മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ എം.കമലം (95) അന്തരിച്ചു.
രാവിലെ ആറുമണിയോടെ കോഴിക്കോട്ടെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം വൈകീട്ട് അഞ്ചുമണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.
കോണ്‍ഗ്രസിന്റെ കേരള ചരിത്രത്തിലെ ഏറ്റവും പ്രമുഖയായ വനിതാ നേതാവായിരുന്നു കമലം. കരുണാകരന്‍ മന്ത്രിസഭയില്‍ 82 മുതല്‍ 87 വരെ സഹകരണമന്ത്രിയയിരുന്നു കമലം.
ഇന്ദിരാഗാന്ധിയുമായി അടുത്ത ബന്ധമാണ് ഇവര്‍ക്കുണ്ടായിരുന്നത്. വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍, കെ.പി.സി.സി. വൈസ് പ്രസിഡന്റ്, ജനറല്‍സെക്രട്ടറി, എ.ഐ.സി.സി. അംഗം തുടങ്ങിയ നിലകളില്‍ ഏഴുപതിറ്റാണ്ടുകാലം പൊതുരംഗത്ത് കര്‍മനിരതയായിരുന്നു എം.കമലം. എല്ലാത്തിനുമുപരി മികച്ച സംഘാടകയും പാര്‍ട്ടിയിലെ മുതിർന്ന
നേതാവുമായിരുന്നു.
1946ല്‍ അപ്രതീക്ഷിതമായാണ് കമലം രാഷ്ട്രീയത്തിലേക്കു കടന്നത്. കോഴിക്കോട് നഗരസഭയിലെ മൂന്നാം വാര്‍ഡില്‍ വനിതാസംവരണമായിരുന്നു. നേതാക്കള്‍ വീട്ടില്‍വന്ന് കുതിരവണ്ടിയില്‍ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അന്ന് കൗണ്‍സിലറായി ചുമതലയേറ്റു.
'1946-ലാണ്. കുതിരവണ്ടിയുമായാണ് അവര്‍ വന്നത്. കാത്തുനില്‍ക്കാന്‍ സമയമില്ല എന്ന് പറഞ്ഞു. എനിക്കന്ന് 20 വയസ്സായിട്ടില്ല. ഞാന്‍ അവര്‍ക്കൊപ്പം പോയി. ഒന്ന് ഒപ്പിട്ടുകൊടുത്തതേയുള്ളൂ. തിരഞ്ഞെടുക്കപ്പെട്ടു. സജീവരാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയായിരുന്നുവെന്ന് അന്ന് ഞാന്‍ അറിഞ്ഞതേയില്ലായിരുന്നു.'കമലം ഒരിക്കല്‍ പറഞ്ഞു.
പിന്നീട് ഘട്ടംഘട്ടമായ വളര്‍ച്ചയാണ് കമലത്തിന്റെ രാഷ്ട്രീയജീവിതത്തിലും പൊതുജീവിതത്തിലുമുണ്ടായത്. ഇതിനുള്ള ഏറ്റവുംമികച്ച തെളിവാണ് കെ.സി. അബ്രഹാം കെ.പി.സി.സി. പ്രസിഡന്റായപ്പോള്‍ കമലം ജനറല്‍ സെക്രട്ടറിയായത്. സി.കെ.ഗോവിന്ദന്‍ നായരെയും കുട്ടിമാളുവമ്മയെയുമാണ് രാഷ്ട്രീയഗുരുക്കളായി കമലം കാണുന്നത്.
click and follow Indiaherald WhatsApp channel