മിനിമം നിരക്ക് 12 രൂപയെങ്കിലും വേണം; അനിശ്ചിതകാല സമരത്തിന് ബസുടമകൾ ഒരുങ്ങുന്നു! കുറഞ്ഞ ബസ് ടിക്കറ്റ് നിരക്ക് 12 രൂപയെങ്കിലും ആക്കണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല സമരത്തിലേയ്ക്ക് കടക്കാനാണ് സ്വകാര്യ ബസുടമകളുടെ നീക്കം. ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുായി സ്വകാര്യ ബസുടമകൾ. മൂന്ന് വർഷം മുൻപായിരുന്നു കേരളത്തിൽ അവസാനമായി ബസ് ചാർജ് വർധിപ്പിച്ചത്. 2018 മാർച്ചിൽ ബസ് ചാർജ് വർധിപ്പിക്കുമ്പോൾ അന്ന് ഒരു ലിറ്റർ ഡീസലിൻ്റെ വില 66 രൂപ മാത്രമായിരുന്നു. ഒരു വർഷത്തിനിടെ മാത്രം ഡീസൽ വിലയിൽ രാജ്യത്ത് 26.58 രൂപയുടെ വർധനവുണ്ടായിട്ടുണ്ട്. കൊവിഡ് കാലത്ത് ബസുകളിൽ സാമൂഹിക അകലം ഏർപ്പെടുത്തുന്നതിൻ്റെ ഭാഗമായി കിലോമീറ്റർ നിരക്കിൽ 20 പൈസയുടെ വർധനവ് സർക്കാർ അനുവദിച്ചിരുന്നെങ്കിലും ഇത് പര്യാപ്തമല്ലെന്ന് ബസുടമകൾ ചൂണ്ടിക്കാണിക്കുന്നതായി ഇതു സംബന്ധിച്ച മീഡിയ വൺ റിപ്പോർട്ടിൽ പറയുന്നു.
കൊവിഡ് 19 മഹാമാരിയും ലോക്ക് ഡൗണും മൂലം ബസ വ്യവസായം പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് പുതിയ ആവശ്യവുമായി ബസുടമകൾ രംഗത്തെത്തിയത്. എന്നാൽ ബസുടമകളുടെ ആവശ്യം പരിഗണിച്ച് കഴിഞ്ഞ വർഷം ജൂലൈയിൽ മിനിമം നിരക്കിനുള്ള മാനദണ്ഡം പുതുക്കിയിരുന്നു. കുറഞ്ഞ ചാർജിൽ സഞ്ചരിക്കാവുന്ന ദൂരം അഞ്ച് കിലോമീറ്ററിൽ നിന്ന് രണ്ടര കിലോമീറ്ററായാണ് കുറച്ചത്. വിദ്യാർഥികളുടെ കുറഞ്ഞ യാത്രാനിരക്ക് 6 രൂപയാക്കണമെന്ന് ബസുടമകൾ ആവശ്യപ്പെടുന്നതായാണ് റിപ്പോർട്ട്. കൂടാതെ സർക്കാരിൽ നിന്ന് നികുതിയിളവും തേടിയിട്ടുണ്ട്. ഇതോടൊപ്പം സ്പെയർ പാർട്സ് വില വർധനവ്, ഇൻഷുറൻസ് നിരക്കിലെ വർധനവ് തുടങ്ങിയവയും കണക്കിലെടുത്ത് ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ നൽകിയിരിക്കുന്ന ശുപാർശ ഉടൻ നടപ്പാക്കണമെന്നാണ് ബസുടമകൾ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇക്കാര്യം ആവശ്യപ്പെട്ട് പലവട്ടം സർക്കാരിനെ സമീപിച്ചെങ്കിലും അനുകൂല സാഹചര്യം ഉണ്ടാകാത്ത സാഹചര്യത്തിലാണ് സർവീസുകൾ മിനിമം ചാർജ് വർധനവിനൊപ്പം വിദ്യാർഥികളുടെ യാത്രാനിരക്കിലും കാലോചിതമായ പരിഷ്കാരം വേണമെന്നാണ് ബസുടമകൾ ആവശ്യപ്പെട്ടിട്ടുള്ളത്. നിലവിൽ 60 ശതമാനം ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നതെന്നും നഷ്ടം മൂലം ഓടാൻ സാധിക്കാത്തതാണ് മറ്റു ബസുകൾ നിരത്തിലിറങ്ങാത്തിനു കാരണമെന്നും അവർ വ്യക്തമാക്കിയിരുന്നു. വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് ബസുടമകൾ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെയും കണ്ടിരുന്നു.
ഓഗസ്റ്റ് 30നു മുൻപ് വിഷയത്തിൽ തീരുമാനമെടുക്കണമെന്നായിരുന്നു അവർ സർക്കാരിനു മുന്നിൽ വെച്ചിരുന്ന നിർദേശം. നിരക്കുവർധന ആവശ്യപ്പെട്ട് ഒരു മാസം മുൻപും ബസുടമകൾ ഗതാഗതമന്ത്രി ആൻ്റണി രാജുവിന് നിവേദനം നൽകിയിരുന്നു. കഴിഞ്ഞ ഒന്നര വർഷമായി സ്വകാര്യ ബസ് വ്യവസായം വലിയ പ്രതിസന്ധി നേരിടുകയാണെന്നും പല ബസുകളും നിരത്തിലിറങ്ങുന്നില്ലെന്നും ഉടമകൾ ചൂണ്ടിക്കാട്ടി.
Find out more: