വീടിനി കോളേജാകും. സ്കൂളും കോളേജും ഓഫീസുമെല്ലാം അടച്ച് വീട്ടിലിരിക്കുന്ന സമയത്ത് വിജ്ഞാനം വര്‍ധിപ്പിക്കാൻ ഉതകുന്ന ഒരു അവസരമായി ലോക്ഡൗണിനെ കാണുന്നതാണ് ബുദ്ധി.   ലോകത്തെവിടെ ഇരുന്നും ആര്‍ക്കും ഇൻ്റര്‍നെറ്റിൻ്റെ സഹായത്തോടെ ചെയ്യാവുന്ന കോഴ്സുകൾ മൂക് എന്ന പേരിൽ ലോകത്തെ പ്രശസ്തമായ സര്‍വകലാശാലകൾ നൽകുന്നുണ്ട്.

 

  ഇന്ത്യൻ ചരിത്രം, ലോക ചരിത്രം, സാഹിത്യം, തത്വശാസ്ത്രം, ആര്‍ട്ടിഫിഷ്യൽ ഇൻ്റലിജൻസ് തുടങ്ങി നിങ്ങളാഗ്രഹിക്കുന്ന മേഖലകളിൽ ഓൺലൈൻ കോഴ്സുകൾ ലഭ്യമാണ്. മിക്കവാറും കോഴ്സുകൾ സൗജന്യമായാണ് നൽകുന്നതെങ്കിലും അവസാനം സര്‍ട്ടിഫിക്കറ്റ് ലഭിക്കാൻ ചിലപ്പോൾ പണം നൽകേണ്ടി വന്നേക്കാം. ഇന്ത്യൻ സര്‍ക്കാരിൻ്റെ സ്വയം, മൂകും ഇത്തരത്തിലുള്ള അനവധി കോഴ്സുകൾ നൽകുന്നുണ്ട്.

 

   മാര്‍ച്ച് 31ലെ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി സൂചിപ്പിച്ചപ്പോലെ ഹാര്‍വാഡ്, സ്റ്റാൻഫോഡ് തുടങ്ങിയ സര്‍വകലാശാലകളിലെ കോഴ്സുകൾ സൗജന്യമായി വീട്ടിലിരുന്ന് ചെയ്യുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം. അധ്യാപകര്‍ക്കും വിദ്യാര്‍ഥികൾക്കും സര്‍വകലാശാല ഗവേഷകര്‍ക്കും ഒരുപോലെ ഉപകാരപ്പെടുന്ന കാര്യമാണ് ഇത്.

 

  സാമൂഹിക അകലം പാലിച്ചുകൊണ്ടും വീടുകളിലും മറ്റും താമസം പരിമിതപ്പെടുത്തിയും കൊറോണ പ്രതിരോധ മുൻകരുതൽ നടപടികളിൽ ഭാഗമാവാൻ ഇതിലും മികച്ച അവസരം വേറൊന്നില്ല. പഠനം, ജോലി, ജീവിത നിലവാരം എന്നിവക്കനുസൃതമായാവണം ഓരോ കോഴ്സുകളും തിരഞ്ഞെടുക്കാൻ. മാത്രമല്ല, ഓൺലൈൻ പഠനത്തിലേര്‍പ്പെട്ട് ഓരോ സമയവും ഉത്പാദക്ഷമമായി ഉപയോഗിക്കണമെന്നാണ് യുജിസിയും പറയുന്നത്. പ്രായമേതായാലും ഇഷ്ടമുള്ള കോഴ്സുകൾ പഠിക്കാൻ സഹായിക്കുന്ന ഉപാധിയാണ് മൂക് കോഴ്സുകൾ.

 

  പല കോഴ്സുകൾക്കും അടിസ്ഥാന യോഗ്യത എന്നൊന്നില്ല എന്നതാണ് മറ്റൊരു പ്ലസ് പോയിൻ്റ്. പഠിക്കാനുള്ള താത്പര്യം മാത്രമാണ് ഈ കോഴ്സുകൾ ആവശ്യപ്പെടുന്നത്. മിക്കവാറും കോഴ്സുകൾ ഇംഗ്ലീഷിലാണെങ്കിലും ഇത് ഒരു പരിമിതിയല്ല എന്ന ബോധ്യവും ആദ്യം മുതലേ വേണം. ഞാൻ മാത്രമല്ല ഈ കോഴ്സ് പഠിക്കുന്നതെന്നും എന്നെപ്പോലെ ആയിരം ആളുകൾ ലോകത്തിൻ്റെ പല കോണിൽ നിന്നും ഈ കോഴ്സിൽ പങ്കുചേരുന്നുമുണ്ടെന്നാണ് ആദ്യം മനസിലാക്കേണ്ടത്.

 

  ചര്‍ച്ചയിലും മറ്റും പങ്കെടുക്കുമ്പോൾ വിവരങ്ങൾ കൃത്യമായി പങ്കുവെക്കണം. അസൈമെൻ്റ്, ക്വിസുകൾ എന്നിവ സമയബന്ധിതമായിതന്നെ തീര്‍ക്കണം.  ഭാഷ ഏതാണെങ്കിലും പരിജ്ഞാനത്തിന് പരിമിതിയില്ല എന്നതാണ് സത്യം. പല കോഴ്സുകളും വായിക്കാനുള്ള ഭാഗങ്ങൾ, ക്ലാസിൻ്റെ വീഡിയോ, യൂട്യൂബ് ഉൾപ്പെടെയുള്ള മറ്റ് വീഡിയോകൾ, പ്രെസൻ്റേഷനുകൾ തുടങ്ങിയ വ്യത്യസ്ഥ മാധ്യമങ്ങൾ വഴിയാണ് പഠിതാക്കൾ പഠിക്കുന്നത്.

 

  പൊതുവെ ഇംഗ്ലീഷിലാണ് പഠിപ്പിക്കുന്നതെങ്കിലും അത് മനസിലാക്കി എടുക്കാൻ നിരവധി മാര്‍ഗങ്ങളാണ് ഇന്നുള്ളത്. പൊതു ചര്‍ച്ചകളിൽ ഇംഗ്ലീഷാവും ഉപയോഗിക്കുന്നത്. എന്നിരുന്നാലും ഇത് വലിയൊരു പ്രശ്നമാവില്ല എന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. പിന്നെ, പ്രായപരിധി ഇല്ലാത്തതിനാൽ കുട്ടിക്കും അമ്മക്കും മുത്തശ്ശനും ഒരുമിച്ചിരുന്ന് പഠിക്കാം എന്നതാണ് മറ്റൊരു പ്രത്യേകത. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടാൻ ഇത് അവസരമൊരുക്കുന്നുണ്ട് എന്നും മറക്കണ്ട.

 

  ഓൺലൈൻ പഠനത്തിൻ്റെ സാധ്യതകൾ മനസിലാക്കുന്നതിനോടൊപ്പം പഠനത്തെയും വിജ്ഞാനത്തെയും പരമ്പരാഗത നിര്‍വചനങ്ങളിൽനിന്ന് വിപുലീകരിച്ച് പുതിയ അറിവുകളും നൈപുണികളും നേടാനും ഈ അവധിക്കാലം ഉപയോഗിക്കാവുന്നതാണ്. ഇനി ഓൺലൈനെക്കുറിച്ച് ഒന്നും അറിയാത്തവരെ സംബന്ധിച്ച് പഠനാരംഭമാണ്.

 

  നമ്മുടെ ഔദ്യോഗിക വിദ്യാഭ്യാസ സമ്പ്രദായങ്ങളിൽ പലപ്പോഴും നഷ്ടപ്പെട്ടു പോകുന്ന അതിജീവന കഴിവുകൾ നേടിയെടുക്കുന്നതും വിദ്യാഭ്യാസം വഴി തന്നെയാണ്. നാട്ടിലെ സാങ്കേതിക വിദ്യയും വിദ്യാഭ്യാസവും ഓൺലൈൻ സാധ്യതകളെ പരമാവധി ഉപയോഗിക്കേണ്ടതിനെക്കുറിച്ചും ഈ ലോക്ഡൗൺ ഓര്‍മിപ്പിക്കുന്നുണ്ട്.

 

  ഓൺലൈൻ പഠനവും ഇൻ്റര്‍നെറ്റ് ഉപയോഗവും സ്കൈപ്പും വീഡിയോ കോളും ഓൺലൈൻ ട്യൂഷനുമൊക്കെ ആര്‍ക്കും സാധിക്കുന്ന കാര്യങ്ങളാണെന്നും ലോക്ക്ഡൗൺ വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്നു. 

 

మరింత సమాచారం తెలుసుకోండి: