സ്മാർട് കെഎസ്ആർടിസി ഉടൻ വരുന്നു; ബസ് ട്രാക്കിങ് ആപ്പ് മുതൽ പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം വരെ ഉള്ള സിസ്റ്റം! നിരവധിയായ പരിഷ്കാരങ്ങളിലൂടെ ആധുനിക സാങ്കേതികതകളുടെ ഉൾച്ചേർക്കലാണ് ലക്ഷ്യമിടുന്നത്. ഇതിനകം തന്നെ ചില പരിഷ്കാരങ്ങൾ നടപ്പാലായിക്കഴിഞ്ഞിട്ടുണ്ട്. റിയൽ-ടൈം ബസ് ട്രാക്കിംഗ് & മൊബൈൽ ആപ്പ് പോലുള്ള പുതിയ സംവിധാനങ്ങൾ അണിയറയിൽ സജ്ജമായിക്കൊണ്ടിരിക്കുന്നു. വിദേശരാജ്യങ്ങളിലേതു പോലെ സ്മാർട്ടാകാൻ കെഎസ്ആർടിസി തയ്യാറെടുക്കുന്നു. പൊതുമരാമത്ത് വകുപ്പുമായി സഹകരിച്ച് കെഎസ്ആർടിസി സ്മാർട്ട് ബസ് ടെർമിനലുകൾ നിർമ്മിക്കാൻ തയ്യാറെടുക്കുകയാണ്. പരിസ്ഥിതി സൗഹൃദ രൂപകൽപ്പനയായിരിക്കും ഇവയുടേത്. എല്ലാ ആധുനിക സൗകര്യങ്ങളും ഉൾക്കൊള്ളുന്ന സ്മാർട്ട് ബസ് സ്റ്റേഷനുകളായി കെഎസ്ആർടിസി ടെർമിനലുകൾ മാറും. ഇതോടൊപ്പം കെഎസ്ആർടിസി ടെർമിനലുകൾ വാണിജ്യകേന്ദ്രങ്ങൾ കൂടിയാക്കി പരിവർത്തിപ്പിക്കും. ഷോപ്പിംഗ് ഏരിയകളും മൾട്ടിപ്ലക്സുകളും ഉൾപ്പെടെയുള്ള വാണിജ്യ ഇടങ്ങളായി ബസ് ടെർമിനലിനെ സംയോജിപ്പിക്കും.




കൂടുതൽ ഇലക്ട്രിക് ബസ്സുകൾ കെഎസ്ആർടിസിയോട് ഉൾച്ചേർക്കാനുള്ള തീരുമാനം സ്മാർട്ട് ആകുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ്. കെഎസ്ആർടിസിയിലൂടെ ടൂറിസം മേഖലയിലേക്ക് സംഭാവന ചെയ്യാനാകും എന്ന കാഴ്ചപ്പാടോടെയാണ് ഓപ്പൺ-ടോപ്പ് ഡബിൾ ഡെക്കർ ഇലക്ട്രിക് ബസുകൾ അവതരിപ്പിച്ചിട്ടുള്ളത്. സ്മാർട്ട് സിറ്റി മിഷന്റെ കീഴിൽ തിരുവനന്തപുരം അടക്കമുള്ള നഗരങ്ങളിൽ കെഎസ്ആർടിസി ഓപ്പൺ-ടോപ്പ് ഡബിൾ ഡെക്കർ ഇലക്ട്രിക് സജീവമാണ്. തിരുവനന്തപുരത്ത് നടപ്പാക്കി വിജയിച്ച സിറ്റി സർക്കുലർ ബസ്സുകൾ കെഎസ്ആർടിസിയുടെ സ്നാർട്ടായ മറ്റൊരു നീക്കമാണ്. റെയിൽവേ സ്റ്റേഷനുകളിൽ മാത്രമാണ് നാം പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം (PIS) പ്രവർത്തിക്കുന്നത് കണ്ടിട്ടുള്ളത്.





 ബസ് നിലവിൽ എവിടെയാണുള്ളത്, കാലതാമസമുണ്ടോ എന്നു തുടങ്ങിയ കാര്യങ്ങൾ ഈ സിസ്റ്റത്തിൽ പ്രദർശിപ്പിക്കും. ഇതോടൊപ്പം തത്സമയ ട്രാക്കിങ് ആപ്പ് കൂടി വരുന്നതോടെ യാത്രക്കാരുടെ ദീർഘകാലമായുള്ള പരാതികൾക്ക് അവസാനമാകും. മാത്രവുമല്ല, കെഎസ്ആർടിസി യാത്രകളിലെ അനിശ്ചിതത്വം ഇതോടെ അവസാനിക്കുകയും, അതുവഴി കൂടുതൽ യാത്രക്കാരെ ആകർഷിക്കുകയും ചെയ്യും. പുതിയ കാലത്തിന്റെ രീതികളുമായി ഒത്തുപോകാൻ കെഎസ്ആർടിസി നടത്തുന്ന ശ്രമങ്ങൾ ജനങ്ങൾക്കും കെഎസ്ആർടിസിക്ക് തന്നെയും ഗുണകരമാണ്. 'സ്മാർട്ട്' ആയ വഴികളിലൂടെ കെഎസ്ആർടിസിയുടെ സേവനങ്ങളുടെ പരുക്കൻ സ്വഭാവം ഇല്ലാതാകുന്നതോടെ കൂടുതൽ ആളുകൾ പൊതുഗതാഗത സംവിധാനം ഉപയോഗിക്കാൻ തയ്യാറാകുമെന്ന കാര്യത്തിൽ സംശയമില്ല. 




സ്മാർട്ട് ട്രാവൽ കാർഡുകളും ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനുകളുമാണ് കെഎസ്ആർടിസിയിലെ മറ്റൊരു 'സ്മാർട്ട്' മാറ്റം. തിരുവനന്തപുരത്തും കൊല്ലത്തും ഇതിനകം തന്നെ ടച്ച്‌സ്‌ക്രീനുകളും വയർലെസ് കമ്മ്യൂണിക്കേഷനും ഉൾച്ചേർത്ത ആൻഡ്രോയിഡ് അധിഷ്ഠിത സ്മാർട്ട് ഇടിഎമ്മുകൾ കെഎസ്ആർടിസി അവതരിപ്പിച്ചിട്ടുണ്ട്. റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർഎഫ്ഐഡി) സാങ്കേതികവിദ്യയിലുള്ള ട്രാവൽ കാർഡുകൾ ഉപയോഗിച്ച് യാത്രക്കാർക്ക് പണം അടയ്ക്കാൻ കഴിയും. പണരഹിത ഇടപാടുകൾ സുഗമമാക്കുന്നു എന്നതാണ് പ്രത്യേകത. ചില്ലറയില്ലാതെ ബസ്സിൽ പ്രശ്നമുണ്ടാകുന്നത് അവസാനിപ്പിക്കും എന്ന് ചുരുക്കം.

Find out more: