ടെസ്റ്റില്‍ ഓപ്പണറായി അരങ്ങേറിയ രോഹിത് ശര്‍മ്മ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസറ്റിലെ ആദ്യ ദിനത്തില്‍ കത്തിക്കയറിയപ്പോള്‍ ഇന്ത്യ അതിശക്തമായ നിലയില്‍. മഴമൂലം അവസാനത്തെ സെഷന്‍ ഉപേക്ഷിച്ചപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ഇങ്ങനെ, 202/0. സെഞ്ച്വറിയുമായി രോഹിത് ശര്‍മ്മ(115) സെഞ്ച്വറിയിലേക്ക് കുതിക്കുന്ന മായങ്ക് അഗര്‍വാള്‍(84) എന്നിവരാണ് ക്രീസില്‍.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ഒരു ഘട്ടത്തിലും പിന്നാക്കം പോയില്ല. ഫിലാന്‍ഡറും റബാദയും അടങ്ങുന്ന ദക്ഷിണാഫ്രിക്കയുടെ പേസ് പട എറിഞ്ഞുനോക്കിയെങ്കിലും രക്ഷയുണ്ടായില്ല. സ്പിന്നര്‍മാര്‍ക്കും ഇന്ത്യന്‍ ഓപ്പണര്‍മാരെ വിറപ്പിക്കാനായില്ല. ആകാംക്ഷയോടെ നോക്കിയിരുന്നത് രോഹിതിന്റെ ബാറ്റിലേക്കായിരുന്നു. ഏകദിനത്തിലെന്ന പോലെ അല്‍പം പതുക്കെയാണെങ്കിലും മനോഹരമായി ടെസ്റ്റിലും രോഹിത് ബാറ്റുവീശി. നേരിട്ട 154ാം പന്തില്‍ രോഹിത് സെഞ്ച്വറി തികച്ചു.
അരങ്ങേറ്റ ഓപ്പണര്‍ റോളില്‍ ഇന്ത്യക്കായി സെഞ്ച്വറി കണ്ടെത്തുന്ന നാലാമത്തെ ബാറ്റ്‌സ്മാനാവാനും രോഹിതിനായി. 174 പന്ത് നേരിട്ട രോഹിത് അഞ്ച് സിക്‌സറുകളുടെയും പന്ത്രണ്ട് ഫോറുകളുടെയും ബലത്തിലായിരുന്നു രോഹിതിന്റെ ഇന്നിങ്‌സ്. മറുവശത്ത് മായങ്ക് അഗര്‍വാളും നിലയുറപ്പിക്കുന്നുണ്ടായിരുന്നു. 183 പന്ത് നേരിട്ട അഗര്‍വാള്‍ രണ്ട് സിക്‌സറുകളുടെയും പതിനൊന്ന് ഫോറുകളുടെയും അകമ്പടിയോടെയായിരുന്നു അഗര്‍വാളിന്റെ ഇന്നിങ്‌സ്.
click and follow Indiaherald WhatsApp channel