ഇത് റൊമാൻസല്ല, ബ്രോമാൻസ്! അരുൺ ഡി ജോസിന്റെ സിനിമ അതല്ല ഉദ്ദേശിക്കുന്നത്. ബ്രോയുടെ റൊമാൻസോ സഹോദരനോടുള്ള സ്‌നേഹമോ ആയിരിക്കാം. രണ്ടിനും സാധ്യതയുള്ള സിനിമയാണ് ബ്രൊമാൻസ്.രണ്ടു പുരുഷന്മാർ തമ്മിലുള്ള ലൈംഗികമല്ലാത്ത അതിശക്തമായ സൗഹൃദം എന്നാണ് ബ്രൊമാൻസ് എന്ന വാക്കിന്റെ അർഥം.നാട്ടിലെ മര്യാദരാമൻ ഷിന്റോയും ഷിന്റോയെ കണ്ടുപഠിക്കാൻ എല്ലാവരും പറയുന്ന അത്ര മര്യാദരാമനല്ല ബിന്റോയും അവരുടെ സൗഹൃദങ്ങളുമാണ് ബ്രൊമാൻസിനെ കളറാക്കുന്നത്.
കാണാതായ ഷിന്റോയേയും തേടി ഇറങ്ങുന്ന സംഘത്തിന് എറണാകുളത്തെ കണ്ടെയ്‌നർ റോഡിലെ പിഴല പാലത്തിന് സമീപത്തു നിന്നുമൊരു ലോറിയിൽ കയറി തലശ്ശേരി വഴി മടിക്കേരിക്ക് പോയ വിവരം കിട്ടുന്നുണ്ട്. സുന്ദരിമാരുടെ നാടായ കുടക് നേരത്തെ തന്നെ ഷിന്റോയുടെ ഇഷ്ടസ്ഥലമായിരുന്നു.
പുതുതലമുറ യുവതയുടെ ചേഷ്ടകളും ഭാവഹാവാദികളും നിറച്ച സിനിമയിൽ ചെറിയ വ്യത്യാസമുള്ള തലമുറയെ പോലും ജനറേഷൻ ഗ്യാപ്പെന്ന് വിളിച്ച് അകലം അടയാളപ്പെടുത്തുന്നുണ്ട്.
പറഞ്ഞു പഴകിയ പ്രമേയമാണെങ്കിലും സ്റ്റോക്ക് മാർക്കറ്റ്, എത്തിക്കൽ ഹാക്കിംഗ്, സി സി ടി വി, ഹാക്കിംഗ് ആപ്‌സ്, ഒളിയും മറയുമില്ലാതെ ബിയറും മദ്യവും ഉപയോഗിക്കൽ തുടങ്ങി 'ആധുനികത' ചേർത്തുവെച്ചതുകൊണ്ട് പുതിയ കാലത്തോട് സംവദിക്കാനാവും. കുടകരെ കുറിച്ച് പൊതുവെ മലയാളികൾ പറഞ്ഞുകേട്ട ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് തോക്കെടുത്ത് വെടിവെക്കുന്ന പരിപാടി ഈ സിനിമയിലുമുണ്ട്.ലാഘവത്തോടെ കണ്ടുതീർക്കാമെന്നതാണ് ബ്രൊമാൻസിന്റെ ഗുണം. രസകരമായ സിറ്റ്വേഷണൽ കോമഡികൾ കൂടി ചേർത്ത് പ്രേക്ഷകനെ പിടിച്ചിരുത്തുന്ന തരത്തിലുള്ള മേക്കിംഗ് സിനിമയിൽ നിർവഹിച്ചിട്ടുണ്ട്.
എന്നാൽ മാത്യു തോമസിനേയും സംഗീത് പ്രതാപിനേയും ശ്യാം മോഹനെയുമൊക്കെ കണ്ട് പ്രേമലു പോലെയെന്ന് വിചാരിച്ച് കാണാൻ ചെന്നാൽ അത്ര സുഖം കിട്ടണമെന്നില്ല.തനിക്ക് നൽകുന്ന വേഷം പരമാവധി നന്നാക്കാൻ ശ്രമിക്കാറുള്ള അർജുൻ അശോകൻ ഈ സിനിമയിലും ആ പതിവ് തെറ്റിച്ചിട്ടില്ല. ആദ്യ ഭാഗത്ത് കാര്യമായ പെർഫോമൻസിനുള്ള അവസരങ്ങളൊന്നുമില്ലെങ്കിലും രണ്ടാം പകുതിയിൽ തകർത്താടാനുള്ള അവസരം പരമാവധി ഉപയോഗപ്പെടുത്തിയിട്ടുണ്ട് അർജുൻ.കൗമാരത്തിന്റെ അവസാനത്തിലും യുവത്വത്തിന്റെ തുടക്കത്തിലുമുള്ളവർക്ക് സിനിമ നന്നായി രസിക്കും. അതിനു മുകളിൽ പ്രായമുള്ളവർ ഇതുപോലുള്ള നിരവധി സിനിമകൾ നേരത്തെ തന്നെ കണ്ടുകഴിഞ്ഞതിനാൽ അത്ഭുതപ്പെടുത്താനുള്ള വകയൊന്നും കിട്ടില്ലെങ്കിലും ബോറടിപ്പിക്കാതെയും വലിച്ചു നീട്ടാതെയും പോകുന്നതിനാൽ ആസ്വദിച്ചുള്ള കാഴ്ചയെ തടസ്സപ്പെടുത്തില്ല.
തല്ലുമാലയുടെ നിർമാതാക്കളായ ആശിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആശിഖ് ഉസ്മാനാണ് സിനിമ നിർമിച്ചിരിക്കുന്നത്. ദന്തഡോക്ടർ ഐശുവിനെ പ്രണയിച്ച് അവൾ കൊടുത്ത മോതിരം കുടകുകാരി കാമുകിക്ക് കൈമാറിയ റൊമാൻസിന്റെ തലതൊട്ടപ്പനാണ് ഷിന്റോ. തേച്ചും തേപ്പ് വാങ്ങിയും മുമ്പോട്ടു പോകുന്നതിനാൽ അയാൾക്കതെല്ലാമൊരു രസംകൊല്ലി പരിപാടിയാണ്- ഒരിടത്ത് കുടുങ്ങുന്നതു വരെ!
എറണാകുളത്ത് സ്റ്റോക്ക് മാർക്കറ്റ് കൺസൾട്ടന്റായ ഷിന്റോ (ശ്യാം മോഹൻ) എങ്ങനെയാണ് അപ്രത്യക്ഷനായതെന്ന് സുഹൃത്ത് ഷബീറലിക്കും (അർജുൻ അശോകൻ) അറിയില്ല.
സുഹൃത്തിന്റെ ഫ്‌ളാറ്റിൽ നിന്നും ഇറങ്ങിപ്പോയ ഷിന്റോയെ അന്വേഷിച്ച് ഇരുവരും ഇറങ്ങിത്തിരിച്ചപ്പോൾ കൂട്ടിന് പഴയ കാമുകി ഐശുവും (മഹിമ നമ്പ്യാർ) എത്തിക്കൽ ഹാക്കർ ഹരിഹരസുതനും (സംഗീത് പ്രതാപ്) പഴയ ഗുണ്ട കൊറിയർ ബാബുവും (കലാഭവൻ ഷാജോൺ) കൂടുന്നു. പിന്നീട് ഇവർ ചേർന്ന് വീരാജ്‌പേട്ടയിലേക്കുള്ള യാത്രയും അതിനിടിയലുണ്ടാകുന്ന സംഭവങ്ങളുമാണ് ജോ ആന്റ് ജോയുടേയും എയ്റ്റീൻ പ്ലസിന്റേയും സംവിധായകൻ അരുൺ ഡി ജോസ് പറയുന്നത്.
Find out more: