സിപിഎം-ബിജെപി വോട്ട് കച്ചവടത്തിന് തൃക്കാക്കരയിൽ ധാരണ; സുധാകരൻ! കാലങ്ങളായി നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ തുടരുന്ന ധാരണ തൃക്കാക്കരയിലും തുടരാൻ നേതൃത്വം നിർദ്ദേശം നൽകിയെന്നാണ് അറിയാൻ കഴിയുന്നതെന്നും സുധാകരൻ ആരോപിച്ചു. പരാജയ ഭീതിയെത്തുടർന്ന് തൃക്കാക്കരയിൽ ബിജെപിയുമായി സിപിഎം രഹസ്യ ധാരണ ഉണ്ടാക്കിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഗുജറാത്തിൽ നരേന്ദ്ര മോദി ജനങ്ങളെ ജാതീയമായും വർഗീയമായും ഭിന്നിപ്പിച്ച് ഫലപ്രദമായി നടപ്പാക്കിയ സോഷ്യൽ എഞ്ചിനീയറിങ് കേരളത്തിൽ മുഖ്യമന്ത്രി പരീക്ഷിക്കുന്നതിന്റെ ഭാഗമാണ് പാക്കേജ്.
അതിനാലാണ് തൃക്കാക്കരയിൽ മന്ത്രിമാർ ജാതി തിരിച്ച് വോട്ടർമാരെ കണ്ടത്. സിപിഎം കേരളത്തിൽ വർഗീയത ആളി കത്തിച്ച് ബിജെപിക്ക് വളരാൻ സാഹചര്യം ഒരുക്കി നൽകുകയാണെന്നും കെപിസിസി പ്രസിഡന്റ് ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നുണ്ടാക്കിയ പാക്കിജേന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു രഹസ്യ സഖ്യം കേരളത്തിൽ പ്രവർത്തിക്കുന്നത്. അവരുടെ പാക്കേജ് എന്തെന്ന് അറിയാൻ കേരളത്തിന് താൽപര്യം ഉണ്ടെന്നും സുധാകരൻ പറഞ്ഞു. ഒരേ സമയം മതേതരത്വം പ്രസംഗിക്കുകയും വർഗീയ ശക്തികളോട് കൂട്ടു ചേരുകയുമാണ് മുഖ്യമന്ത്രി.
കേന്ദ്ര ഏജൻസികളുടെ കേസ് അട്ടിമറിച്ചതിൽ ഒരു കോർപ്പറേറ്റ് ഭീമൻ ബിജെപിക്കും സിപിഎമ്മിനും ഇടയിൽ പാലമായി പ്രവർത്തിച്ചിട്ടുണ്ടെന്നും സുധാകരൻ ആരോപിച്ചു. സിപിഎമ്മിനെ തുറന്നുകാട്ടുന്ന കോൺഗ്രസിനെ രാഷ്ട്രീയമായി നേരിടാനുള്ള ചങ്കൂറ്റം ഇല്ലാത്തതിനാലാണ് വർഗീയ ശക്തികളുമായി കൂട്ടുചേരുന്നത്.
കേരളം സിപിഎമ്മിന്റെ ഏക പച്ചത്തുരുത്താണെന്നും സുധാകരൻ പറഞ്ഞു. അതേസമയം കെപിസിസി പ്രസിഡന്റ് കെ സുധാകരനെ തൃക്കാക്കരയിൽ പ്രചാരണത്തിനു കാണാത്തത് എന്തുകൊണ്ടെന്ന് വിശദീകരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്.
മുഖ്യമന്ത്രിക്കെതിരെയുള്ള പ്രചാരണം തിരിച്ചടിയാകുമെന്ന് മനസിലാക്കിയാണ് സുധാകരനെ തൃക്കാക്കരയിൽ നിന്നും മാറ്റി നിർത്തിയതെന്ന് സ്വരാജ് ആരോപിച്ചു. യുഡിഎഫ് എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ നടത്തുന്നത് അധാർമിക പ്രചാരണമാണ്. തൃക്കാക്കരയിൽ എൽഡിഎഫ് ചരിത്രം തിരുത്തും. നാടിന്റെ വികസനം ചർച്ച ചെയ്യുന്ന, ജനങ്ങളുടെ പ്രശ്നം പരിഹരിക്കുന്ന ഒരു എംഎൽഎയെ ലഭിക്കണമെന്ന് തൃക്കാക്കരക്കാർ ആഗ്രഹിക്കുന്നുണ്ട്. രാഷ്ട്രീയമെന്നു പറയുന്നത് നിലപാടുകളുടെ ഏറ്റുമുട്ടലാണ്. തുടക്കം മുതൽ ഒരു തരത്തിലുമുള്ള രാഷ്ട്രീയ സംവാദത്തിന് കോൺഗ്രസ് തയ്യാറായിട്ടില്ലെന്നും സ്വരാജ് പറഞ്ഞു.
Find out more: