ലക്ഷങ്ങളുടെ കോഴയുമായി കെ സുരേന്ദ്രനെതിരെ കേസെടുത്തു, സി കെ ജാനു രണ്ടാം പ്രതി! കൽപ്പറ്റ കോടതിയുടെ നിർദേശപ്രകാരം സുൽത്താൻ ബത്തേരി പോലീസാണ് കേസെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയാകാൻ സി കെ ജാനുവിന് പണം നൽകിയെന്ന പരാതിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. സുരേന്ദ്രനെതിരെ കേസെടുക്കാനുള്ള നിർദേശം സുൽത്താൻ ബത്തേരി സ്‌റ്റേഷൻ ഓഫീസർക്ക് ബുധനാഴ്‌ച കോടതി നൽകിയിരുന്നു. എം.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് പി കെ നവാസിൻ്റെ പരാതിയിലാണ് നടപടി. 



  തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജാനുവിന് സുരേന്ദ്രൻ പണം നൽകിയെന്ന് ജെ.ആർ.പി നേതാവ് പ്രസീത അഴീക്കോടാണ് വിവിധ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. സുരേന്ദ്രനും ജാനുവും തമ്മിലുള്ള ഫോൺ സംഭാഷണം ഇവർ പുറത്തുവിട്ടിരുന്നു. തെരഞ്ഞെടുപ്പിൽ കോഴ നൽകുന്നതിനെതിരെയുള്ള ഐപിസി 171 ഇ, തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിക്കൽ 171 എഫ് എന്നീ വകുപ്പുകൾ പ്രകാരമാണ് സുരേന്ദ്രനെതിരെ കേസെടുത്തത്. സുൽത്താൻ ബത്തേരി മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്ന കേസിൽ സി കെ ജാനു രണ്ടാം പ്രതിയാണ്. തെരഞ്ഞെടുപ്പ് പത്രിക പിൻവലിക്കാൻ മഞ്ചേശ്വരത്തെ ബിഎസ്‌പി സ്ഥാനാർഥി കെ സുന്ദരയ്‌ക്ക് രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും നൽകിയ സംഭവത്തിൽ സുരേന്ദ്രനെതിരെ പോലീസ് കേസെടുത്തിരുന്നു. 




   കൊവിഡ് പശ്ചാത്തലത്തിൽ ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായിട്ടുള്ള എല്ലാ തൊഴിലാളികൾക്കും 210 കോടിയിൽ പരം രൂപയുടെ ധനസഹായം വിതരണം ചെയ്യാൻ തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശം. മൊത്തം 210,32,98,000 രൂപയുടെ ധനസഹായമാണ് വിതരണം ചെയ്യുക. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായിട്ടുള്ള എല്ലാ തൊഴിലാളികൾക്കും 1000 രൂപയുടെ ധനസഹായം അനുവദിക്കാനാണ് ഉത്തരവ്. ധനക്കമ്മിയുള്ള ക്ഷേമനിധി ബോർഡുകൾക്ക് സർക്കാർ സഹായം നൽകും. ബന്ധപ്പെട്ട ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ലേബർ കമ്മീഷണർ അടിയന്തരമായി തുക കൈമാറ്റം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.



   കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡ് 7,11,13,000 രൂപയും കേരള ഈറ്റ, കാട്ടുവള്ളി,തഴ തൊഴിലാളി ക്ഷേമനിധി ബോർഡ് 9,00,00,000 രൂപയും കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് 52,50,00,000 രൂപയും കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ് 1,40,00,000 രൂപയും കേരള ലേബർ വെൽഫെയർ ഫണ്ട് ബോർഡ് 25,03,79,000 രൂപയും കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് (സ്കാറ്റേർഡ് ) 1,30,00,000 രൂപയും കേരള അസംഘടിത തൊഴിലാളി ക്ഷേമനിധി ബോർഡ് 22,50,00,000 രൂപയും വിതരണം ചെയ്യും.

Find out more: