നാലുലക്ഷം വീടുകൾ: ലൈഫ് മിഷൻ ഇതുവരെ ചെലവഴിച്ചത് 17490.33 കോടിയെന്ന് മുഖ്യമന്ത്രി! സംസ്ഥാനം സ്വപ്ന സാക്ഷാൽക്കാരത്തോട് അടുക്കുകയാണ്. നാലുലക്ഷം വീടുകൾ എന്ന നാഴികക്കല്ല് കേരളം പൂർത്തിയാക്കി. കൃത്യമായി പറഞ്ഞാൽ ഇതുവരെ പൂർത്തീകരിച്ചത് 4,03,558 വീടുകളാണ്. 1,00,052 വീടുകളുടെ നിർമാണം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭവനരഹിതരില്ലാത്ത കേരളം എന്നതാണ് സംസ്ഥാന സർക്കാരിന്റെ മുദ്രാവാക്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എഴുപത് ശതമാനം വീടുകളും പൂർണമായി സംസ്ഥാന സർക്കാരിൻറെയും തദ്ദേശ സ്ഥാപനങ്ങളുടെയും ചെലവിലാണ് നിർമിച്ചത്. എന്നിട്ടും ലൈഫ് മിഷൻ മുഴുവൻ കേന്ദ്ര സഹായമാണെന്ന് പറഞ്ഞു നടക്കുകയാണ് സംഘപരിവാർ കേന്ദ്രങ്ങൾ. അത് തന്നെയാണ് പ്രധാനമന്ത്രി കേരളത്തിൽ വന്ന് പറഞ്ഞതും പ്രകടന പത്രികയിൽ ആവർത്തിച്ചതും. സംസ്ഥാനം ഉണ്ടാക്കിയ നേട്ടത്തിന് മേൽ കേന്ദ്രത്തിന്റെ ബ്രാൻഡിങ് വേണമെന്നാണ് ആവശ്യം.





കേരളത്തിന്റെ അനുഭവം ഇതാണെങ്കിൽ, മറ്റു സംസ്ഥാനങ്ങളുടെ കാര്യം ഊഹിക്കാവുന്നതേ ഉള്ളൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് മിഷൻ ഇതുവരെ ആകെ ചെലവഴിച്ചത് 17490.33 കോടി രൂപയാണ്. അതിലെ കേന്ദ്ര വിഹിതം 2081.69 കോടി രൂപ മാത്രം. അതായത് 11.9 % മാത്രമാണ് പി.എം.എ.വൈ വഴി ലഭിച്ച കേന്ദ്ര സഹായം. രണ്ടു പദ്ധതികളിലെയും ഗുണഭോക്താക്കൾക്ക് ബാക്കി സംഖ്യ കൂട്ടി നാലുലക്ഷം രൂപ തികച്ച് നൽകുന്നത് സംസ്ഥാന സർക്കാരാണ്. യുവജനങ്ങളോടുള്ള സമീപനമോ? തൊഴിലില്ലായ്മ എന്ന പ്രശ്നത്തെ അഭിസംബോധന ചെയ്യാൻ നരേന്ദ്ര മോദി സർക്കാർ തയ്യാറല്ല. തൊഴിലില്ലായ്മ സംബന്ധിച്ച സർവ്വേ റിപ്പോർട്ടുകൾ പുറത്തു വരാതിരിക്കാൻ കാട്ടിയ വ്യഗ്രതയാണ് "നേട്ടം". തൊഴിലുള്ള ഇന്ത്യക്കാരുടെ എണ്ണം 2013-ൽ 44 കോടിയായിരുന്നെങ്കിൽ 2021 ആയപ്പോഴേയ്ക്കും 38 കോടിയായി കുറഞ്ഞു. അതേ സമയം തൊഴിലെടുക്കാൻ സാധ്യമായ പ്രായമുള്ളവരുടെ എണ്ണം 79 കോടിയിൽ നിന്നും 106 കോടിയായി ഉയരുകയും ചെയ്തു.






തൊഴിലെടുക്കുന്നവരിൽ സ്ത്രീകളുടെ ശതമാനം 2013-ൽ 36 ശതമാനം ആയിരുന്നെങ്കിൽ 2021 ആയപ്പോൾ അത് 9.24 ശതമാനം ആയി കുറഞ്ഞു. സ്ഥിരം തൊഴിൽ ഒരു സ്വപ്നം പോലും അല്ലാതായി മാറി. എട്ടുവർഷംകൊണ്ട് (2014-2022) കേന്ദ്ര ഗവൺമെന്റ് സർക്കാരിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമായി ഉദ്യോഗം നൽകിയത് വെറും 7.22 ലക്ഷം പേർക്കാണ്. പുതുതായി ഒരു തസ്തികയും സൃഷ്ടിച്ചിട്ടില്ല. കേന്ദ്ര സർവീസിലും പൊതുമേഖല സ്ഥാപനങ്ങളിലുമായി നിലവിലുള്ള 10 ലക്ഷത്തോളം തസ്തികളിൽ നിയമനം മരവിപ്പിച്ചു. കഴിഞ്ഞ 10 വർഷം കൊണ്ട് ബിജെപി നൽകിയ വാഗ്ദാനങ്ങൾ എല്ലാം നടപ്പാക്കിയെന്നും അവകാശപ്പെടുന്ന പ്രകടന പത്രിക, ആർക്ക് നൽകിയ വാഗ്ദാനമാണ് പാലിക്കപ്പെട്ടത് എന്നതിൽ മൗനം ദീക്ഷിക്കുകയാണ്. ഗ്യാരണ്ടി കിട്ടിയത് രാജ്യത്തെ കോർപ്പറേറ്റുകൾക്കാണ്. കഴിഞ്ഞ 5 കൊല്ലത്തിനിടെ 10 ലക്ഷം കോടിയോളം രൂപയുടെ കോർപ്പറേറ്റ് ലോണുകളാണ് പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളിയത്.





 പൗരത്വ ഭേദഗതി നിയമം കേമത്തമായി പറയുകയും ഏക സിവിൽ കോഡ് അടക്കമുള്ള അജണ്ട മുൻനിർത്തി രാജ്യത്ത് ധ്രുവീകരണത്തിന് വഴിമരുന്നിടുകയും ചെയ്യുന്ന ബിജെപി പ്രകടന പത്രികയുടെ ജനകീയ വിചാരണയാണ് ഈ തെരഞ്ഞെടുപ്പിൽ നടക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രകടനപത്രികയിൽ സ്വീകരിച്ച അതേ കാപട്യ സമീപനമാണ് ബിജെപി കേരളത്തോട് ഒരു സംസ്ഥാനമെന്ന നിലക്ക് നിരന്തരം സ്വീകരിക്കുന്നത്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ വന്ന് നടത്തിയ രണ്ടു പ്രസംഗങ്ങളിലും അതാണ് കണ്ടത്. ഒറ്റ വിഷയം മാത്രം ഇവിടെ സൂചിപ്പിക്കാം. കടമെടുപ്പ് പരിധി വിഷയത്തിൽ സുപ്രീം കോടതിയിൽ നിന്ന് കേരളത്തിന് തിരിച്ചടി എന്ന് പ്രധാന മന്ത്രി പറഞ്ഞത് കേട്ടു. കേരളത്തിന് തിരിച്ചടിയാണോ ഉണ്ടായത്? ഭരണഘടനയിലെ 293(3) വകുപ്പ് തെറ്റായി വ്യാഖ്യാനിച്ചാണ് കേന്ദ്രം സംസ്‌ഥാനങ്ങളുടെ സാമ്പത്തിക സ്വയംഭരണാവകാശത്തിനുമേൽ കടന്നുകയറിയത്.






 കിഫ്‌ബിയും സാമൂഹ്യ സുരക്ഷാ പെൻഷൻ കമ്പനിയും കടമെടുക്കുന്ന തുക "ഓഫ് ബജറ്റ് ബോറോയിങ്" ആയി പരിഗണിക്കുമെന്നും അത് സംസ്‌ഥാന സർക്കാരിന്റെ കടമെടുപ്പായി കണക്കാക്കുമെന്നുമാണ് കേന്ദ്രസർക്കാർ എടുത്ത നിലപാട്. കേന്ദ്ര സർക്കാരിനുകീഴിലെ നാഷണൽ ഹൈവേ അതോറിറ്റി, നാഷണൽ തെർമൽ പവർ കോർപ്പറേഷൻ തുടങ്ങിയ ഏജൻസികൾ എടുക്കുന്ന വായ്പ കേന്ദ്ര സർക്കാരിന്റെ അക്കൗണ്ടിൽ പെടുത്താത്തപ്പോഴാണ് സംസ്‌ഥാനങ്ങൾക്കെതിരെ ഇങ്ങനെയൊരു നിലപാട്. ഈ നിലപാടിനെതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.





ഭരണഘടനയിലെ സംസ്ഥാന ലിസ്റ്റിലെ എൻട്രി 43 പ്രകാരം സംസ്ഥാന കടമെടുപ്പ് പൂർണമായും നിയമസഭയുടെ അധികാര പരിധിയിലുള്ളതാണ്. ഇതിൽ നിയന്ത്രണങ്ങൾ വരുത്താനുള്ള കേന്ദ്രത്തിന്റെ അധികാര പ്രയോഗം ഭരണഘടനാ വിരുദ്ധമാണ്. ഇതാണ് കേരളം സുപ്രീം കോടതിയിൽ ഉന്നയിച്ച കാതലായ വാദം. വായ്പയെടുക്കുന്നതിനുള്ള സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കുമേൽ കേന്ദ്രം ചെലുത്തുന്ന നിയന്ത്രണാധികാരങ്ങൾ വിശദമായി പരിഗണിക്കുന്നതിന് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടുകയാണ് സുപ്രീം കോടതി ചെയ്തത്. സംസ്ഥാനം ഉന്നയിക്കുന്ന വാദങ്ങൾ അംഗീകരിച്ചുകൊണ്ടാണ് അങ്ങനെയൊരു വിധി ഉണ്ടായത്.

మరింత సమాచారం తెలుసుకోండి: