തലയെടുപ്പോടെ മാമന്നൻ! ടൈറ്റിൽസിനൊപ്പമുള്ള ദൃശ്യങ്ങളിലൂടെ തന്നെ പ്രധാന മൂന്ന് കഥാപാത്രങ്ങളേയും അവരുടെ സ്വഭാവത്തേയും ഏറെക്കുറെ പരിചയപ്പെടുത്തിയാണ് ചിത്രം ആരംഭിക്കുന്നത്. ഒരു സാധാരണ പാർട്ടി പ്രവർത്തകനായി തുടങ്ങി ഇപ്പോൾ തുടരെ എംഎൽഎ ആയി ജനങ്ങളോടൊപ്പം ചേർന്നുനിൽക്കുന്ന മാമന്നനാണ് കഥയിലെ നായകൻ. അയാളുടെ മകനായ അതിവീരനാണ് മറ്റൊരു പ്രധാന കഥാപാത്രം. ആയോധന കല പഠിപ്പിക്കുന്നതിനൊപ്പം വീര പന്നികളെ വളർത്തുകയും ചെയ്യുന്നുണ്ട്. ചെറുപ്പം മുതലേ പന്നികളോട് അത്രയ്ക്ക് ഇഷ്ടമാണ് അയാൾക്ക്. മൂന്നാമത്തെയാൾ ഫഹദ് അവതരിപ്പിക്കുന്ന രത്നവേൽ എന്ന കഥാപാത്രമാണ്. ബാക്കിയുള്ളവർ തൻ്റെ അടിമകളായി നായയെപ്പോലെ ജീവിക്കണമെന്ന് ചിന്തിക്കുന്നൊരാൾ. അർഹിക്കുന്ന ബഹുമാനം അച്ഛന് നിഷേധിക്കപ്പെടുന്നത് കാണുന്ന ഒരവസരത്തിൽ വീര രത്നവേലിനെതിരെ പ്രതികരിക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിൽ കാണാനുള്ളത്. ജാതിവേർതിരിവും, രാഷ്ട്രീയവും പ്രധാന വിഷയങ്ങളായി നിൽക്കുമ്പോഴും 'മാമന്നന്' കരുത്തേകുന്നത് അതിലെ അച്ഛൻ-മകൻ ബന്ധമാണ്.
ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത് വടിവേലു, ഉദയനിധി സ്റ്റാലിൻ, ഫഹദ് ഫാസിൽ, കീർത്തി സുരേഷ് എന്നിവരാണ്. ഒരു മാരി സെൽവരാജ് ചിത്രമെന്നതിനൊപ്പം ഹാസ്യതാരമായ വടിവേലുവിൻ്റെ ട്രാക്കുമാറ്റവും, സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന ഉദയനിധി സ്റ്റാലിൻ്റെ അവസാന ചിത്രമെന്ന ടാഗും, ഫഹദ് ഫാസിലിൻ്റെ വില്ലൻ വേഷവും 'മാമന്നൻ' കൂടുതൽ ചർച്ചചെയ്യപ്പെടാൻ ഇടവരുത്തി. അതിനൊപ്പം എ ആർ റഹ്മാൻ്റെ സംഗീതവും ചേരുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകൾ വർദ്ധിക്കുന്നത് സ്വാഭാവികമാണ്. അത്തരം മുൻധാരണകൾ എല്ലാം കണക്കിലെടുത്ത് പറയട്ടെ, 'മാമന്നൻ' പ്രേക്ഷകരെ നിരാശപ്പെടുത്തില്ല. "നാൻ പാടിക്കൊണ്ടിരുപ്പത് ഒരേ പാടലാകെയിരുക്കലാം… അതെ യെൻ വാഴ്നാൾമുഴുവതും പാടുവേൻ"! 'മാമന്നൻ' സിനിമയുടെ ട്രെയിലറിൽ ആദ്യം കേട്ടത് ഈ വാക്യമാണ്.
ശബ്ദം വടിവേലുവിൻ്റേത് ആയിരുന്നെങ്കിലും അത് മാരി സെൽവരാജ് എന്ന സംവിധായകൻ്റെ പ്രഖ്യാപനമാണ്. താൻ പറഞ്ഞുകൊണ്ടിരിക്കുന്നത് ഒരേ ആശയമായിരിക്കാം.. തൻ്റെ സിനിമാജീവിതത്തിൽ ഉടനീളം അതാവർത്തിക്കുകയും ചെയ്യുമെന്നാണ് അദ്ദേഹം സ്പഷ്ടമാക്കുന്നത്. 'പരിയേറും പെരുമാൾ', 'കർണ്ണൻ' -എന്നീ മുൻചിത്രങ്ങൾക്ക് സമാനമായ കാഴ്ചകളാണ് 'മാമന്നനി'ലൂടെയും മാരി സെൽവരാജ് വെള്ളിത്തിരയിൽ എത്തിച്ചത്.തിരക്കഥ ആ കഥാപാത്രത്തിന് എത്രത്തോളം പ്രാധാന്യം കൊടുത്തോ അതിനേക്കാൾ മുകളിലേക്ക് അഭിനയത്തിലൂടെ വടിവേലു എത്തിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പരിചയമുള്ള വടിവേലുവിനെ മാമന്നന്നിൽ എവിടേയും കാണാനാകില്ല. ഇവിടെയുള്ളത് ജീവനുള്ള ആ കഥാപാത്രം മാത്രമാണ്! അയാൾ സംഭാഷണങ്ങൾക്കപ്പുറം നമ്മളോട് സംവദിക്കുന്നു.
വർഷങ്ങളായി പ്രേക്ഷകരെ ചിരിപ്പിച്ച ആ മനുഷ്യൻ ഇത്തവണ നമ്മളെ കരയിപ്പിക്കും. മാരി സെൽവരാജ് എന്ന പേരിന് ശേഷം മാമന്നൻ്റ രണ്ടാമത്തെ ആകർഷണം തമിഴിൽ ഹാസ്യരംഗത്തെ മുടിചൂടാമന്നനായ വടിവേലുവിൻ്റെ വേറിട്ട വേഷമാണ്. ആ കഥാപാത്രമായി മറ്റൊരാളെ സങ്കൽപ്പിക്കാൻ കഴിയാത്ത വിധത്തിൽ അദ്ദേഹം നിറഞ്ഞാടിയിട്ടുണ്ട്.മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിലിൻ്റെ സാന്നിധ്യമാണ് മാമന്നൻ്റെ മറ്റൊരു പ്രത്യേകത. നടൻ നെഗറ്റീവ് വേഷങ്ങൾ ഇതിനുമുൻപും അവതരിപ്പിട്ടുണ്ടെങ്കിലും, രത്നവേൽ ഏറെ വ്യത്യസ്തമാണ്. ഒരുപക്ഷേ വെറും ക്ലീഷേയായി മാറേണ്ടിയിരുന്ന ഒരു കഥാപാത്രമാണത്. ഫഹദ് ആ വേഷം കൈകാര്യം ചെയ്ത രീതിയാണ് രക്ഷയായത്. രക്ഷിച്ചുവെന്ന് വെറുതെ പറയുന്നതല്ല, ഫഹദിൻ്റെ പ്രകടനം ഞെട്ടിക്കുന്നതാണ്! വടിവേലു, ഉദയനിധി എന്നിവർക്കൊപ്പം തന്നെ സ്ക്രീൻ സ്പേ
Find out more: