ചിന്തയും ചിരിയുമുണർത്തി 'പദ്മിനി'! ഇന്ത്യയിലെ കാർ പ്രേമികളുടെ നൊസ്റ്റാൾജിയകളിലൊന്നായണ് പ്രീമിയർ പദ്മിനി. കഥയ്ക്കും ഈ പേരിനും തമ്മിൽ ചില ബന്ധങ്ങളുമുണ്ട്. സംവിധായകൻ സെന്ന ഹെഗ്‌ഡേയുടെ ആദ്യ ചിത്രമായ തിങ്കളാഴ്ച നിശ്ചയവും രണ്ടാം ചിത്രമായ 1744 വൈറ്റ് ആൾട്ടോയും കൈകാര്യം ചെയ്യുന്ന പ്രമേയങ്ങളുമായി ബന്ധിപ്പിക്കാനാവും മൂന്നാം സിനിമ പദ്മിനി എന്നൊരു കൗതുകവുമുണ്ട്. തിങ്കളാഴ്ച നിശ്ചയം കല്ല്യാണ വീട് ചുറ്റിപ്പറ്റിയാണെങ്കിൽ പദ്മിനി കല്ല്യാണത്തിൻ്റന്ന് രാത്രി മുതലാണ് തുടങ്ങുന്നത്. 1744 വൈറ്റ് ആൾട്ടോയിൽ കാറാണ് കഥ കൊണ്ടുപോകുന്നതെങ്കിൽ ഇവിടെ കാറുമായി ബന്ധപ്പെട്ടൊരു ചീത്തപ്പേരാണ് നായകന് നേരിടേണ്ടി വരുന്നത്.കുഞ്ചാക്കോ ബോബൻ്റെ രമേശേട്ടനും അപർണ ബാലമുരളിയുടെ അഡ്വ. ശ്രീദേവിയുമാണ് സിനിമയിലെ നായികാ നായകന്മാർ. എന്നാൽ ക്രെഡിറ്റ് മുഴുവൻ നേടുക സജിൻ ചെറുകയിലിൻ്റെ ജയേട്ടനും ആദ്യ ഭാഗത്ത് ചെറുതായും അവസാന ഭാഗത്ത് നിറഞ്ഞാടിയുമെത്തിയ വിൻസി അലോഷ്യസിൻ്റെ സ്മൃതിയുമായിരിക്കും. ഒരുപൊടിക്ക് വിൻസി ഓവറല്ലേ എന്നു തോന്നിപ്പോകുമെങ്കിലും 'എക്‌സെൻട്രിക്കായ' സ്മൃതി അങ്ങനെ തന്നെയായിരിക്കുമെന്ന് സിനിമ കഴിയുമ്പോൾ പ്രേക്ഷകൻ ഉറപ്പിക്കും.






അത് ആ കഥാപാത്രത്തെ അവതരിപ്പിച്ച വിൻസിയുടെ മിടുക്കുതന്നെയാണ്.അപർണ സ്ഥിരം തോൽക്കുന്ന കുടുംബ കോടതി വക്കീലും മഡോണ കോളജ് അധ്യാപികയും വിൻസി സാധാരണ ഒരു വീട്ടിലെ അസാധാരണ ചിന്തകളുള്ള പെൺകുട്ടിയുമായി മൂന്ന് വ്യത്യസ്ത നായികമാരായെത്തുന്നു. മൂവരുടേയും കഥകൾ വ്യത്യസ്ത ട്രാക്കുകളിലൂടെ പോകുന്നുണ്ടെങ്കിലും ഇവരെല്ലാം ചേർന്ന് ഒരു കഥയിലേക്കും സന്ദർഭത്തിലേക്കും ലയിച്ചെത്തുന്നുമുണ്ട്.പ്രീമിയർ പദ്മിനി കാറല്ലാതെ പദ്മിനി എന്ന കഥാപാത്രത്തെ മഡോണ സെബാസ്റ്റിയനാണ് ചെയ്യുന്നത്. സിനിമയിലെ നായികമാരിലൊരാളാണ് പദ്മിനി. കല്ല്യാണവും കഴിഞ്ഞ് റജിസ്‌ട്രേഷനും നടത്തിയാണ് 32കാരനും കവിതയെഴുത്തിൻ്റെ അസ്‌ക്യതയുള്ളവനുമായ രമേശനും ഭാര്യ സ്മൃതിയും ബന്ധുക്കളുമായി വീട്ടിലേക്കെത്തുന്നത്. ആദ്യരാത്രി രമേശൻ്റെ കവിതാ സമാഹാരം വായിച്ചതിന പിന്നാലെയാണ് കറന്റു പോയപ്പോൾ പൂർണ ചന്ദ്രനിൽ നിന്നും പെയ്തിറങ്ങുന്ന കവിത തുളുമ്പുന്ന സൗന്ദര്യം ആസ്വദിക്കാൻ വിശാലമായ പാടത്തേക്കും വഴിയിലേക്കും നവദമ്പതികൾ ഇറങ്ങുന്നത്.





രമേശനും സ്മൃതിയും അവരുടെ ജീവിതത്തിലെ ഏറ്റവും നിർണായകമായ നിമിഷത്തിനാണ് അപ്പോൾ സാക്ഷ്യംവഹിക്കുകയും അനുഭവിക്കുകയും ചെയ്യുന്നത്. കാത്തിരിക്കുന്ന കാമുകനോടൊപ്പം സർവ്വാഭരണ വിഭൂഷിതയായി ഭാര്യ പ്രീമിയർ പദ്മിനി കാറിൽ കയറിപ്പോയതോടെ നിലാവിനും ആൽമരത്തിനും താഴെ വേരറ്റവനായിപ്പോകുന്നു രമേശൻ. ആരുമിത് കണ്ടില്ലെന്ന് കരുതാമെങ്കിലും നാട്ടിലെ സ്ഥിരം കുടിയന്മാരായ രണ്ടുപേർ ഈ കാഴ്ചകൾക്കെല്ലാം സാക്ഷികളായിരുന്നു. തികച്ചും ഗ്രാമീണ പശ്ചാതലത്തിൽ കണ്ണും മനസ്സും നിറയുന്ന ദൃശ്യങ്ങളുടെ പശ്ചാതലത്തിലാണ് സിനിമ പുരോഗമിക്കുന്നത്.കൂട്ടുകാരൻ്റെ നിർബന്ധത്തിന് വഴങ്ങി രണ്ടു വർഷങ്ങൾക്ക് ശേഷം രണ്ടാം വിവാഹത്തിനായി മാര്യേജ് ബ്യൂറോയിൽ റജിസ്റ്റർ ചെയ്യുന്നതോടെയാണ് സിനിമ രസകരമായ മുഹൂർത്തങ്ങളിലേക്ക് കടക്കുന്നത്.






സിനിമയ്‌ക്കൊടുവിൽ എന്തു സംഭവിക്കുമെന്ന് കാഴ്ചക്കാരന് കഥാപാത്രങ്ങളായി വേഷമിട്ട അഭിനേതാക്കളെ വിലയിരുത്തി മനസ്സിലാക്കാമെങ്കിലും അതിലേക്കുള്ള വഴി വളരെ രസകരമായി വെട്ടിയുണ്ടാക്കുന്നതിൽ തിരക്കഥാകൃത്ത് വിജയിച്ചിട്ടുണ്ട്. മാത്രമല്ല, സാധാരണഗതിയിൽ ചിന്തിക്കുകയും ശ്രദ്ധിക്കുകയും ചെയ്യാത്ത വളരെ ചെറിയൊരു കഥാതന്തുവിനെ വ്യത്യസ്തമായ കാര്യങ്ങൾ അവതരിപ്പിച്ച് വിദഗ്ധമായി പറഞ്ഞുവെക്കാനും സാധിക്കുന്നു.രമേശേട്ടൻ്റെ കഥ പറയുമ്പോൾ തന്നെ സമാന്തരമായി ബിസിനസുകാരൻ ജയേട്ടൻ്റെ കഥയും രസകരമായി കടന്നുവരുന്നു. ഇടവേളയെന്നെഴുക്കാണിച്ചതിന് ശേഷവും സിനിമ അവസാനിച്ചുവെന്ന് ബോധ്യപ്പെടുത്തുന്ന പൊട്ടുപോലെ മറയുന്ന പ്രീമിയർ പദ്മിനിയുടെ ദൃശ്യത്തിന് ശേഷവും സർപ്രൈസ് ജയേട്ടൻ്റെ സർപ്രൈസ് വരവ് കാണികളിൽ കൗതുകവും ചിരിയും പടർത്തും. ജയേട്ടൻ്റെ കിടക്കക്കമ്പനിയുടെ പേര് രാരീരം എന്നാണെങ്കിലും അയാൾ അതിനു കൊടുത്ത പരസ്യവാചകം പോത്തുപോലെ ഉറങ്ങാനെന്നാണ്. എത്രമാത്രം നിഷ്‌കളങ്കനാണ് അയാളെന്ന് തിരിച്ചറിയാൻ ഈ വാചകം മാത്രം മതിയാകും.

Find out more: