കെജ്രിവാളിൻ്റെ അറസ്റ്റ്: പ്രധാനമന്ത്രിയുടെ വസതി വളയും, ഹോളി ഒഴിവാക്കി പ്രതിഷേധ പരമ്പര തീ‍ർക്കും! ഈ വർഷത്തെ ഹോളി ആഘോഷങ്ങൾ പാർട്ടി ഒഴിവാക്കുന്നതായി എഎപി ഡൽഹി കൺവീനർ ഗോപാൽ റായ് അറിയിച്ചു. ഈ മാസം 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കുമെന്നും പ്രവർത്തകർ വസതി വളയുമെന്നും ഗോപാൽ റായ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആം ആദ്മി പാർട്ടി (എഎപി) കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധ പരമ്പര തീർക്കാൻ എഎപി.  24ന് നിയമസഭാ മണ്ഡലങ്ങളിലും നരേന്ദ്ര മോദിയുടെ കോലം കത്തിക്കും. ഹോളി ദിവസമായ 25ന് പാ‍ർട്ടി ആഘോഷ പരിപാടികൾ സംഘടിപ്പിക്കില്ല.





26ന് പാർട്ടി പ്രധാനമന്ത്രിയുടെ വസതി വളയുമെന്നും ഇന്ത്യ മുന്നണി നേതാക്കളുമായി നടത്തിയ യോഗത്തിനു ശേഷമാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. അരവിന്ദ് കെജ്രിവാളിൻ്റെ കുടുംബാംഗങ്ങളെ കാണാൻ എഎപി എംഎൽഎമാരെയും കൗൺസില‍ർമാരെയും അനുവദിക്കുന്നില്ലെന്ന് ഗോപാൽ റായ് ആരോപിച്ചു. പാർട്ടിയുടെ നേതാക്കളെയും പ്രവ‍ർത്തകരെയും കസ്റ്റഡിയിലെടുക്കുകയാണ്. കെജ്രിവാളിൻ്റെ അറസ്റ്റിൽ രാജ്യം മുഴുവൻ ദുഖവും ദേഷ്യവും പ്രകടിപ്പിക്കുകയാണ്. ശനിയാഴ്ച രാവിലെ 10 മണിക്ക് ഷഹീദ് പാ‍ർക്കിൽവെച്ച് എല്ലാ എഎപി എംഎൽഎമാരും കൗൺസിലർമാരും ഇന്ത്യ മുന്നണിയുടെ പ്രതിനിധികളും ചേർന്ന് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലുമെന്നും ഗോപാൽ റായ് വ്യക്തമാക്കി. മദ്യ നയ അഴിമതിയിലെ മുഖ്യ സൂത്രധാരൻ കെജ്രിവാൾ ആണെന്നായിരുന്നു ഇഡി കോടതിയിൽ വാദിച്ചത്.





കെജ്രിവാളിനെതിരെ മൊഴിയും തെളിവുകളും ഉണ്ടെന്നും 600 കോടി രൂപയുടെ അഴിമതിയാണ് നടന്നതെന്നും പണം ഗോവ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചിട്ടുണ്ടെന്നുമായിരുന്നു ഇഡി കോടതിയെ അറിയിച്ചത്. എന്നാൽ നടന്നത് ആസൂത്രിത നീക്കമാണെന്നായിരുന്നു കെജ്രിവാൾ കോടതിയെ അറിയിച്ചത്. പ്രതിയെ മാപ്പ് സാക്ഷിയാക്കി മൊഴിയുണ്ടാക്കിയെന്നും മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്നത് ചരിത്രത്തിൽ ആദ്യമാണെന്നും കെജ്രിവാൾ കോടതിയിൽ വാദിച്ചു. അതേസമയം കെജ്രിവാളിന് ജാമ്യം നിഷേധിച്ചതോടെ ഡൽഹിയിൽ വൻ സുരക്ഷ ഏർപ്പെടുത്തി. 





എപി ആസ്ഥാനത്തിന് സമീപം കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചു. അതേസമയം ഡൽഹി മദ്യനയക്കേസിൽ ഇഡി അറസ്റ്റുചെയ്ത അരവിന്ദ് കെജ്രിവാളിനെ ഡൽഹി റോസ് അവന്യു കോടതി ഏഴു ദിവസത്തേക്ക് ഇഡിയുടെ കസ്റ്റഡിയിൽ വിട്ടു. ഈ മാസം 28ന് രണ്ടു മണിക്ക് കെജ്രിവാളിനെ വീണ്ടും കോടതിയിൽ ഹാജരാക്കണമെന്നാണ് നി‍ർദേശം. ഉത്തരവ് സംബന്ധിച്ച പൂർണവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 10 ദിവസത്തെ കസ്റ്റഡിയാണ് ഇഡി കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്.

మరింత సమాచారం తెలుసుకోండి: