വിജയുടെ ലിയോയിൽ വിജയ് സേതുപതിയുമോ? എൽസിയുവിൻ്റെ സസ്പെൻസ് ഇനിയുമെത്രയെന്ന് ആരാധകർ! കൈതി, മാസ്റ്റർ, വിക്രം എന്നീ ചിത്രങ്ങൾക്കു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമയെന്നത് അനൗൺസ് ചെയ്ത കാലം മുതൽ ചിത്രത്തിനു വലിയ ഹൈപ്പ് സൃഷ്ടിച്ചിരുന്നു. ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെൻ്റിനും ടീസറിനും വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ സിനിമയെന്നതിനാൽ തന്നെ വമ്പൻ സസ്പെൻസ് ചിത്രത്തിൽ സംവിധായകൻ ഒരുക്കുമെന്നുള്ള പ്രതീക്ഷ പ്രേക്ഷകർക്കുണ്ട്. അത് സാധുകരിച്ച് സിനിമയുടെ അണിയറ പ്രവർത്തകർ പുറത്തുവിട്ട ഒരു ചിത്രമാണ് ഇപ്പോൾ പുതിയ ചർച്ചകൾ സൃഷ്ടിക്കുന്നത്. തമിഴകത്തു നിന്നും 2023 ൽ ഇന്ത്യൻ ചലച്ചിത്ര പ്രേമികൾ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് നായകനാകുന്ന ലിയോ. വിക്രം സിനിമയിലെ വില്ലൻ കഥാപാത്രം സന്താനത്തെ അവതരിപ്പിച്ചിരുന്നത് വിജയ് സേതുപതിയായിരുന്നു.




വിജയ് നായകനാകുന്ന പുതിയ ചിത്രത്തിലും സന്താന്നത്തിൻ്റെ സാന്നിധ്യമുണ്ടാകുമെന്നുള്ള സൂചന നൽകിയിരിക്കുന്നത് വിക്രം, ലിയോ എന്നീ ചിത്രങ്ങളുടെ രചനാ പങ്കാളിയായ രത്നകുമാറാണ്. ലിയോയുടെ ഷൂട്ടിംഗ് ഇപ്പോൾ കാശ്മീരിൽ പുരോഗമിക്കുകയാണ്. കാശ്മീരിൽ നിന്നുമുള്ള രത്നകുമാറിൻ്റെ ട്വീറ്റാണ് പുതിയ ചർച്ച സൃഷ്ടിച്ചത്. ടൈറ്റിൽ അനൗൺസ്മെൻ്റിനോട് അനുബന്ധിച്ച് ചിത്രത്തിലെ പ്രധാന താരങ്ങളെ പരിചയപ്പെടുത്തിയുള്ള പോസ്റ്ററുകളും പുറത്തു വന്നിരുന്നു. പുതിയ റിപ്പോർട്ടുകൾ പ്രകാരം വിജയ് സേതുപതിയും ലിയോയിൽ ഭാഗമാകുന്നുള്ള സൂചനയാണ് ലഭിക്കുന്നത്. വിക്രം സിനിമയിൽ ഫൈറ്റ് സീനുകൾക്കു ശേഷം കമലഹാസൻ്റെ കഥാപാത്രം സന്താന്നത്തെ കൊല്ലുന്നതാണ് കഥയെങ്കിലും സന്താനം മരിക്കുന്നതായി കാണിക്കുന്നില്ല.




 ഇതെല്ലാം കൂടി കൂട്ടിവായിച്ചാണ് വിജയ് സേതുപതിയുടെ സന്താനവും ലിയോയിൽ കാമറക്കു മുന്നിലെത്തുമെന്നുള്ള വിലയരുത്തലിലേക്ക് സോഷ്യൽ മീഡിയ എത്തിയത്. വിക്രത്തിൻ്റെ പ്രീക്വലായിട്ടാകും ലിയോയെ അവതരിപ്പിക്കുന്നത് എന്ന രീതിയിലുള്ള നിരീഷണവുമുണ്ട്. ഒരു കണ്ണടയുടെ ഗ്ലാസും കൈയിൽ പിടിച്ചുള്ള രത്നകുമാറിൻ്റെ ഫോട്ടോ 'നെവർ സേ ഡൈ' എന്ന ക്യാപ്ഷനോടെയാണ് ട്വിറ്ററിൽ പങ്കുവെച്ചത്. ഇതിനു പിന്നാലെ ഗ്ലാസിൻ്റെ രഹസ്യം തേടിച്ചെന്ന സോഷ്യൽ മീഡിയയാണ് വിക്രത്തിലെ സന്താനത്തിൻ്റെ കണ്ണടയിലെ ഉടഞ്ഞു പോയ ഗ്ലാസാണ് അതെന്നുള്ള അനുമാനത്തിലെത്തിയത്. ഇതോടെയാണ് വിജയ് സേതുപതിയുടെ സന്താനവും ലിയോയിലെത്തുമെന്നുള്ള സൂചനയാണിതെന്ന് വിലയിരുത്തുന്നത്. നേരത്തെ ലോകേഷ് കനകരാജും വിജയും ഒന്നിച്ച മാസ്റ്ററിലും പ്രധാന വില്ലൻ കഥാപാത്രത്തെ വിജയ് സേതുപതിയാണ് അവതരിപ്പിച്ചത്.





ഇതോടെ വീണ്ടും ഇരുവരും ഒന്നിക്കുകകയാണ് ലിയോയിലൂടെ. ലിയോയിൽ വിജയ് നേരിടുന്ന പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്താണ്. തൃഷ നായികയാരുന്ന ചിത്രത്തിൽ ആക്ഷൻ കിംഗ് അർജുൻ, പ്രിയ ആനന്ദ്, മിഷ്‌കിൻ, ഗൗതം മേനോൻ, മൺസൂർ അലി ഖാൻ, മലയാളി താരം മാത്യു തോമസ് എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു.വിക്രം, കൈതി സിനിമകളിലൂടെ സാധ്യമായ എൽസിയുവിലെ സിനിമായാണ് ലിയോയും എന്ന് സംവിധായകനും അണിയറ പ്രവർത്തകരും നേരത്തെ തന്നെ സൂചന നൽകിയിരുന്നു. അതുകൊണ്ടു തന്നെ ഇരു സിനിമകളിലെയും പല കഥാപാത്രങ്ങളും ലിയോയിലും പ്രത്യക്ഷപ്പെടുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകരും. 





വിജയ് സേതുപതിയുടെ കഥാപാത്രത്തിൻ്റെ റഫറൻസ് നൽകുന്നത് അതിനുള്ള തുടക്കം മാത്രമെന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ.45 ദിവസത്തെ ഷെഡ്യൂളാണ് പ്ലാൻ ചെയ്തിരുന്നത്. എന്നാൽ കനത്ത തണുപ്പും മഞ്ഞു വീഴ്ചയായതിനാൽ പ്രതീക്ഷിച്ച പോലെ ഷൂട്ടിംഗ് പൂർത്തായാക്കാൻ ലിയോ ടീമു കഴിഞ്ഞിട്ടില്ല. കാശ്മീരിലെ മഞ്ഞു കാലാവസ്ഥയിൽ വെയിൽ ലഭിക്കുന്നത് രാവിലെ 11 മുതൽ വൈകുന്നേരം നാലുവരെയാണ്. അതും ഔട്ട്ഡോർ ഷൂട്ടിംഗിനു വെല്ലുവിളിയാണ്. ഹെവി ഫൈറ്റ് സീനുകൾ അടക്കമുള്ള രംഗങ്ങളാണ് കാശ്മീരിൽ ചിത്രീകരിക്കാനുള്ളത്. ഷൂട്ടിംഗ് നീണ്ടു പോയാൽ 2023 ഒകടോബർ 19 ന് പ്ലാൻ ചെയ്തതു പോലെ ചിത്രം റിലീസ് ചെയ്യാനാകുമോ എന്ന ആശങ്കയും പ്രേക്ഷകർ പങ്കുവയ്ക്കുന്നുണ്ട്.

Find out more: