പാകിസ്താൻ ഒരിക്കലും ഇന്ത്യയുമായി യുദ്ധത്തിന് തുടക്കമിടില്ലെന്ന് ഇമ്രാൻ ഖാൻ. കശ്മീർ വിഷയത്തിൽ ഇരുരാജ്യങ്ങളുമായി യുദ്ധസമാന സാഹചര്യം നിലനിൽക്കുന്നതിനിടെയാണ് പാക് പ്രധാനമന്ത്രിയുടെ പ്രസ്താവന.

‘‘ഞങ്ങൾ ഒരിക്കലും ഒരുയുദ്ധത്തിന് തുടക്കമിടില്ല. പാകിസ്താനും ഇന്ത്യയും ആണവശക്തികളാണ്. സംഘർഷം മൂർച്ഛിച്ച് യുദ്ധത്തിലേക്കുപോയാൽ ലോകത്തിനാകെ അത് ദോഷംചെയ്യും’’ -ലഹോറിൽ ഗവർണറുടെ വസതിയിൽ സിഖ് വിഭാഗത്തെ അഭിസംബോധന ചെയ്യവേ ഇമ്രാൻ പറഞ്ഞു.

‘‘യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന് ഇന്ത്യയോട് പറയാൻ ആഗ്രഹിക്കുകയാണ്. അതിൽ വിജയിക്കുന്നവർക്കും നഷ്ടപ്പെടാൻ ഒരുപാടുണ്ടാവും. ഒട്ടനവധി പുതിയ പ്രശ്നങ്ങൾ ഉടലെടുക്കാനും അത് കാരണമാവും’’ -ഇമ്രാൻ കൂട്ടിച്ചേർത്തു.

പാകിസ്താൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകരർ 2016 ജനുവരിയിൽ പഠാൻകോട്ട് വ്യോമത്താവളത്തിൽ ഭീകരാക്രമണം നടത്തിയശേഷം ഇന്ത്യ പാകിസ്താനുമായി അകൽച്ചയിലാണ്. ഭീകരപ്രവർത്തനം അവസാനിപ്പിച്ചാൽ മാത്രമേ പാകിസ്താനുമായി ചർച്ചയ്ക്കുപോലും തയ്യാറാവൂ എന്നാണ് ഇന്ത്യ അറിയിച്ചിട്ടുള്ളത്. എന്നാൽ ഏതു തരത്തിലുള്ള യുദ്ധത്തിനും തയ്യാറാണെന്ന് ഒരു പ്രസ്താവനയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായത്. അതിന് പിന്നാലെ അത് തിരുത്തി കൊണ്ടാണ് ഇപ്പോൾ ഇത്തരം ഒരു അഭിപ്രായം ഇമ്രാൻഖാൻ പറഞ്ഞിരിക്കുന്നത്. 

Find out more: