
സുപ്രീംകോടതിയുടെ ഉത്തരവ് നടപ്പാക്കുന്നതിന് മുന്നോടിയായി അഞ്ച് ദിവസത്തിനകം ഫ്‌ളാറ്റ് ഒഴിഞ്ഞുകൊടുക്കണമെന്നാണ് നഗരസഭയുടെ നിര്‍ദ്ദേശം വന്നിരിക്കെ ഫ്‌ളാറ്റിലെ കുടുംബങ്ങള്‍ സമരത്തിനൊരുങ്ങുന്നു. ഇന്ന് വിവിധ ഫ്‌ളാറ്റുകളിലെ ഉടമകള്‍ യോഗം ചേര്‍ന്ന് സമരപരിപാടികള്‍ ആസൂത്രണം ചെയ്യും. അഞ്ച് ഫ്‌ളാറ്റുകളിലെ 357 കുടുംബങ്ങള്‍ക്കും മാറാനുള്ള കാലാവധി നാളെ അവസാനിക്കാനിരിക്കെ അനിശ്ചിതകാല സമരത്തിനാണ് ഫ്ലാറ്റ് ഉടമകൾ തയ്യാറെടുക്കുന്നത്.
ഫ്‌ളാറ്റ് ഉടമകളോട് ഒഴിയാന്‍ ആവശ്യപ്പെട്ട് പത്താം തീയതിയാണ് നഗരസഭ സെക്രട്ടറിയുടെ ഉത്തരവിറങ്ങിയത്. കുടുംബങ്ങള്‍ നോട്ടീസ് കൈപ്പറ്റാതിരുന്നതിനെ തുടര്‍ന്ന് നഗരസഭാ സെക്രട്ടറി ഫ്‌ളാറ്റിന്റെ ചുവരുകളില്‍ പതിപ്പിക്കുകയായിരുന്നു. താമസക്കാരെ ബലം പ്രയോഗിച്ച് ഇറക്കിവിടില്ലെങ്കിലും ഫ്‌ളാറ്റ് പൊളിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് നഗരസഭ. പൊളിക്കാന്‍ വിദഗ്ധരായ ഏജന്‍സികളെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. തീരദേശ പരിപാലന നിയമങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്‌ളാറ്റ് സമുച്ചയം ഈ മാസം ഇരുപതിനകം പൊളിച്ച് നീക്കണമെന്നാണ് സുപ്രീംകോടതിയുടെ അന്ത്യശാസനം. എന്നാൽ ഫ്ലാറ്റിൽ താമസിക്കുന്ന 357 കുടുംബങ്ങൾ എന്തു ചെയ്യുമെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തമായ തീരുമാനം ഒന്നും ആയിട്ടില്ല. ശക്തമായ സമരത്തിലേക്ക് പോകാനാണ് ഇവരുടെ തീരുമാനം. ഫ്ലാറ്റിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് വേണ്ടി ചെയ്യാൻ ആവുന്നതൊക്കെ ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു