ഹൈവേയിലെ വില്ലൻ ടോൾ പ്ലാസകൾ; കൊല്ലുന്ന ടോൾ വില്ലനാകുന്നത് എങ്ങനെ? വലിയ നഗരങ്ങളെയും ബന്ധിപ്പിച്ചുള്ള നാഷണൽ ഹൈവേ റോഡുകളുടെ നിർമാണം രാജ്യത്ത് പുരോഗമിക്കുകയാണ്. ഇതുവരെ കാണാത്ത വേഗത്തിലാണ് ഹൈവേകളുടെ നിർമാണ പ്രവൃത്തികൾ നടക്കുന്നത്. ഹൈവേ സംവിധാനം ശക്തമാകുമ്പോൾ തന്നെ ഉയർന്ന തോതിലുള്ള ടോൾ നിരക്ക് സാധാരണക്കാരെ ബാധിക്കുന്നുണ്ട്. ഒരു കാർ സ്വന്തമാക്കുകയെന്നത് ഭൂരിഭാഗമാളുകളുടെയും സ്വപ്നമാണ്. എന്നാൽ ഉയർന്ന ഇന്ധനവിലയും ടോളുകളിലെ ഉയർന്ന നിരക്കും നടുവൊടിക്കുന്നതാണ്. അമേരിക്കയുമായി താരമത്യം ചെയ്യുമ്പോൾ 30 ശതമനത്തിലധികം തുക ഇന്ത്യക്കാർ ഈന്ധനത്തിലായി ചെലവഴിക്കുന്നുണ്ട്. മധ്യവർഗ കുടുംബങ്ങളെയാണ് ഈ സാഹചര്യം ഗുരുതരമായി ബാധിക്കുക.ഇന്ത്യൻ നഗരങ്ങളിൽ തിരക്ക് വർധിക്കുന്നതിനൊപ്പം നിരത്തുകളിൽ വാഹനങ്ങളുടെ എണ്ണം വർധിക്കുകയാണ്. ചെറിയ നഗര പ്രദേശങ്ങളിൽ പോലും തിരക്ക് വർധിച്ചു. ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സംസ്ഥാന - കേന്ദ്ര സർക്കാരുകൾക്കുള്ളത് മുന്തിയ പരിഗണനയാണ്.
ഇന്ത്യൻ ഹൈവേകളിലെ തിരക്കും ഗതാഗതച്ചുരുക്കും കണക്കിലെടുത്താണ് റോഡ് വികസനം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ അതിവേഗത്തിലാക്കുന്നത്.ഹൈവേ നിർമാണത്തിനായി സർക്കാരുകൾ കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. പ്രതിവർഷം ഏകദേശം 30 ബില്യൺ ഡോളർ ഹൈവേ പദ്ധതികൾക്ക് മാത്രമായി സർക്കാർ നിക്ഷേപിച്ചു. ഈ തുകയുടെ ഭൂരിഭാഗവും വായ്പയായാണ് സ്വീകരിക്കുന്നത്. അതിനാൽ തന്നെ പുതിയ റോഡുകളും ഹൈവേകളും എത്തുന്നതോടെ സാമ്പത്തികച്ചെലവും വർധിക്കും. ഈ തുക തിരികെ ലഭിക്കുന്നതിനാണ് ഉയർന്ന ടോൾ ഈടാക്കുന്നത്. പല ടോൾ പ്ലാസകളിലും നീണ്ട ഗതാഗതക്കുരുക്ക് കാണാൻ സാധിക്കും. സമയവും ഇന്ധനച്ചലവും വർധിക്കാൻ ഇത് കാരണമാകുന്നുണ്ട്. ടോൾ ബൂത്തുകളിലെ കാലതാമസം ഇന്ധനം പാഴാകുന്നതിന് കാരണമാകും. ഏകദേശം 1.5 ലക്ഷം കോടി രൂപയുടെ വാർഷിക നഷ്ടമാണ് ഇതുവഴിയുണ്ടാകുന്നത്.
ഇത് ഇന്ത്യയുടെ ജിഡിപിയുടെ ഏകദേശം ഒരു ശതമാനമാണ്. സാമ്പത്തിക നഷ്ടത്തിനൊപ്പം സമയവും നഷ്ടമാകുന്നുണ്ട്. ഇതിൽ കൂടുതൽ തിരിച്ചടിയുണ്ടാകുന്നത് ചരക്ക് വാഹനങ്ങൾക്കാണ്. പത്ത് ശതമാനം സമയമാണ് ചരക്ക് വാഹനങ്ങൾക്ക് നിരത്തിൽ നഷ്ടമാകുന്നത്. പല ടോൾ പ്ലാസകളിലും വാഹനങ്ങൾ ഏറെനേരം കാത്ത് കിടക്കേണ്ട അവസ്ഥയുണ്ട്. ടോൾ പ്ലാസകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള പല നിർദേശങ്ങളും കേന്ദ്ര സർക്കാർ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും പലയിടത്തും ഇവ പ്രാവർത്തികമാകുന്നില്ല. ചരക്കുനീക്കം കൂടുതൽ നിരത്തുകളിലൂടെ
രാജ്യത്തെ ചരക്കുനീക്കത്തിൻ്റെ 65 ശതമാനവും റോഡുകളിലൂടെയാണ്. ട്രെയിൻ മാർഗമുള്ള ചരക്കുനീക്കം കുറവാണെങ്കിലും കൂടുതൽ വസ്തുക്കൾ അതിവേഗത്തിൽ എത്തിക്കാൻ ട്രെയിൻ സംവിധാനത്തെയാണ് ആശ്രയിക്കേണ്ടിവരുന്നത്.
അതിവേഗ റെയിൽ സംവിധാനങ്ങൾക്കായി ചെലവഴിക്കാൻ മടിക്കുന്ന വൻ തോതിലുള്ള തുകയാണ് റോഡുകളുടെയും ഹൈവേകളുടെയും നിർമാണത്തിനായി ചെലവഴിക്കുന്നത്. വിവിധ രാജ്യങ്ങൾ അതിവേഗ റെയിൽ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ പണം ചെലവഴിക്കുമ്പോൾ ഇന്ത്യ റോഡ് വികസനത്തിനായാണ് വൻ തോതിൽ പണം ചെലവഴിക്കുന്നത്. റോഡുകളും ഹൈവേ സംവിധനങ്ങളും ശക്തിപ്പെടുത്തുമ്പോഴുണ്ടാകുന്ന സാമ്പത്തിക ചെലവിനൊപ്പം പരിസ്ഥിതിയെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ഗതാഗത സംവിധാനങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന കാർബണിൻ്റെ 93 ശതമാനവും റോഡുകളിൽ നിന്നാണ്. അമേരിക്കയിലെയും ചൈനയിലേയും കണക്കുകളേക്കാൾ കൂടുതലാണിത്. ടോൾ പ്ലാസകളിൽ വാഹനം കുടുങ്ങിക്കിടക്കുന്നത് അന്തരീക്ഷ മലിനീകരണം വർധിപ്പിക്കും.
Find out more: