ഐഎൻഎക്സ് മീഡിയാ കേസിൽ സി.ബി.ഐ കസ്റ്റഡിയിലായിരുന്ന മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രത്യേക സി.ബി.ഐ കോടതിയാണ് ചിദംബരത്തെ ജൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ഇതോടെ അദ്ദേഹം തിഹാർ ജയിലിൽ കഴിയേണ്ടി വരും.

ചിദംബരം സ്വാധീനമുള്ള വ്യക്തിയാണെന്നും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്നുമുള്ള സിബിഐയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. സെപ്തംബർ 19 വരെയാണ് ചിദംബരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. 74 കാരനായ മുന്‍ കേന്ദ്രമന്ത്രിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടരുതെന്ന് കപില്‍ സിബല്‍ വാദിച്ചു. ചിദംബരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ കീഴടങ്ങാന്‍ സന്നദ്ധനാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

അദ്ദേഹത്തിന്റെ ആരോഗ്യനിലയും മുന്‍ ധനമന്ത്രി എന്ന പരിഗണനയും വെച്ച്  പ്രത്യേക സുരക്ഷയും, മരുന്നുകളും നല്‍കണമെന്നും പ്രത്യേക സെല്ലും കിടക്കയും വെസ്‌റ്റേണ്‍ ടോയ്‌ലറ്റും അനുവദിക്കണമെന്നും സിബല്‍ ആവശ്യപ്പെട്ടു. കോടതി ഈ ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്തു. 

Find out more: