യുഡിഎഫ് എംഎൽഎമാർക്കെതിരെ കേസ്; ഭയപ്പെടുത്താൻ നോക്കേണ്ടെന്ന് വിഡി സതീശൻ! നിയമസഭയിൽ നടന്ന സംഭവത്തിൽ വാദി പ്രതിയായ സ്ഥിതിയാണ്. അക്രമത്തിന് വിധേയരായ യുഡിഎഫ് എം.എൽ.എമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പോലീസ് സിപിഎമ്മിൻറെ പാവയാണെന്നതിൻറെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് എംഎൽഎമാർക്കെതിരെ കേസെടുത്ത സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എംഎൽഎമാർക്ക് പോലും കിട്ടാത്ത നീതി സാധാരണക്കാർക്ക് എങ്ങനെ കിട്ടും? ഇതൊന്നും കൊണ്ട് പ്രതിപക്ഷത്തെ ഭയപ്പെടുത്താൻ വരേണ്ട.
ആക്രമണത്തിൽ കൈയ്യൊടിഞ്ഞ കെ കെ രമ ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് കലാപശ്രമത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുത്തിരിക്കുന്നത്. ഇത് കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. സനീഷ് കുമാർ ജോസഫിനെ നിലത്തിട്ട് ബൂട്ട് കൊണ്ട് ചവിട്ടിക്കൂട്ടിയതിനെതിരെ ജാമ്യമുള്ള വകുപ്പാണ് ചുമത്തിയിരിക്കുന്നത്. നിയമസഭ സമ്മേളനം എങ്ങനെയും അവസാനിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
അടിയന്തര പ്രമേയ ചർച്ചകളെ സർക്കാരിന് ഭയമാണ്. അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള പ്രതിപക്ഷത്തിൻറെ അവകാശം വർഷങ്ങളായുള്ളതാണ്. മാറി മാറി വന്ന പ്രതിപക്ഷങ്ങൾ അത് ഉപയോഗിച്ചിട്ടുമുണ്ട്. മന്ത്രിമാർക്ക് അവരുടെ മികവ് പ്രകടിപ്പിക്കാൻ കൂടി കിട്ടുന്ന അവസരമാണത്. എന്നിട്ടും പേടിക്കുന്നത് എന്തിനാണ്? അടിയന്തിര പ്രമേയം അനുവദിക്കില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രി പറയുന്നതും കേട്ട് വാലും ചുരുട്ടി ഇരുന്നാൽ പ്രതിപക്ഷം ജനങ്ങൾക്ക് മുന്നിൽ വിചാരണ ചെയ്യപ്പെടും. ജനാധിപത്യ അവകാശങ്ങൾ കവർന്നെടുക്കുന്നതിനെയാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നതെന്നും വിഡി സതീശൻ പറഞ്ഞു. അങ്ങനെ ഭയപ്പെടുത്താമെന്ന ചിന്ത മുഖ്യമന്ത്രിക്കുണ്ടെങ്കിൽ അതങ്ങ് മാറ്റിവച്ചേക്ക്. പോലീസിനെയൊക്കെ ഞങ്ങളും ഒരുപാട് കണ്ടതാണ്. അവർ ജയിലിൽ പോകാൻ തയാറാണ്. എം.എൽ.എമാർക്കെതിരെ കള്ളക്കേസെടുക്കാൻ മുഖ്യമന്ത്രിക്ക് നാണമില്ലേ?എംഎൽഎമാരായ അനൂപ് ജേക്കബ്, റോജി എം. ജോൺ, അൻവർ സാദത്ത്, ഐസി ബാലകൃഷ്ണൻ, പികെ. ബഷീർ, കെകെ. രമ, ഉമ തോമസ് എന്നിവരാണ് സംയുക്ത പ്രസ്താവന ഇറക്കിയത്.
അതിനിടെ കേസെടുത്ത് കള്ളക്കേസെടുത്ത് തളർത്താനാകില്ലെന്ന് ജനവിരുദ്ധ സർക്കാരിനെതിരെ രാഷ്ട്രീയ- നിയമ പോരാട്ടങ്ങൾ തുടരുമെന്നും കേസിൽ പ്രതിചേർക്കപ്പെട്ട എംഎൽഎമാർ സംയുക്ത പ്രസ്താവനയിലൂടെ പ്രതികരിച്ചിരുന്നു.സ്പീക്കറെ തടയില്ലെന്നും സ്പീക്കറുടെ ഓഫീസിലേക്ക് തള്ളിക്കയറില്ലെന്നും ഉറപ്പ് നൽകിയിട്ടും യാതൊരു പ്രകോപനവുമില്ലാതെ പ്രതിഷേധിച്ച എം.എൽ.എമാർക്കെതിരെ ബല പ്രയോഗം നടത്താനാണ് വാച്ച് ആൻഡ് വാർഡ് ശ്രമിച്ചത്.സ്പീക്കർ തുടർച്ചയായി അടിയന്തര പ്രമേയ നോട്ടീസ് അവതരണാനുമതി നിഷേധിക്കുന്ന സാഹചര്യത്തിലാണ് നിയമസഭ സമുച്ചയത്തിലെ സ്പീക്കറുടെ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കാൻ പ്രതിപക്ഷ എം.എൽ.എമാർ തീരുമാനിച്ചത്. ബോധരഹിതനായ സനീഷ് കുമാറിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ കെ.കെ രമയുടെ കൈ പിന്നിലേക്ക് പിടിച്ച് വച്ച് വാച്ച് ആൻഡ് വാർഡ് ഉദ്യോഗസ്ഥർ വലിച്ചിഴയ്ക്കുകയും ആക്രമിക്കുകയും ചെയ്തു.
സിപിഎമ്മിനൊപ്പം ചേർന്ന് ഗൂഡാലോചന നടത്തി പാർട്ടി ഗുണ്ടകളെ പോലെയാണ് ഡെപ്യൂട്ടി ചീഫ് മാർഷലും വാച്ച് ആൻഡ് വാർഡും ഞങ്ങളോട് പെരുമാറിയത്. സിപിഎം എംഎൽഎമാരും ഇവർക്കൊപ്പം ചേർന്നു.നിയമസഭയിലെ തന്നെ ഏറ്റവും മുതിർന്ന അംഗമായ തിരുവഞ്ചൂർ രാധാകൃഷ്ണനോട് ഡെപ്യൂട്ടി ചീഫ് മാർഷൽ അപമര്യാദയായി പെരുമാറുകയും തള്ളിമാറ്റുകയും ചെയ്തു. ഇതിനെ മറ്റ് എംഎൽഎമാർ ചോദ്യം ചെയ്തു. ഇതിനിടെ സിപിഎം എംഎൽഎമാരായ എച്ച് സലാം, സച്ചിൻ ദേവ്, ഐ.ബി സതീഷ്, ആൻസലൻ എന്നിവർ ഞങ്ങൾക്കു നേരെ പാഞ്ഞടുത്തു. സലാം, സച്ചിൻ ദേവ് എന്നിവരുടെ ആക്രമണത്തിൽ താഴെ വീണ സനീഷ് കുമാർ ജോസഫിനെ ഡെപ്യൂട്ടി ചീഫ് മാർഷൽ ബൂട്ടിട്ട കാല് കൊണ്ട് ചവിട്ടുകയും മറ്റ് വാച്ച് ആൻഡ് വാർഡുകൾ അദ്ദേഹത്തെ ആക്രമിക്കുകയും ചെയ്തു.
Find out more: