റിയാസ് തെറ്റില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്ന് ജി സുധാകരൻ! 75 വയസെന്ന മാനദണ്ഡം കർശനമായതോടെയാണ് സുധാകരന് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് പുറത്തേക്കുള്ള വഴി തുറന്നത്. പ്രായത്തെച്ചൊല്ലി സംശയങ്ങൾ ഉയർന്നതോടെ സുധാകരൻ തന്നെ നേതൃത്വത്തിന് കത്ത് നൽകിയാണ് കമ്മിറ്റിയിൽ നിന്ന് പുറത്ത് പോയത്. ഇതോടെ അടിസ്ഥാനഘടകമായ ബ്രാഞ്ച് അംഗമായി പ്രവർത്തിക്കേണ്ട സാഹചര്യത്തിലാണ് സുധാകരനുള്ളത്. താൻ സന്തോഷത്തോട് ബ്രാഞ്ച് കമ്മിറ്റിയിൽ പോയി ഇരിക്കുമെന്നാണ് സുധാകരൻ പറയുന്നത്. മലയാള മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് സുധാകരൻറെ വാക്കുകൾ. 37 വർഷം സിപിഎം സംസ്ഥാന സമിതിയിൽ അംഗമായിരുന്നു ജി സുധാകരൻ ഈ സമ്മേളനത്തോടെ കമ്മിറ്റിയിൽ നിന്ന് ഒഴിവായിരിക്കുകയാണ്.
"എനിക്ക് ഇപ്പോൾ ന്യായമായും ലഭിക്കാവുന്നത് ബ്രാഞ്ചിലെ അംഗത്വമാണ്. സന്തോഷത്തോടെ അതിൽ അംഗമാകും. ഇനി അതു മതി."- ജി സുധാകരൻ പറഞ്ഞു. പാർട്ടി വ്യവസ്ത പ്രകാരം തനിക്ക് ഇപ്പോൾ ബ്രാഞ്ച് അംഗമാകാനേ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി 75 വയസ്സ് എന്ന പ്രായപരിധി ജില്ലാ കമ്മിറ്റി അംഗങ്ങൾക്കും ബാധകമാണ്. അതുകൊണ്ട് ജില്ലാ കമ്മിറ്റിയിലും ഉൾപ്പെടുത്താൻ കഴിയില്ല. സാധാരണ പാർട്ടി അംഗമായി കഴിയണം എന്നേ തനിക്കുള്ളൂവെന്നാണ് സുധാകരൻ പറയുന്നത്. വഹിച്ച പദവികളെല്ലാം പാർട്ടി തന്നതാണല്ലോയെന്നും സുധാകരൻ പറയുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ തനിക്കെതിരെ ഉയർന്ന ആരോപണം അപ്രതീക്ഷിതമായിരുന്നെന്നും സിപിഎം നേതാവ് പറയുന്നു.
എന്നാൽ അതിൻറെ പേരിൽ പ്രയാസം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മരിക്കുന്നതു വരെ പാർട്ടിയിൽ തുടരുന്നതിനാണ് പ്രാധാന്യം. അല്ലാതെ സ്ഥാനമാനങ്ങൾക്കല്ല. എൻറെ പ്രവർത്തനം തൃപ്തികരമല്ല, വീഴ്ച ഉണ്ടായി എന്നാണ് കമ്മിഷൻ കണ്ടെത്തിയത്. എനിക്ക് പറയാനുള്ളത് ഞാനും പറഞ്ഞു. അത് അവിടെ അവസാനിച്ചു. എൻറെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായി എന്ന് എളമരം കരീം നേതൃത്വം നൽകിയ കമ്മിഷൻ റിപ്പോർട്ട് പ്രകാരമാണ് താക്കീത് ചെയ്തത്. അത് ഞാനും അംഗീകരിച്ചതല്ലേ. അതിന് എതിരായി ഞാനൊന്നും പറയില്ലെന്നും ജി സുധാകരൻ മലയാള മനോരമയോട് വ്യക്തമാക്കി. താൻ സംസ്ഥാന കമ്മിറ്റിയിൽ വന്നശേഷവും തോമസ് ഐസക്ക് സിഡിഎസിൽ ആയിരുന്നു. ഒരു സംസ്ഥാന സമ്മേളനത്തിന് തൊട്ടുമുൻപായി വിഎസിനോട് ഐസക്കിൻറെ കാര്യം ഞാൻ സൂചിപ്പിച്ചു. എസ്എഫ്ഐയുടെ സംസ്ഥാന പ്രസിഡൻറായിരുന്ന വ്യക്തിയാണെന്നത് ഓർമ്മിപ്പിച്ചു.
തൊട്ടടുത്ത സമ്മേളനത്തിലാണ് വിഎസ് മുൻകൈ എടുത്ത് ഐസക്കിനെ സംസ്ഥാന കമ്മിറ്റിയിൽ കൊണ്ടുവന്നത്. "ഞാൻ പറഞ്ഞതുകൊണ്ട് ഐസക്കിനെ സംസ്ഥാനകമ്മിറ്റിയിൽ എടുത്തു എന്നല്ല. പക്ഷേ ഐസക്കിന്റെ കാര്യം എനിക്ക് ഓർമിപ്പിക്കാനായി" - ജി സുധാകരൻ പറയുന്നു. ഐസക്കിനെ സഹായിച്ച കാര്യം അദ്ദേഹത്തിന് അറിയാമോ എന്ന ചോദ്യത്തിന് ഇല്ലെന്നും താൻ ഇതൊന്നും എവിടെയും പറയാൻ പോയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐസക്കുമായി ഒരു തരത്തിലും വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നും സുധാകരൻ പറയുന്നു. തോമസ് ഐസക്കും സുധാകരനും രണ്ടു തട്ടിലാണെന്ന പ്രചരണത്തെക്കുറിച്ച് പ്രതികരിച്ച സുധാകരൻ ഇതെല്ലാം കുറച്ചു പേർ മനപ്പൂർവം സൃഷ്ടിച്ച്, ഉറപ്പിച്ചു വിടുന്നതാണെന്നും അതിലൊന്നും ഒരു അടിസ്ഥാനവുമില്ലെന്നും വ്യക്തമാക്കി. ഐസക് സംസ്ഥാന കമ്മിറ്റിയിലേക്ക് എത്തുന്നതിന് മുൻപ് അദ്ദേഹത്തിൻറെ കാര്യം നേതൃത്വത്തെ ഓർമ്മിപ്പിച്ചത് താനാണെന്നും സുധാകരൻ അഭിമുഖത്തിൽ പറഞ്ഞു.
Find out more: