ആലപ്പുഴ ∙ പുന്നപ്രയിൽ ബാർ ഹോട്ടലിനു സമീപത്തെ അടിപിടിയെത്തുടർന്നു കാണാതായ യുവാവിന്റെ മൃതദേഹം കടപ്പുറത്തു കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ശനിയാഴ്ച പിടിയിലായ പ്രതി പുന്നപ്ര കാക്കരിയിൽ ജോസഫ് (ഓമനക്കുട്ടൻ – 19) വെളിപ്പെടുത്തിയ വിവരമനുസരിച്ച് പറവൂർ ഗലീലിയ കടപ്പുറത്തിനു സമീപം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മണ്ണഞ്ചേരി അമ്പനാകുളങ്ങര മിച്ചനാട് കോളനിയിൽ താമസിക്കുന്ന പുന്നപ്ര പറവൂർ രണ്ടു തൈവെളിയിൽ‌ മനോഹരന്റെ മകൻ മനുവാണ് (കാകൻ മനു-27) കൊല്ലപ്പെട്ടത്.

മൃതദേഹം കടലിൽ കടലിൽ കെട്ടിത്താഴ്ത്തിയെന്നായിരുന്നു നേരത്തെ പിടിയിലായ രണ്ടു പ്രതികൾ പറഞ്ഞിരുന്നത്. ഇതനുസരിച്ചു നാവികസേന തിരച്ചിൽ തുടങ്ങാനിരിക്കെയാണ് ജോസഫിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ 19നു രാത്രി 9.30നു പറവൂരിൽ നടന്ന സംഘർഷത്തിന്റെ തുടർച്ചയായി മനുവിനെ തട്ടിക്കൊണ്ടുപോയി ഗലീലിയ തീരത്ത‍ുവച്ചു കൊലപ്പെടുത്തുകയായിരുന്നു.

പുന്നപ്ര വടക്ക് പഞ്ചായത്ത് 12ാം വാർഡ് തൈപ്പറമ്പിൽ പത്രോസ് ജോൺ (അപ്പാപ്പൻ പത്രോസ്-28), പുന്നപ്ര വടക്കേ തയ്യിൽ സൈമൺ മൈക്കിൾ (സനീഷ് -29) എന്നിവരാണ് മനുവിനെ കൊലപ്പെടുത്തിയെന്നു പൊലീസിനോടു കുറ്റസമ്മതം നടത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. മനുവും പ്രതികളിലൊരാളായ പത്രോസും ‘കാപ്പ’ നിയമപ്രകാരം ജയിലിൽ കഴിഞ്ഞിട്ടുണ്ട്. പുന്നപ്ര പനഞ്ചിക്കൽ ‘ലൈറ്റ്’ എന്നറിയപ്പെടുന്ന ആന്റണി സേവ്യർ (വിപിൻ– 28) എന്നയാൾ കൂടി കേസിൽ പിടിയിലാകാനുണ്ട്.

మరింత సమాచారం తెలుసుకోండి: