കാന്താര രണ്ടാം ഭാഗം; 2024 ഏപ്രിലിലോടെ തിയറ്ററിലേക്ക് എത്തുന്നു! നിഗൂഢമായ വനവും അവിടെയുള്ള ജന ജീവിതവും അവരുടെ ദൈവിക സങ്കൽപങ്ങളും ആചാരാനുഷ്ടാനങ്ങളും കലാരൂപങ്ങളും അതിനിടയിൽ ചിലരുടെ മുതലെടുപ്പും അതിനെതിരെയുള്ള അതിജീവിനവുമൊക്കെയായി വെള്ളിത്തിരയിൽ പുത്തൻ ദൃശ്യവിസ്മയം സൃഷ്ടിക്കുകയായിരുന്നു ചിത്രം. കളക്ഷൻ റെക്കോർഡുകൾ സൃഷ്ടിച്ച ചിത്രത്തിനു രണ്ടാം ഭാഗം തയാറാകുമെന്നു നേരത്തെ ചിത്രം നിർമിച്ച ഹോംബാലെ ഫിലിംസ് അറിയിച്ചിരുന്നു. ചിത്രത്തിൻ്റെ ജോലികൾ ആരംഭിച്ചെന്നും കാന്താര രണ്ടാം ഭാഗം 2024 ഏപ്രിൽ, മെയ് മാസം തിയറ്ററിലെത്തുമെന്നും നിർമാതാക്കൾ ഇപ്പോൾ പറയുന്നു. 2022 ൽ ഇന്ത്യൻ സിനിമ ലോകത്തെ അതിശയിപ്പിച്ച വിജയമായിരുന്നു കന്നടയിൽ നിന്നുമെത്തിയ കാന്താരയുടെത്.
മനുഷ്യർക്കിടയിലേക്ക് ദൈവം വരുമ്പോൾ ഗ്രാമവാസികളെയും ചുറ്റുമുള്ള ഭൂമിയെയും സംരക്ഷിക്കാമെന്ന് രാജാവ് ദൈവവുമായി ഉടമ്പടി ഉണ്ടാക്കി. പക്ഷേ കാര്യങ്ങൾ മറിച്ചായപ്പോൾ മനുഷ്യനും പ്രകൃതിയും തമ്മിലായി യുദ്ധം. ഈ പശ്ചാത്തലത്തിലാണ് രണ്ടാം ഭാഗം ഒരുക്കുന്നതെന്നും ജൂണിൽ ഷൂട്ടിംഗ് ആരംഭിക്കാനാണ് പദ്ധതിയെന്നും നിർമാതാവ് വിജയ് കിരഗണ്ഡൂര് പറയുന്നു. ചിത്രീകരണത്തിന് മഴക്കാലം ആവശ്യമായതിനാലാണ് അടുത്ത വർഷം ഏപ്രിൽ, മെയ് മാസത്തോടെ ചിത്രം പാൻ ഇന്ത്യൻ റിലീസ് ചെയ്യാൻ പദ്ധതിയിടുന്നതെന്നും അദ്ദേഹം പറയുന്നു. ഇതിഹാസ വിജയം നേടിയ കാന്താര തീർത്ത വിസ്മയക്കാഴ്ചകൾക്ക് തുടർച്ചയായി ഒരുക്കുന്നത് പ്രീക്വൽ സ്റ്റോറിയെന്നാണ് ഫസ്റ്റ് റിപ്പോർട്ട്. പ്രകൃതി തന്നെ ഈശ്വരനാകുന്ന അഭേദ്യ ബന്ധത്തിൻ്റെ കഥ ഇനി പറയുന്നത് കാന്താരയിൽ കണ്ട കാഴ്ചയുടെ മുന്നേയുള്ള സംഭവങ്ങളാണ്. രണ്ടാം ഭാഗത്തിൽ ഗ്രാമവാസികളും ദൈവവും രാജാവും തമ്മിലുള്ള ബന്ധത്തിൻ്റെ കഥയാണ് പറയുന്നത്.
രണ്ട് മാസമായി നാടോടിക്കഥകളെക്കുറിച്ച് പഠിക്കുകയാണ് അദ്ദേഹം. രണ്ടാം ഭാഗത്തിനായി ബജറ്റ് വർധിപ്പിച്ചിട്ടുണ്ട്. ആദ്യ ഭാഗത്തിൻ്റെ ശൈലിയും ആഖ്യാനവും ഛായാഗ്രഹണവും തന്നെയായിരിക്കും രണ്ടാം ഭാഗത്തിനെന്നും നിർമാതാവ് പറയുന്നു. 16 കോടി ബജറ്റിൽ അണിയിച്ചൊരുക്കിയ കാന്താര വേൾഡ് വൈഡ് 450 കോടിയാണ് ബോക്സോഫീസ് കളക്ഷൻ നേടിയത്.കാന്താരയുടെ രണ്ടാം ഭാഗത്തിനുള്ള ജോലികൾ സംവിധായകനും നായകനുമായ റിഷഭ് ഷെട്ടി നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഒന്നാം ഭാഗത്തേക്കാൾ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന കാഴ്ചകൾ ഒരുക്കുന്നതിനുള്ള തയാറെടുപ്പിലാണ് റിഷഭ് ഷെട്ടി. അതിൻ്റെ ഭാഗമായി കമ്മിറ്റു ചെയ്ത മറ്റു പ്രോജക്ടുകൾ പോലും മാറ്റിവെച്ചെന്നും ചിലത് ഉപേഷിച്ചെന്നുമാണ് കന്നടത്തിൽ നിന്നുമുള്ള റിപ്പോർട്ട്. പുതിയ ചിത്രത്തിനു വേണ്ടി ഋഷഭ് ഷെട്ടി കർണാടകയിലെ വനങ്ങളിൽ പോയിരിക്കുകയാണ്.
ദൈവത്തിനൊപ്പം കാടിറങ്ങിയവർ നാട്ടിൽ ജീവിതം തുടങ്ങി. കാലം കടന്നുപോയപ്പോൾ രാജാവ് ഇഷ്ടദാനം നൽകിയ ഭൂമി തിരിച്ചെടുക്കാനായി പുതുതലമുറയുടെ ശ്രമം. അതിനുള്ള പ്രതിബന്ധം പഞ്ചുരുളി എന്ന ദൈവവും. ഈ പശ്ചാത്തലതത്തിൽ നിന്നുകൊണ്ട് ദൈവക്കോലമാടുന്ന പുതിയ തലമുറയിലെ ശിവയുടെ കഥയായിരുന്നു കാന്താര പറഞ്ഞത്. ശിവയായി റിഷഭ് ഷെട്ടി വിസ്മയിപ്പിക്കുകയായിരുന്നു. ക്ലൈമാക്സിലുള്ള രൗദ്രത്തിൻ്റെയും ശാന്തത്തിൻ്റെയും പരകോടിയിൽ റിഷഭിൻ്റെ പരകായ പകർന്നാട്ടമായിരുന്നു ചിത്രത്തിൻ്റെ ആത്മാവ്. വലിയ രീതിയിൽ ചർച്ചയായ ചിത്രം മലയാളം, തമിഴ്, ഹിന്ദി അടക്കമുള്ള ഭാഷകളിൽ വലിയ വിജയം നേടിയിരുന്നു. സംവിധായകനും നടനുമായ റിഷഭ് ഷെട്ടി തൻ്റെ ബാല്യകാല അനുഭവങ്ങളും ഓർമകളും നാടോടിക്കഥകളും ഭാവനയും ചേർത്താണ് കാന്താര ഒരുക്കിയത്. 1847ൽ ഒരു തുളുനാട്ടുരാജ്യത്തെ രാജാവ് ഉറക്കം നഷ്ടപ്പെട്ട് അസ്വസ്ഥനായി ജിവിച്ചിരുന്ന കാലം. കാടിന് നടുവിലുണ്ടായിരുന്ന മണ്ണിൽ പൊതിഞ്ഞ വരാഹരൂപം പൂണ്ട കല്ലിലെ പഞ്ചുരുളി എന്ന ദൈവത്തെ തൻ്റെ ദേശത്തേക്ക് അദ്ദേഹം കൊണ്ടുവരുന്നു.
Find out more: