ബംഗാൾ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ വൻ വിജയവുമായി മമത! സംസ്ഥാനത്ത് അധികാരത്തിലെത്തി 10 മാസം പിന്നിടുമ്പോഴാണ് മുൻസിപ്പൽ തെരഞ്ഞെടുപ്പിലും മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ നേട്ടം ആവർത്തിച്ചത്. 107 മുൻസിപ്പാലിറ്റികളിൽ 93 ഇടത്തും തൃണമൂൽ വിജയിച്ചു.  പശ്ചിമബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിലെ വൻ വിജയത്തിന് പിന്നാലെ മുൻസിപ്പൽ തെരഞ്ഞെടുപ്പിലും നേട്ടം ആവർത്തിച്ച് തൃണമൂൽ കോൺഗ്രസ്.  സിപിഎം നേതൃത്വത്തിലുള്ള ഇടത് മുന്നണി നാദിയ ജില്ലയിൽ തഹേർപൂർ മുൻസിപ്പാലിറ്റിയിൽ വിജയിച്ചു. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ബിജെപിക്കും കോൺഗ്രസിനും ഒരു മുൻസിപ്പാലിറ്റി ഭരണം പോലും പിടിച്ചെടുക്കാൻ സാധിച്ചിട്ടില്ല. അതേസമയം പുതുതായി രൂപീകരിച്ച ഹാംരോ പാർട്ടി ഡാർജീലിങ് മേഖലയിൽ മികച്ച മുന്നേറ്റമാണ് കാഴ്ചവച്ചത്.





   തൃണമൂൽ, ബിജെപി, ജിജെഎം മുന്നണികളെ വീഴ്ത്തി ഇവിടെ ഒരു മുൻസിപ്പാലിറ്റിയിൽ ഹാംരോ പാർട്ടി വിജയിച്ചു. പ്രതിപക്ഷ നേതാവും നന്ദിഗ്രാമിൽ നിന്നുള്ള ബിജെപി എംഎൽഎയുമായ സുവേന്ദു അധികാരിയുടെ ശക്തികേന്ദ്രമായ കാന്തി മുൻസിപ്പാലിറ്റിയിലും തൃണമൂൽ കോൺഗ്രസാണ് ജയിച്ചത്. 27 മുൻസിപ്പാലിറ്റികളിൽ തൃണമൂൽ കോൺഗ്രസ് സമ്പൂർണ്ണവിജയമാണ് നേടിയത്. ഇവിടെ പ്രതിപക്ഷ പാർട്ടികൾക്ക് ഒരു വാർഡിൽ പോലും വിജയിക്കാൻ സാധിച്ചില്ല. അതേസമയം നാല് മുൻസിപ്പാലിറ്റികളിൽ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടില്ല.'തൃണമൂൽ കോൺഗ്രസ് ഇതിനോടകം 93 മുൻസിപ്പാലിറ്റികളിൽ വിജയിച്ചു. ഏഴിടത്ത് മുന്നേറുന്നുമുണ്ട്. ഇടതുമുന്നണിയും ഹാംരോ പാർട്ടിയും ഓരോ ഇടത്ത് വിജയിച്ചു." സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസർ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.




   
 അതേസമയം 2024 ലോക് സഭ തെരഞ്ഞെടുപ്പിൽ 2004 ആവർത്തിക്കാനൊരുങ്ങി സിപിഎം. കേന്ദ്ര ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കാൻ മുന്നിൽ നിന്ന് പ്രവർത്തിക്കാനാണ് സിപിഎം തീരുമാനം. 23ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി സംസ്ഥാന സമ്മേളനം പുരോഗമിക്കുന്നതിനിടെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെയാണ് പാർട്ടിയുടെ ലക്ഷ്യം വ്യക്തമാക്കിയത്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽനിന്ന്‌ പുറത്താക്കുമെന്ന്‌ പറഞ്ഞ കോൺഗ്രസിന്‌ പാർലമെൻറിൽ മുഖ്യപ്രതിപക്ഷമാകാൻ പോലും സാധിച്ചില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി. കേരളത്തിലെ 20 ൽ 19 സീറ്റിലും യുഡിഎഫ്‌ വിജയിക്കുകയുണ്ടായി. ഇത്‌ മനസ്സിലാക്കിക്കൊണ്ട്‌ കേരളത്തിലെ ജനങ്ങൾ ഇടതുപക്ഷത്തിന്‌ പിന്നിൽ അണിനിരക്കണമെന്നും കോടിയേരി പറയുന്നു. 






ഇടതുപക്ഷ എംപിമാരുടെ അംഗബലം വർധിപ്പിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനാണ് സിപിഎം തീരുമാനം. '2004 ൽ ബിജെപി നേതൃത്വത്തിലുള്ള വാജ്‌പേയ്‌ സർക്കാരിനെ പുറത്താക്കാൻ മുഖ്യപങ്ക്‌ വഹിച്ചത്‌ ഇടതുപക്ഷമായിരുന്നു. പാർലമെൻറ് തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 ൽ 18 സീറ്റിലും ഇടതുപക്ഷം വിജയിച്ചു. അന്ന്‌ അത്രയും സീറ്റ്‌ ലഭിച്ചതുകൊണ്ട്‌ കേന്ദ്രത്തിൽ ബിജെപിയെ അധികാരത്തിൽനിന്ന്‌ പുറത്താക്കാൻ കഴിഞ്ഞു.' കോടിയേരി പറയുന്നു. ഈ സമ്മേളന കാലയളവിനുള്ളിൽ പാർട്ടിക്ക് വൻ വളർച്ചയുണ്ടാക്കാൻ കഴിഞ്ഞെന്നാണ് സിപിഎം നിഗമനം. കഴിഞ്ഞ സമ്മേളനത്തിൽ എടുത്ത പ്രധാന തീരുമാനം നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെയും കോൺഗ്രസിനെയും പരാജയപ്പെടുത്തുക എന്നുള്ളതായിരുന്നു. ആ തീരുമാനം നടപ്പാക്കാൻ കഴിഞ്ഞെന്നും കോടിയേരി ചൂണ്ടിക്കാട്ടുന്നു.


Find out more: