമായി റിതു മന്ത്രയുടെ അമ്മ! സിംഗിൾ പേരന്റാണെന്നും, അമ്മയാണ് എനിക്ക് എല്ലാം എന്നും റിതു പറഞ്ഞിരുന്നു. രണ്ട് വയസുള്ളപ്പോഴായിരുന്നു റിതുവിന് അച്ഛനെ നഷ്ടമായത്. ചെന്നൈയിൽ വെച്ചൊരു അപകടമുണ്ടായി, അതേത്തുടർന്നായിരുന്നു അച്ഛന്റെ മരണം. അച്ഛനെക്കുറിച്ച് അമ്മ പറഞ്ഞുള്ള ഓർമ്മകളേയുള്ളൂ. ഒരു ആൽബമുണ്ടായിരുന്നത് വെള്ളപ്പൊക്കം വന്നപ്പോൾ നശിച്ച് പോയെന്ന് റിതു ഷോയിൽ പറഞ്ഞിരുന്നു.ബിഗ് ബോസ് റിയാലിറ്റി ഷോയിൽ റിതു മന്ത്രയും മത്സരിച്ചിരുന്നു. തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് റിതു ഷോയിൽ തുറന്ന് സംസാരിച്ചിരുന്നു.അമ്മയുടെയും അച്ഛന്റെയും റോൾ അമ്മ തന്നെയാണ്. ഭർത്താവ് മരിച്ചതിന് ശേഷം അമ്മയോട് എല്ലാവരും രണ്ടാം വിവാഹത്തെക്കുറിച്ച് ചോദിച്ചിരുന്നു. എനിക്കൊരു മകളല്ലേ, ഇനിയൊരു വിവാഹമൊന്നും വേണ്ടെന്നായിരുന്നു അമ്മ പറഞ്ഞത്.





അമ്മ വീണ്ടുമൊരു വിവാഹം കഴിക്കുന്നത് കാണാൻ ആഗ്രഹമുണ്ടെന്നും റിതു പറഞ്ഞിരുന്നു. അതേക്കുറിച്ച് അമ്മയോട് നേരിട്ട് സംസാരിച്ചെങ്കിലും അനുകൂലമായിരുന്നില്ല മറുപടി. എനിക്ക് ഇനിയൊരു വിവാഹം വേണ്ടെന്ന് തന്നെയായിരുന്നു അമ്മ പറഞ്ഞത്.ഇപ്പോഴിതാ അമ്മയ്‌ക്കൊപ്പമുള്ളൊരു വീഡിയോ പങ്കിട്ടെത്തിയിരിക്കുകയാണ് റിതു. എല്ലാ പെൺകുട്ടികളും അച്ഛന്റെ രാജകുമാരിയായിരിക്കില്ലല്ലോ. ചിലരൊക്കെ അമ്മയുടെ പോരാളികളാണ്. ഇത് അമ്മയുടെ സ്വപ്‌നം സഫലമായ നിമിഷമാണ്. അമ്മ എന്നെ അത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്. എന്റെ പ്രചോദനവും ശക്തിയും അമ്മയാണ്. എനിക്കൊപ്പം സ്വപ്‌നം കാണാൻ കൂടെ നിന്നതിന് നന്ദി.





സിംഗിൾ പേരന്റിംഗ് എത്ര പ്രയാസമുള്ളതാണെന്ന് എനിക്കറിയാം. അമ്മയെപ്പോലെയുള്ളവരുടെ മനസിലെ ആഗ്രഹം സഫലമായി കാണാനാണ് ഞാനും ആഗ്രഹിക്കുന്നത്. വലിയ സ്വപ്‌നങ്ങൾ കാണാൻ പഠിപ്പിച്ചത് അമ്മയാണ്. നിങ്ങളുടെ സ്വപ്‌നങ്ങളെല്ലാം അർത്ഥവത്താണ്. സൂപ്പർ സിന്ദഗി ക്രൂമിന് നന്ദി. ഈ വീഡിയോ പകർത്തിയ പ്രിയപ്പെട്ടവർക്കും നന്ദി എന്നുമായിരുന്നു റിതു കുറിച്ചത്.സന്തോഷം കാരണം അമ്മയ്ക്ക് കരച്ചിലും വരുന്നുണ്ടായിരുന്നു. നിലത്ത് ഇരുന്ന് പോയ അമ്മയെ റിതു പിടിച്ച് എഴുന്നേൽപ്പിക്കുന്നതും വീഡിയോയിൽ കാണാം. 




ഇത് കാണുമ്പോൾ സന്തോഷവും അഭിമാനവും തോന്നാതെയിരിക്കുമോ, ഇത് അമ്മയുടെ കൂടെ നേട്ടമാണ്. ഈ ഒരു നിമിഷം നിങ്ങളെ സംബന്ധിച്ച് എത്ര അമൂല്യമാണെന്ന് മനസിലാക്കുന്നു. റിതുവും അമ്മയും പോരാളികളാണ്, നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്നുമായിരുന്നു ആരാധകർ പറഞ്ഞത്.അമ്മയ്‌ക്കൊപ്പം നടന്ന് പോവുമ്പോൾ റിതു അമ്മയെ തന്റെ പോസ്റ്റർ കാണിക്കുകയായിരുന്നു. അത് കണ്ടതും സന്തോഷത്തോടെ മകളെ കെട്ടിപ്പിടിക്കുകയായിരുന്നു അമ്മ.

Find out more: