മനുഷ്വത്വമാണ് പ്രധാനം. അതെ അത് തന്നെയാണ് പ്രധാനം. നോർത്ത് സിക്കിമിലെ ഇന്ത്യ- ചൈന അതിർത്തിയിൽ കുടുങ്ങിയ ചൈനീസ് പൗരന്മാർക്കാണ് വൈദ്യസഹായവുമായി സേന എത്തിയത്. ഇന്ത്യൻ ആർമി ട്വിറ്ററിൽ ഷെയർ ചെയ്ത ചിത്രം ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.മോശം കാലാവസ്ഥയിൽ 17,500 അടി ഉയരത്തിൽ കുടുങ്ങിയ ചൈനീസ് സംഘത്തിനാണ് ഇന്ത്യൻ സേന വൈദ്യസഹായം ലഭ്യമാക്കിയത്. മാസങ്ങളായി ലഡാഖിലെ അരുണാചൽ അതിർത്തിയിലുമുൾപ്പെടെ ഇരുസേനകളും നേർക്ക് നേർ വന്ന അതേ സാഹചര്യത്തിലാണ് ഈ വാർത്തയും പുറത്തുവരുന്നത്.മനുഷ്യത്വമാണ് ഇന്ത്യൻ ആർമിക്ക് പ്രധാനം എന്ന അടിക്കുറിപ്പോടെയാണ് ആർമിയുടെ ട്വിറ്റർ പേജിൽ അതിർത്തിയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.  


  അതിർത്തിയിൽ ഇന്ത്യ- ചൈന തർക്കം രൂക്ഷമാകുന്നതിനിടെ ചൈനീസ് പൗരന്മാർക്ക് സഹായവുമായി ഇന്ത്യൻ ആർമി. നോർത്ത് സിക്കിമിലെ ഇന്ത്യ- ചൈന അതിർത്തിയിൽ കുടുങ്ങിയ ചൈനീസ് പൗരന്മാർക്കാണ് വൈദ്യസഹായവുമായി സേന എത്തിയത്. അതിനിടെ അരുണാചലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയെന്ന ആരോപണവുമായി കോൺഗ്രസ് എംഎൽഎയും രംഗത്തെത്തിയിട്ടുണ്ട്. സുബൻസിരി ജില്ലയിലെ ഗോത്രവർഗക്കാരെയാണ് ചൈനീസ് പിടിച്ചു കൊണ്ടുപോയതെന്ന് എംഎൽഎ നിനോങ് എറിങ്ങാണ് ആരോപിച്ചിരിക്കുന്നത്.തട്ടിക്കൊണ്ടുപോയെന്ന് പറയപ്പെടുന്നവരുടെ പേരുവിവരങ്ങൾ ഉൾപ്പെടെ പുറത്ത് വിട്ടാണ് എംഎൽഎയുടെ ആരോപണം. കുറച്ച് മാസങ്ങൾക്ക് മുമ്പും സമാനമായ സംഭവം നടന്നിട്ടുണ്ടെന്നും എംഎൽഎ പറയുന്നു.



   അതേസമയം ആർമി പ്രമേയമായി വരുന്ന സിനിമ, സീരിയൽ, വെബ് സീരീസ് എന്നിവ ഷൂട്ട് ചെയ്യാൻ പ്രൊഡക്ഷൻ കമ്പനി പ്രതിരോധ വകുപ്പിൽ നിന്ന് നോ ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങണമെന്ന് പ്രതിരോധ മന്ത്രാലയം. ഇന്ത്യൻ സൈനികരെ പശ്ചാത്തലമാക്കി സമീപകാലത്ത് ചിത്രീകരിച്ച ചില വെബ് സീരീസുകൾ സേനയെ മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ളതാണ്. യാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് ഇതിലൂടെ ജനങ്ങൾ കണ്ടത്. ഈ പശ്ചാത്തലത്തിലാണ് ഇടപേടേണ്ടി വന്നതെന്നും അധികൃതർ പറയുന്നു.



  ആർമി പ്രമേയമായി വരുന്ന രംഗങ്ങൾ ചിത്രീകരിക്കാൻ പ്രതിരോധ മന്ത്രാലയത്തിൻ്റെ അനുമതി നിർബന്ധമായും തേടിയിരിക്കണം. ഇക്കാര്യം ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന് കത്തിൽ പറയുന്നു. ചില സിനിമകളിലും വെബ് സീരീസുകളിലും ഇന്ത്യൻ ആർമിയേയും സൈനിക ഉദ്യോഗസ്ഥരെയും യൂണിഫോമിനെയും അപമാനകരമായ രീതിയിൽ ചിത്രീകരിക്കുന്നുവെന്ന കാരണത്താലാണ് മന്ത്രാലയം നടപടി സ്വീകരിച്ചത്.

మరింత సమాచారం తెలుసుకోండి: