ഹൈദരാബാദ് ദിനം ആഘോഷിക്കാൻ ഇന്നും പലരും തയ്യാറല്ല'; കാരണം വോട്ടുബാങ്കെന്ന് അമിത് ഷാ! വോട്ടുബാങ്കിൻ്റെ പേരിൽ ചിലരെങ്കിലും ഹൈദരാബാദ് വിമോചന ദിനം ആചരിക്കാൻ വിട്ടു നിൽക്കുന്നുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറയുന്നത്. ഹൈദരാബാദിനെ ഇന്ത്യയുടെ ഭാഗമാക്കിയത് ദേശീയതലത്തിൽ തന്നെ ആഘോഷിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ പ്രകീർത്തിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തിലായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ കുറ്റപ്പെടുത്തൽ. നാട്ടുരാജ്യമായിരുന്ന ഹൈദരാബാദിനെ ഇന്ത്യൻ യൂണിയൻ്റെ ഭാഗമാക്കിതിൻ്റെ വാർഷികമായാണ് ഹൈദരാബാദ് വിമോചന ദിനം ആചരിക്കുന്നത്. 1947ൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയെങ്കിലും 1948 സെപ്റ്റംബർ 17നായിരുന്നു ഹൈദരാബാദ് രാജ്യം ഇന്ത്യൻ യൂണിയൻ്റെ ഭാഗമായത്. രാജ്യത്തിൻ്റെ പല ഭാഗങ്ങളും വലിയ പ്രയാസമില്ലാതെ ഇന്ത്യൻ യൂണിയനൊപ്പം ചേരാൻ തയ്യാറായെങ്കിലും ഹൈദരാബാദ് അതിനു തയ്യാറായിരുന്നില്ല. ഇതിന് ഒടുവിൽ ബലപ്രയോഗം തന്നെ വേണ്ടിവന്നു.
ടിആർഎസിനെതിരെയുള്ള ഒളിയാക്രമണമായാണ് അമിത് ഷായുടെ പ്രസ്താവനയെ പലരും നോക്കിക്കാണുന്നത്. ഹൈദരാബാദ് വിമോചനദിനം ആഘോഷിക്കാമെന്ന് തെലങ്കാനയിലെ നേതാക്കൾ സമ്മതിച്ചിരുന്നുവെന്നും എന്നാൽ കഴിഞ്ഞ വർഷങ്ങളിലൊന്നും തെലങ്കാനയിൽ ആഘോഷം നടക്കാതിരുന്നത് വോട്ടുബാങ്ക് രാഷ്ട്രീയം മൂലമാണെന്നും അമിത് ഷാ ആോപിച്ചു. ഇന്നത്തെ തെലങ്കാനയും കർണാടകയുടെയും ആന്ധ്രാ പ്രദേശിൻ്റെയും ഭാഗങ്ങളും ചേർന്ന ഹൈദരാബാദ് ഭരിച്ചിരുന്നത് 1724 മുതൽ നിസാം എന്ന അസഫ് ജാ രാജാക്കന്മാരായിരുന്നു. മുഗൾരാജഭരണകാലത്തെ വൈസ്രോയിമാരായിരുന്ന നിസാം രാജകുടുംബം പിൽക്കാലത്ത് ഹൈദരാബാദിൻ്റെ പൂർണനിയന്ത്രണം ഏറ്റെടുത്തു. ബ്രിട്ടീഷ് ഭരണം അവസാനിക്കുന്ന കാലത്ത് ഏറെക്കുറെ ഹൈദരാബാദ് രാജ്യം സ്വതന്ത്രമായി ഭരിക്കുന്ന നിലയിലേയ്ക്ക് നൈസാം രാജവംശം ഉയർന്നു. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ രാജവംശവും ഹൈദരാബദിലയതായിരുന്നു. ഇതിനിടയിലാണ് 1947ൽ പുതിയ പ്രതിസന്ധി ഉടലെടുത്തത്. 1947ൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയതോടെ ഇന്ത്യ, പാക്കിസ്ഥാൻ എന്നിങ്ങനെ രണ്ട് രാജ്യങ്ങളാണ് ഉണ്ടായിരുന്നത്.
അതുവരെ ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന നാട്ടുരാജ്യങ്ങൾക്ക് ഇന്ത്യയിലോ പാകിസ്ഥാനിലോ ചേരാനോ സ്വതന്ത്രമായി നിൽക്കാനോ ഉള്ള അനുമതിയുണ്ടായിരുന്നു. പല നാട്ടുരാജ്യങ്ങളും ഇന്ത്യൻ യൂണിയനിൽ ചേരാൻ സ്വമേധയാ തയ്യാറായി. എന്നാൽ ഹൈദരാബാദ് ഇന്ത്യയിലോ പാകിസ്ഥാനിലോ ചേരാൻ തയ്യാറല്ലെന്നായിരുന്നു 1947 ജൂൺ 11ന് നൈസാം പുറത്തിറക്കിയ പ്രസ്താവന. നൈസാം രാജവംശം മുസ്ലീം വിഭാഗക്കാരായിരുന്നുവെങ്കിലും രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ഹിന്ദുക്കളായിരുന്നു. ഹൈദരാബാദിലെ ജനങ്ങളുടെ താത്പര്യം ഇന്ത്യയിൽ ചേരണമെന്നാണെന്ന് ഇന്ത്യ നിലപാടെടുത്തു. ഒപ്പം ഇന്ത്യൻ യൂണിയൻ്റെ ഭാഗമായ പ്രദേശങ്ങളുടെ ഒത്ത നടുവിലായുള്ള ഹൈദരാബാദിൻ്റെ സ്ഥാനവും വെല്ലുവിളിയായിരുന്നു. ഒരു രാജ്യത്തിനുള്ളിൽ മറ്റൊരു സ്വതന്ത്രരാജ്യം എന്ന നിലപാട് ഇന്ത്യയ്ക്ക് അംഗീകരിക്കാൻ കഴിയുമായിരുന്നില്ല.
അതേസമയം, വെറും 24,000 പടയാളികൾ മാത്രമുണ്ടായിരുന്ന ഹൈദരാബാദ് രാജ്യം ഇന്ത്യയോടു പടവെട്ടിയാൽ പരാജയവും ഉറപ്പായിരുന്നു.ഈ സാഹചര്യത്തിൽ 1948 ഓഗസ്റ്റ് 21ന് ഹൈദരാബാദ് വിദേശകാര്യ മന്ത്രാലയം ഐക്യരാഷ്ട്രസഭയുടെ സഹായം തേടി. സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനായി വിഷയത്തിൽ ഇടപെടണമെന്നും അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ച് വിഷയം ഒത്തുതീർപ്പാക്കണമെന്നും ഹൈദരാബാദ് ആവശ്യപ്പെട്ടു. ഹൈദരാബാദിൻ്റെ നിലനിൽപ്പിനായി പിന്തുണയ്ക്കണം എന്ന് ബ്രിട്ടീഷ് സർക്കാരിനോടും അവർ ആവശ്യപ്പെട്ടു. എന്നാൽ അന്ന് പ്രതിപക്ഷത്തായിരുന്ന കൺസർവേറ്റീവ് പാർട്ടിയുടെ പിന്തുണ മാത്രമാണ് നാട്ടുരാജ്യത്തിന് ഉണ്ടായിരുന്നത്.ഇതിനിടയിൽ നൈസാമിൻ്റെ പടയാളികൾ ജനങ്ങൾക്കു മേൽ അതിക്രമം അഴിച്ചു വിടുകയാണെന്ന വാർത്തയും ഡൽഹിയിലെത്തി. ഇതോടെ ക്ഷമയുടെ മാർഗം അവസാനിപ്പിക്കാൻ നെഹ്റുവും സർദാർ വല്ലഭായ് പട്ടേലും തീരുമാനിച്ചു.
സെപ്റ്റംബർ 13ന് പുലർച്ചെ ഹൈദരാബാദിനെ നാലു ദിശകളിൽ നിന്നും വളയാനും ഭരണം പിടിച്ചെടുക്കാനും ഇന്ത്യ പദ്ധതിയിട്ടു.
ഓപ്പറേഷൻ പോളോ എന്നായിരുന്നു ഇന്ത്യൻ സൈന്യത്തിൻ്റെ നീക്കത്തിൻ്റെ കോഡ് നാമം. ഇന്ത്യൻ സൈന്യം കടന്നുകയറിയതായി അന്നു തന്നെ ഹൈദരാബാദ് ഭരണകൂടം ഐക്യരാഷ്ട്രസഭയെ അറിയിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ഹൈദരാബാദിലെ സൈന്യത്തിൽ ആകെ ആറായിരത്തോളം പേർ മാത്രമായിരുന്നു പരിശീലനം ലഭിച്ച സൈനികർ. ഈ സാഹചര്യത്തിൽ സൈനികമായ ചെറുത്തുനിൽപ്പ് വെറും ദുർബലമായിരുന്നു. എന്നാൽ ന്യൂനപക്ഷ വിഭാഗക്കാരെ ലക്ഷ്യമിട്ട് ഹൈദരാബാദിൽ വലിയ അതിക്രമങ്ങൾ നടന്നു. നാലു ദിവസത്തിനു ശേഷം സെപ്റ്റംബർ 17ന് വൈകിട്ട് അഞ്ച് മണിയോടെ നൈസാമിൻ്റെ സൈന്യം പരാജയം സമ്മതിച്ചു.ഇന്ത്യയുടെ നിർദേശം അനുസരിച്ച് സൈനിക ഗവർണർമാരെയും മുഖ്യമന്ത്രിമാരെയും നിയോഗിക്കാൻ നൈസാം സന്നദ്ധനായി. 1950 ജനുവരി 26ന് ഹൈദരാബാദ് ഔദ്യോഗികമായി ഇന്ത്യയുടെ ഭാഗമായതോടെ നൈസാമുമാരുടെ ഭരണവും അവസാനിച്ചു.
Find out more: