സാങ്കേതികവിദ്യയുടെ വളർച്ചകൊണ്ട് ഉണ്ടാകുന്ന ഗുണങ്ങൾക്കപ്പുറം നമുക്കുമുന്നിൽ കണ്ടുവരുന്ന ഒരു വലിയ ദോഷമുണ്ട്...കാര്യങ്ങളുടെ പൂർണമായ നിയന്ത്രണം മനുഷ്യനിൽനിന്ന് സോഫ്റ്റ്വേറിന്റെ കൈയിൽ എത്തുന്നതോടുകൂടി ചിലപ്പോഴൊക്കെ തീരുമാനങ്ങൾ എടുക്കുന്നത് കംപ്യൂട്ടറുകൾ ആയിരിക്കും. കംപ്യൂട്ടറിന്റെ നിയന്ത്രണത്തിൽ കാര്യങ്ങളായാൽ ചില സന്ദർഭങ്ങളിൽ മനുഷ്യന് ഇടപെടാനുള്ള അവസരംപോലും പിന്നീട് ഇല്ലാതാകുന്നു. കംപ്യൂട്ടറിന്റെ നിയന്ത്രണത്തിലുള്ള പരിപാടികൾ ചിലപ്പോഴൊക്കെ അബദ്ധങ്ങൾ നിറഞ്ഞതാണ്. ഈ പംക്തിയിൽ മുമ്പ് പറഞ്ഞതുപോലെ സാങ്കേതികവിദ്യ നിർമിക്കുന്നത് മനുഷ്യരാണല്ലോ. അവരാരും എല്ലാം തികഞ്ഞവരൊന്നുമല്ലല്ലോ!
താനേ ഓടുന്ന കാറിലെ കൃത്രിമബുദ്ധി പട്ടിയെ കണ്ടാൽ ബ്രേക്ക് ചവിട്ടുകയും വൃദ്ധ നിരത്തുമുറിച്ച് കടക്കുന്നതുകണ്ടാൽ വേഗം കുറയ്ക്കാതെ പോകുന്നതുമൊക്കെ നിങ്ങൾ വായിച്ചുകാണും. ചിലപ്പോൾ ബുദ്ധി ഒരിത്തിരി തലതിരിഞ്ഞാവും. കറുത്തവരെ തിരിച്ചറിയാത്ത ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനത്തെക്കുറിച്ചും കേട്ടുകാണും. ബോയിങ്ങിന്റെ ഈ അടുത്തകാലത്തെ ഒരു വിമാനാപകടം കംപ്യൂട്ടർ ഒരു തീരുമാനം എടുത്തതുമൂലമായിരുന്നു എന്നതും നിങ്ങൾ വായിച്ചുകാണുമല്ലോ. ഓട്ടോമേഷൻ (അതിയന്ത്രവത്കരണം) ഇരുതലയുള്ള ഒരു വാളാണെന്ന് നമുക്കിടയിൽ നടക്കുന്ന പല സംഭവങ്ങളും നമ്മളെ പഠിപ്പിക്കുന്നു. ഈ മാസം ആദ്യം ഗൂഗിളിന് പറ്റിയതും ഇതുപോലെ ഒരു അബദ്ധം ആയിരുന്നു.


ഗൂഗിളിന്റെ ക്ലൗഡ് സേവനം ഈമാസം രണ്ടാം തീയതി നാലര മണിക്കൂറോളം പണിമുടക്കിയതുമൂലം ഗൂഗിളിന്റെ സേവനങ്ങളായ യു-ട്യൂബും ജി-മെയിലും ഒട്ടേറെ ഉപയോക്താക്കൾക്ക് പ്രവർത്തനരഹിതമായിരുന്നു. ഗൂഗിളിന്റെ സേവനങ്ങളെ മാത്രമല്ല ഈ പണിമുടക്ക് ബാധിച്ചത്. ഗൂഗിൾ ക്ലൗഡ് സേവനങ്ങൾ ഉപയോഗിക്കുന്ന ഒട്ടേറെ സേവനങ്ങളെയും ബാധിച്ചു. ഇതിൽ സ്നാപ്ചാറ്റും വിമിയോയും ഷോപ്പിഫൈയും ഒക്കെപ്പെടുന്നു. ഗൂഗിളിന്റെ സേവനങ്ങളിലേക്കുള്ള ട്രാഫിക് പത്ത് മുതൽ മുപ്പത് ശതമാനം വരെ ഈ പ്രശ്നംമൂലം താഴോട്ടുപോയി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രശ്നത്തിന്റെ കാരണം കണ്ടുപിടിക്കാനും അത് പരിഹരിക്കാനും ഗൂഗിൾ സാധാരണയിൽ കൂടുതൽ സമയമെടുത്തു എന്നും ഗൂഗിൾതന്നെ സമ്മതിക്കുന്നു. 


ഓട്ടോമേഷൻ സർവവ്യാപിയാകുന്നതുകൊണ്ട് പ്രശ്നങ്ങളുടെ ഉത്തരവാദി സാങ്കേതികവിദ്യയാണെന്ന് പറയാൻ ഇനി നമുക്കെല്ലാം എളുപ്പമായിരിക്കും എന്ന് 
ചിലർ തമാശയ്ക്ക് പറയുന്നുണ്ട്. സായിപ്പിന്റെ The dog ate my homework എന്ന പ്രയോഗം അറിയില്ലേ? കുട്ടികൾ സ്കൂളിൽ ഹോംവർക്ക്, സമയത്ത് കൊടുക്കാതിരിക്കുമ്പോൾ പറയുന്ന കള്ളമാണെന്ന് കേൾക്കുന്നതിന് മുന്നേ മനസ്സിലാകുന്ന ഒരു ഒഴിവുകഴിവ് ആണ് എന്റെ ഹോംവർക്ക് പട്ടിതിന്നു എന്നത്.


ഇപ്പോൾത്തന്നെ ബാങ്കും മൊബൈൽ സേവനദാതാവും ഒക്കെ സാങ്കേതിക പിഴവിന്റെ തലയിൽ കെട്ടിവെച്ച് പ്രശ്നങ്ങളിൽനിന്ന് രക്ഷപ്പെടുന്നത് നമുക്കറിയാമല്ലോ... പാവം സാങ്കേതികവിദ്യ...





మరింత సమాచారం తెలుసుకోండి: