'കെ സുരേന്ദ്രനെ സർക്കാർ കുടുക്കാൻ ശ്രമിക്കുന്നു' എന്നാരോപിച്ചു ബിജെപി നേതാക്കൾ ഗവർണറെ കണ്ടു! കൊടകര കള്ളപ്പണ കവർച്ചാ കേസിലും മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കോഴ കേസിലും കെ സുരേന്ദ്രനെ കുടുക്കാൻ ശ്രമിക്കുകയാണെന്നാണ് ബിജെപി നേതാക്കളുടെ ആരോപണം. ബിജെപി നേതാക്കളായ ഒ രാജഗോപാൽ, കുമ്മനം രാജശേഖരൻ, അടക്കമുള്ളവരാണ് ഗവർണറെ കണ്ടത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കളെ കള്ള കേസിൽ കുടുക്കുന്നുവെന്ന് ആരോപിച്ച് ബിജെപി നേതാക്കൾ ഗവർണറെ കണ്ട് നിവേദനം നൽകി. ഒരു വനിതാ ഐപിഎസ് ഉദ്യോഗസ്ഥ പ്രതികളെ അറസ്റ്റ് ചെയ്തതാണ്. നേതാക്കളെ കുരുക്കാനാണ് പുതിയ ടീം രൂപീകരിച്ചത്. അന്വേഷണ ഉദ്യോഗസ്ഥർ സിപിഎം അനുകൂലികളാണെന്നും ബിജെപി ആരോപിക്കുന്നു.



    ബിജെപിയെ നശിപ്പിക്കാൻ സർക്കാർ ഹീനമായ പ്രവർത്തികളാണ് ചെയ്യുന്നതെന്നാണ് കുമ്മനത്തിന്റെ ആരോപണം.മാത്രമല്ല ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ ഗവർണറെ അറിയിച്ചു. നേതാക്കളെ കള്ള കേസ് ചമച്ച് ജയിലിലാക്കാൻ ശ്രമിക്കുകയാണ്. കൊടകര കേസിൽ സർക്കാർ കള്ള കേസ് ചമയ്ക്കുകയാണ്.  അതേസമയം ധർമ്മരാജൻ പണത്തിന്റെ രേഖകൾ കോടതിയിൽ സമർപ്പിച്ചിരുന്നു. സുന്ദര സ്വന്തം ഇഷ്ടപ്രകാരമാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. റിട്ടേണിങ് ഓഫീസർക്കു മുന്നിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ഇപ്പോൾ കള്ള പരാതി ചമയ്ക്കുകയാണെന്നും ബിജെപി ആരോപിച്ചു. കോഴ വാങ്ങിയ സുന്ദരയ്ക്കെതിരെ എന്തുകൊണ്ട് കേസ് രജിസ്റ്റർ ചെയ്യുന്നില്ലെന്നും ഡിജിപിയെ കണ്ട് പരാതി നൽകുമെന്നും ബിജെപി നേതാക്കൾ വ്യക്തമാക്കി.




  മാത്രമല്ല കൊടകര കുഴൽപ്പണക്കേസ് ഉൾപ്പെടെയുള്ള വിവാദ സംഭവങ്ങളിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതിരോധത്തിലായതിനു പിന്നലെ മുട്ടിൽ മരംമുറി സംഭവം സർക്കാരിനെതിരെ ആയുധമാക്കാൻ ബിജെപി തന്ത്രം. അനധികൃതമായി മരം മുറിച്ച സംഭവത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെ സുരേന്ദ്രൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറെ കാണും. കൊടകര സംഭവത്തിൻ്റെ സാഹചര്യത്തിലാണ് സുരേന്ദ്രനെ ദേശീയനേതാക്കൾ ഡൽഹിയിലേയ്ക്ക് വിളിപ്പിച്ചത്. 



  വനംവകുപ്പുമായി ബന്ധപ്പെട്ട കേസായതിനാൽ കേന്ദ്രസർക്കാരിന് വിഷയത്തിൽ ഇടപെടാമെന്നും മരംമുറി സംഭവത്തിൽ കേന്ദ്രനിയമങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടെന്നുമാണ് ബിജെപി നേതാക്കളെ ഉദ്ധരിച്ചുള്ള മനോരമ റിപ്പോർട്ട്. കൊടകര സംഭവത്തിൽ ആദ്യഘട്ടത്തിൽ ഉൾവലിഞ്ഞു നിന്ന ശേഷം കെ സുരേന്ദ്രനു വേണ്ടി പ്രതിരോധം തീർത്ത് സംസ്ഥാന നേതാക്കൾ രംഗത്തെത്തിയതിനു പിന്നാലെയാണ് പുതിയ നീക്കം. ആദ്യഘട്ടത്തിൽ വേണ്ടത്ര രാഷ്ട്രീയ പ്രതിരോധം തീർക്കാതിരുന്നത് പാർട്ടിയ്ക്ക് തിരിച്ചടിയായെന്നാണ് ബിജെപി വിലയിരുത്തൽ.

Find out more: