തിരുവനന്തപുരം ∙ മഴക്കെടുതിയിൽ ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 10 പേർ മരിച്ചു. ഇതിൽ രണ്ടു വയസ്സുകാരനും ഉൾപ്പെടുന്നു. വ്യാഴാഴ്ച വൻ ഉരുൾപൊട്ടൽ ഉണ്ടായ മലപ്പുറം കവളപ്പാറയിൽ 6 പേരുടെയും വയനാട് പുത്തുമലയിൽ ഒരാളുടെയും മൃതദേഹങ്ങൾ ഇന്നലെ കണ്ടെടുത്തു. ഇതോടെ, സംസ്ഥാനത്ത് 3 ദിവസത്തിനിടയിലെ മൊത്തം മരണം 60 ആയി. കവളപ്പാറയിൽ 54 പേരെയും പുത്തുമലയിൽ 9 പേരെയുമായി മൊത്തം 63 പേരെ ഇനി കണ്ടെത്താനുണ്ട്. ഇതിനുപുറമേ, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി 5 പേരെ കാണാതായിട്ടുമുണ്ട്.
കോട്ടയം ജില്ലയിൽ വൈക്കം തലയാഴത്ത് കണ്ടംതുരുത്ത് ഉള്ളാട്ടിൽ ഗഗനന്റെ മകൻ അരവിന്ദ് (25) മുങ്ങിമരിച്ചു. അനുജനും കൂട്ടുകാരുമൊത്ത് വീട്ടുവളപ്പിലെ കുളത്തിൽ കുളിക്കുന്നതിനിടെയായിരുന്നു അരവിന്ദ് മുങ്ങിമരിച്ചത്. എൻജിനീയറിങ് പഠനം പൂർത്തിയാക്കിയ അരവിന്ദ് വിദേശത്തേക്കു പോകുന്നതിനുള്ള തയാറെടുപ്പിലായിരുന്നു. മാതാവ്: സുജ (കെഎസ്ഇബി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ). മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
കോഴിക്കോട് കല്ലായിയിൽ കാറ്റിൽ മരം വീണ് ബൈക്ക് യാത്രക്കാരൻ കെ.പി.മുഹമ്മദ് സാലു (52), പാറോപ്പടി ചേവരമ്പലം റോഡിലെ വെള്ളക്കെട്ടിൽ വീണ് തമിഴ്നാട് നീലഗിരി സ്വദേശി ഹംസ (43), ഒഴുക്കിൽപെട്ട് വടകര മേമുണ്ട തിരുവള്ളൂരിൽ ലിബീഷ് (32), വേളം കുറിച്ചക്കം പുത്തൻപുരയിൽ അനീഷ് എന്നിവർ മരിച്ചു.
കണ്ണൂർ തലശ്ശേരി പുന്നോൽ താഴെവയൽ പവിത്രം ഹൗസിൽ നിധിന്റെ മകൻ ആർബിൻ (2) വീടിനടുത്തെ വെള്ളക്കെട്ടിൽ വീണു മരിച്ചു. റോഡരികിലെ വെള്ളക്കെട്ടിൽ വീണ് പയ്യന്നൂർ കോറോം മുത്തത്ത വെളുത്തേരി കൃഷ്ണൻ (62), തോട്ടിൽ വീണ് വയത്തൂർ കാലാങ്കിയിൽ പുളിമൂട്ടിൽ ദേവസ്യ (62) എന്നിവർ മരിച്ചു.
തൃശൂർ ജില്ലയിൽ ചാലക്കുടിക്കടുത്തു മലവെള്ളം കയറിയ പറമ്പിൽ വീണ് 17 വയസ്സുകാരൻ മരിച്ചു. പരിയാരം കൊന്നക്കുഴി കോലങ്കണ്ണി വിൽസന്റെ മകൻ ജോജോ (17) ആണ് മരിച്ചത്. എറണാകുളം ജില്ലയിലെ കുന്നുകരയിൽ വെള്ളത്താൽ ചുറ്റപ്പെട്ട വീട്ടിനുള്ളിൽ കുഴഞ്ഞുവീണയാൾ യഥാസമയം ആശുപത്രിയിലെത്തിക്കാൻ കഴിയാതെ മരിച്ചു. കുന്നുകര നോർത്ത് കുത്തിയതോട് കൈതാരത്ത് കൊച്ചാപ്പു ചാക്കപ്പൻ(59) ആണ് മരിച്ചത്.
വയനാട് മേപ്പാടിയിലെ പുത്തുമലയിൽ ഇന്നലെ നടന്ന തിരച്ചിലില്‍ മുണ്ടേക്കാട്ടില്‍ ചന്ദ്രന്റെ ഭാര്യ അജിതയുടെ (43) മൃതദേഹം കിട്ടി. ഒലിച്ചുപോയ പാടിയിലെ അന്തേവാസിയായിരുന്നു. ഉരുള്‍പൊട്ടല്‍ഭീതിയില്‍ ചന്ദ്രനും മകന്‍ എബിക്കുമൊപ്പം വീടുമാറുന്നതിനിടെ മറന്നുവച്ച രേഖകള്‍ എടുക്കാനായി തിരിച്ചുകയറുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്.
click and follow Indiaherald WhatsApp channel